ഒളിംപിക്‌സിനായി രണ്ട് താരങ്ങളെ പ്രധാനമന്ത്രി സഹായിച്ചു, ഒരാള്‍ ചനു; വെളിപ്പെടുത്തി മണിപ്പൂര്‍ മുഖ്യമന്ത്രി
പ്രധാനമന്ത്രിയുടെ സഹായം ലഭിച്ച താരങ്ങളിലൊരാള്‍ ഭാരോദ്വഹനത്തില്‍ വെള്ളിത്തിളക്കം നേടിയ മീരാബായി ചനുവാണ്
ദില്ലി: ടോക്കിയോ ഒളിംപിക്‌സിന് മുമ്പ് രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് അമേരിക്കയില്‍ വിദഗ്ധ ചികില്‍സയും പരിശീലനവും ഒരുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്‍കൈ എടുത്തെന്ന് വെളിപ്പെടുത്തി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബീരേന്‍ സിംഗ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് മണിപ്പൂര്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍. പ്രധാനമന്ത്രിയുടെ സഹായം ലഭിച്ച താരങ്ങളിലൊരാള്‍ ഭാരോദ്വഹനത്തില്‍ വെള്ളിത്തിളക്കം നേടിയ മീരാബായി ചനുവാണ്. മണിപ്പൂരിലൊരുക്കിയ ആദര ചടങ്ങില്‍ ചനു തന്നെയാണ് ഇക്കാര്യങ്ങള്‍ അറിയിച്ചതെന്ന് ബീരേന്‍ സിംഗ് പറഞ്ഞു.
'പ്രധാനമന്ത്രിയില്‍ നിന്ന് ലഭിച്ച സഹായത്തെ കുറിച്ച് ചനുവിന്‍റെ വെളിപ്പെടുത്തല്‍ കേട്ട് ഞാന്‍ അത്ഭുതപ്പെട്ടു. മസിലിലെ ശസ്‌ത്രക്രിയക്കും പരിശീലനത്തിനുമായി യുഎസിലേക്ക് പോകാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ ചനുവിന്‍റെ ഒളിംപിക്‌സ് മെഡല്‍ സ്വപ്‌നം സാധ്യമാകുമായിരുന്നില്ല. പ്രധാനമന്ത്രി എങ്ങനെയാണ് നേരിട്ട് സഹായമൊരുക്കിയത് എന്നാണ് ചനു വിവരിച്ചത്. അത്‌ലറ്റിനെ സഹായിച്ച മോദി പ്രശ്‌നങ്ങള്‍ പരിഹരിച്ചു. മോദി എങ്ങനെയാണ് ചനുവിനെ സഹായിച്ചത് എന്ന് മണിപ്പൂര്‍ ജനതയ്‌ക്ക് അറിയാം' എന്നും ബീരേന്‍ സിംഗ് വ്യക്തമാക്കി.
അടുത്തിടെ നേരില്‍ കണ്ടപ്പോള്‍ പ്രധാനമന്ത്രിക്ക് മണിപ്പൂര്‍ മുഖ്യമന്ത്രി നന്ദി അറിയിച്ചിരുന്നു. 'ചനുവിനെ സഹായിച്ചതിന് നന്ദി പറഞ്ഞപ്പോള്‍ നരേന്ദ്ര മോദി പുഞ്ചിരിക്കുകയാണുണ്ടായത്. ഒരു അത്‌ലറ്റിനെ കൂടി അദേഹം സഹായിച്ചു. ഒരു നേതാവിന്‍റെ മഹത്തരമാണ് ഇത് കാണിക്കുന്നത്. ചനുവിന് നടുവേദനയുണ്ടായിരുന്നു. ഇതറിഞ്ഞ പ്രധാനമന്ത്രിയും അദേഹത്തിന്‍റെ ഓഫീസും വിദേശത്ത് ചികില്‍സയ്‌ക്കും പരിശീലനത്തിനുമുള്ള സൗകര്യങ്ങള്‍ നേരിട്ട് ഒരുക്കുകയായിരുന്നു'- മണിപ്പൂര്‍ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ടോക്കിയോയില്‍ വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലാണ് മീരാബായി ചനു വെള്ളിത്തിളക്കം സ്വന്തമാക്കിയത്. സ്‌നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും മികച്ച പ്രകടനം പുറത്തെടുത്ത് 202 കിലോ ഉയര്‍ത്തിയാണ് ചരിത്രനേട്ടം. ഒളിംപിക് ചരിത്രത്തില്‍ ഭാരോദ്വഹനത്തിൽ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചനു. സിഡ്‌നിയില്‍ 2000ല്‍ കര്‍ണം മല്ലേശ്വരി വെങ്കലം നേടിയതാണ് ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് ലഭിച്ച ആദ്യ മെഡല്‍.
ഒളിംപിക് മെഡലോടെ മണിപ്പൂരില്‍ തിരിച്ചെത്തിയ മീരാബായി ചനുവിന് ഉജ്വല സ്വീകരണമാണ് ജന്‍മനാട്ടില്‍ ലഭിച്ചത്. ഒപ്പം ഒരു കോടി രൂപ പാരിതോഷികവും മണിപ്പൂര്‍ പൊലീസില്‍ എഎസ്‌പി(സ്‌പോര്‍ട്‌സ്) ആയി നിയമനവും നല്‍കി. അഞ്ച് താരങ്ങളാണ് മണിപ്പൂരില്‍ നിന്ന് ടോക്കിയോ ഒളിംപിക്‌സില്‍ പങ്കെടുത്തത്. മീരാബായ് ചനുവിന് പുറമെ ബോക്‌സിംഗ് ഇതിഹാസം മേരി കോം, ഹോക്കി താരങ്ങളായ നിലകാന്ത് ശര്‍മ്മ, സുശീല ദേവി, ജൂഡോ അത്‌ലറ്റ് സുശീല ദേവി എന്നിവരാണത്.
ടോക്കിയോ ഒളിംപിക്‌സ്: ഗുസ്‌തിയില്‍ ബജ്‌റംഗ് പൂനിയ സെമിയില്‍
ഒളിംപിക്‌സ് വനിതാ ഹോക്കി: ഇന്ത്യ പോരാടി കീഴടങ്ങി; വെങ്കലശോഭ കൈയ്യകലെ നഷ്‌ടം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona