ഇന്ത്യക്ക് അഭിമാനത്തിന്റെ ഏഴാം ദിനം! മെഡലുറപ്പിക്കാന്‍ ലക്ഷ്യയും മനുവും പിന്നെ ഹോക്കി ടീമും
ക്വാര്‍ട്ടര്‍ ഫൈനലില്‍ ലക്ഷ്യ സെന്‍ വിജയിച്ചതോടെ ഒളിംപിക്‌സ് ബാഡ്മിന്റണ്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി സെന്‍.
പാരീസ്: പ്രതീക്ഷയുടെ ദിവസമായിരുന്നു ഇന്ത്യക്ക് ഇന്ന് ഒളിംപിക്‌സില്‍. വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ മനു ഭാകറിലൂടെ തുടങ്ങിയ ഇന്ത്യ പുരുഷ ബാഡ്മിന്റണില്‍ ലക്ഷ്യ സെന്നിലൂടെയാണ് ഇന്ത്യ അവസാനിപ്പിച്ചത്. ഇരുവരും ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍. ഇതിനിടെ ഒളിംപിക്‌സില്‍ 52 വര്‍ഷത്തിനിടെ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാനും ഇന്ത്യക്കായി. പാരീസില്‍ ഇന്ത്യയുടെ ഏഴാം ദിനം എങ്ങനെയെന്ന് നോക്കാം...
മനു മൂന്നാം മെഡലിനരികെ
ഷൂട്ടിംഗില്‍ ഇന്ത്യന്‍ താരം മനു ഭാകര്‍ മൂന്നാം മെഡലിനരികിലാണ്. വനിതകളുടെ 25 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ താരം ഫൈനലില്‍ കടന്നു. രണ്ടാം സ്ഥാനത്താണ് താരം യോഗ്യതാ റൗണ്ട് അവസാനിപ്പിച്ചത്. 590 പോയിന്റ് താരം സ്വന്തമാക്കി. നേരത്തെ രണ്ട് വെങ്കലങ്ങള്‍ താരം സ്വന്തമാക്കിയിരുന്നു. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വ്യക്തിഗത ഇനത്തിലും മിക്സ്ഡ് ടീം ഇനത്തിലുമാണ് ഭാകര്‍ വെങ്കലം നേടിയത്.
അമ്പെയ്ത്തില്‍ നിരാശ
മിക്സ്ഡ് ഇനത്തില്‍ ഇന്ത്യക്ക് നിരാശ. വെങ്കല മെഡലിന് വേണ്ടിയുള്ള മത്സരത്തില്‍ ഇന്ത്യന്‍ സഖ്യം അമേരിക്കയോട് പരാജയപ്പെടുകയായിരുന്നു. ഇഞ്ചോടിഞ്ചുള്ള പോരില്‍ ടൈ ബ്രേക്കിലായിരുന്നു ഇന്ത്യയുടെ തോല്‍വി. സ്‌കോര്‍ 38-37, 37-35, 34-38, 37-35 6-2. അങ്കിട് ഭകട് - ധിരാജ് ബൊമ്മദേവ്ര സഖ്യമാണ് ഇന്ത്യക്ക് വേണ്ടി മത്സരിച്ചത്. നേരത്തെ, സെമിയില്‍ ദക്ഷിണ കൊറിയയോട് തോറ്റതോടെയാണ് ഇന്ത്യക്ക് വെങ്കലത്തിനുള്ള മത്സരം കളിക്കേണ്ടി വന്നത്.
ഹോക്കിയില്‍ ചരിത്രനേട്ടം
ഒളിംപിക്സ് ഹോക്കിയില്‍ ഇന്ത്യക്ക് ചരിത്ര വിജയം. 52 വര്‍ഷങ്ങള്‍ക്ക് ശേഷം ഇന്ത്യ ഓസ്ട്രേലിയയെ തോല്‍പ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഹര്‍മന്‍പ്രീത് സിംഗിന്റെ ഇരട്ട ഗോളുകളാണ് ഇന്ത്യയെ സഹായിച്ചത്. ഒരെണ്ണം അഭിഷേകിന്റെ വകയായിരുന്നു. തോമസ് ക്രെയ്ഗ്, ബ്ലേക്ക് ഗോവേഴ്സ് എന്നിവരാണ് ഓസ്ട്രേലിയയുടെ ഗോളുകള്‍ നേടിയത്. ഗ്രൂപ്പിലെ അഞ്ച് മത്സരങ്ങളും പൂര്‍ത്തിയാക്കിയ ഇന്ത്യ 10 പോയിന്റുമായി രണ്ടാം സ്ഥാനത്താണ്.
മെഡലിനരികെ ലക്ഷ്യ
ഒളിംപിക്സ് ബാഡ്മിന്റണില്‍ മെഡലിനടുത്ത് ഇന്ത്യന്‍ താരം ലക്ഷ്യ സെന്‍. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലക്ഷ്യ സെന്‍ വിജയിച്ചതോടെ ഒളിംപിക്‌സ് ബാഡ്മിന്റണ്‍ സെമിയിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ താരമായി സെന്‍. ചൈനീസ് തായ്‌പേയുടെ ചൗ ടീന്‍ ചെന്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് ലക്ഷ്യയുടെ മുന്നില്‍ വീഴുകയായിരുന്നു. സ്‌കോര്‍ 21-19, 15-21, 12-21.