എതിരാളി കടിച്ചിട്ടും പിടിവിടാതിരുന്നത് എന്തുകൊണ്ടെന്ന് രവികുമാര്‍ ദഹിയയോട് പ്രധാനമന്ത്രി
സെമിയില്‍ 5-9ന് പിന്നില്‍ നില്‍ക്കുമ്പോഴാണ് സനയേവ് കടിച്ചതെന്നും ആ സമയത്ത് പിടിവിട്ടിരുന്നെങ്കില്‍ സനയേവിനെ വിജയിയായി പ്രഖ്യാപിക്കുമായിരുന്നുവെന്നും രവികുമാര്‍ പ്രധാനമന്ത്രിയോട് പറഞ്ഞു.
ദില്ലി: ടോക്യോ ഒളിംപിക്‌സില്‍ 57 കിലോഗ്രാം ഗുസ്തിയില്‍ വെള്ളി മെഡല്‍ നേടി ഇന്ത്യയുടെ അഭിമാനമായ രവികുമാര്‍ ദഹിയയേ നേരില്‍ക്കണ്ടപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം ചോദിച്ച ചോദ്യം സെമിയില്‍ കസാഖിസ്ഥാന്റെ നൂറിസ്ലാം സനയേവ് കടിച്ചിട്ടും താങ്കള്‍ പിടിവിടാതിരുന്നത് എന്തുകൊണ്ടാണെന്നായിരുന്നു. ഇന്നലെ ടോക്യോ ഒളിംപിക്‌സിലെ മെഡല്‍ ജേതാക്കള്‍ക്ക് ഇന്ത്യന്‍ സംഘത്തിന് പ്രധാനമന്ത്രിയുടെ വസതിയില്‍ ഒരുക്കിയ പ്രഭാത വിരുന്നില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു രവികുമാറിനോട് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ചോദ്യം.
സെമിയില്‍ 5-9ന് പിന്നില്‍ നില്‍ക്കുമ്പോഴാണ് സനയേവ് കടിച്ചതെന്നും ആ സമയത്ത് പിടിവിട്ടിരുന്നെങ്കില്‍ സനയേവിനെ വിജയിയായി പ്രഖ്യാപിക്കുമായിരുന്നുവെന്നും രവികുമാര്‍ പ്രധാനമന്ത്രിയോട് പറഞ്ഞു. കടിച്ചതിന് സയനേവിനെതിരെ എന്തെങ്കിലും നടപടിയെടുത്തോ എന്ന് പ്രധാനമന്ത്രി ചോദിച്ചു.എന്നാല്‍ രക്തം വന്നാല്‍ മാത്രമെ നടപടിക്കായി പരാതിപ്പെടാനാവു എന്നായിരുന്നു രവികുമാറിന്റെ മറുപടി.മെഡല്‍ സ്വീകരിക്കാനായി പോഡിയത്തില്‍ കയറിനിന്നപ്പോഴും എന്താണ് ചിരിക്കാതിരുന്നത് എന്നും പ്രധാനമന്ത്രി ചോദിച്ചു.
എന്നാല്‍ സമ്മര്‍ദ്ദമൊന്നുമില്ലായിരുന്നുവെന്നും ടോക്യോയില്‍ സ്വര്‍ണം ലക്ഷ്യമിട്ടാണ് ഇറങ്ങിയതെന്നുമായിരുന്നു രവികുമാറിന്റെ മറുപടി. പരിക്കും വകവെക്കാതെ മെഡല്‍ പോരാട്ടത്തിനിറങ്ങിയ ഗുസ്തിതാരം ബജ്‌റംഗ് പൂനിയയെയും പ്രധാനമന്ത്രി പുറത്തുതട്ടി അഭിനന്ദിച്ചു. ടോക്യോയില്‍ സ്വര്‍ണം നേടാനുറച്ചാണ് വന്നതെങ്കിലും അതിന് കഴിഞ്ഞില്ല. പക്ഷെ പാരീസ് ഒളിംപിക്‌സില്‍ അത് നേടുമെന്ന് ബജ്‌റംഗ് പൂനിയ പ്രധാനമന്ത്രിയോട് പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്‍തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.