പാരീസിൽ ഇന്ത്യയുടെ സ്വർണവേട്ട, പാരാലിംപിക്സ് ജാവലിൻ ത്രോയിൽ റെക്കോർഡോടെ സ്വര്‍ണംനേടി സുമിത് അന്‍റിൽ
ടോക്കിയോ പാരാലിംപിക്സിലും സുമിത് അന്‍റിൽ സ്വർണ മെഡൽ സ്വന്തമാക്കിയിരുന്നു.
പാരീസ്: പാരിസ് പാരാലിംപിക്സിൽ ഇന്ത്യക്ക് വീണ്ടും സ്വർണം. ജാവലിൻ ത്രോയിൽ സുമിത് അന്‍റിൽ ഇന്ത്യയുടെ മൂന്നാം സ്വർണ മെഡൽ സ്വന്തമാക്കി. 70.59 മീറ്റർ ദൂരം ജാവലിൻ പായിച്ചാണ് ഹരിയാന സ്വദേശിയായ 26ക്കാരൻ സ്വർണം എറിഞ്ഞിട്ടിത്. പാരാലിംപിക്സ് ലോക റെക്കോർഡ് കുറിച്ചാണ് സുമിതിന്‍റെ നേട്ടം.
ഈ ഇനത്തിൽ ശ്രീലങ്കയുടെയും ഓസ്ട്രേലിയയുടെയും താരങ്ങൾക്കാണ് വെള്ളിയും വെങ്കലവും. ടോക്കിയോ പാരാലിംപിക്സിലും സുമിത് അന്‍റിൽ സ്വർണ മെഡൽ സ്വന്തമാക്കിയിരുന്നു. ഇതോടെ രണ്ട് പാരാലിംപിക്സുകളിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ അത്‍ലറ്റെന്ന നേട്ടവും സുമിതിനെ തേടിയെത്തി. ഇന്ത്യക്കായി ഷൂട്ടിംഗിൽ അവനിയും ബാഡ്മിന്‍റിണിൽ നിതേഷ് കുമാറുമാണ് പാരിസിൽ സ്വർണം നേടിയ മറ്റ് താരങ്ങൾ.
മിക്സഡ് അമ്പെയ്ത്തിൽ ഇന്ത്യയുടെ ശീതൾ ദേവി-രാകേഷ് കുമാർ സഖ്യം വെങ്കല മെഡൽ സ്വന്തമാക്കി. ഇറ്റാലിയൻ സഖ്യത്തെ ഒരു പോയന്‍റിന് തോൽപ്പിച്ചാണ് ഇരുവരുടെയും നേട്ടം. വ്യക്തിഗത ഇനത്തിൽ ശീതൾ ദേവി ലോക റെക്കോർഡ് മറികടന്നെങ്കിലും മെഡൽ നേടാനായിരുന്നില്ല. പുരുഷ സിംഗിൾസ് ബാഡ്മിന്‍റണിൽ ഇന്ത്യയുടെ സ്വർണ പ്രതീക്ഷയായിരുന്ന സുഹാസ് യതിരാജ് ഫൈനലിൽ പരാജയപ്പെട്ടു.
ഫൈനലിൽ ഫ്രാൻസ് താരത്തോട് നേരിട്ടുള്ള സെറ്റുകൾക്ക് തോൽവി നേരിട്ട സുഹാസ് വെള്ളിമെഡൽ കരസ്ഥമാക്കി. ഇതോടെ ഇന്ത്യയുടെ മെഡലുകളുടെ എണ്ണം 14 ആയി. മെഡൽ പട്ടികയിൽ ഇന്ത്യ 14-ാം സ്ഥാനത്തേക്ക് ഉയർന്നു. ചൈന, ബ്രിട്ടൺ, അമേരിക്ക രാജ്യങ്ങളാണ് ആദ്യ മൂന്ന് സ്ഥാനങ്ങളിൽ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക