കാവലാളായി ഇനി വൻമതിലില്ല, ഇന്ത്യൻ കുപ്പായത്തില്‍ ശ്രീജേഷിനെ അവസാനമായി കാണാം; ഹോക്കിയിൽ ഇന്ന് വെങ്കല പോരാട്ടം
വെളിച്ചത്തിന്‍റെയും കലയുടെയും പ്രണയത്തിന്‍റെയും നഗരമായ,എല്ലാത്തിനേയും ചേർത്തുപിടിക്കുന്ന പാരിസിലാണ് ഇന്ത്യൻ ഹോക്കി ചരിത്രത്തിലെ എക്കാലത്തേയും മികച്ചൊരുതാരം പടിയിറങ്ങുന്നത് എന്നത് കാലം ശ്രീജേഷിനായി കാത്തുവെച്ച കാവ്യനീതിയാകാം
പാരീസ്: ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യക്ക് ഇന്ന് വെങ്കല മെഡൽ പോരാട്ടം.സ്പെയ്നാണ് ഇന്ത്യയുടെ എതിരാളികൾ.ഇന്ത്യൻ സമയം വൈകിട്ട് 5.30നാണ് മത്സരം തുടങ്ങുക.സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും മത്സരം തത്സമയം കാണാം. ഇന്ത്യൻ ഹോക്കിയിലെ വന്‍മതിലായ മലയാളി ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന്‍റെ അവസാന മത്സരം കൂടിയാണിത്. വെങ്കല പോരാട്ടത്തിനൊടുവില്‍ ശ്രീജേഷ് ഇന്ത്യയുടെ നീലക്കുപ്പായം അഴിച്ചുവെക്കുന്നതോടെ ഇന്ത്യൻ ഹോക്കിയിൽ സമാനതകൾ ഇല്ലാത്തൊരു അധ്യായം കൂടിയാകും ഇന്ന് പൂർണമാവുക.
വെളിച്ചത്തിന്‍റെയും കലയുടെയും പ്രണയത്തിന്‍റെയും നഗരമായ, എല്ലാത്തിനേയും ചേർത്തുപിടിക്കുന്ന പാരിസിലാണ് ഇന്ത്യൻ ഹോക്കി ചരിത്രത്തിലെ എക്കാലത്തേയും മികച്ചൊരുതാരം പടിയിറങ്ങുന്നത് എന്നത് കാലം ശ്രീജേഷിനായി കാത്തുവെച്ച കാവ്യനീതിയാകാം. മലയാളത്തിന്‍റെ അഭിമാനവും ഇന്ത്യയുടെ കാവലാളുമായി ഒന്നര ദശാബ്ദത്തോളം ഇന്ത്യൻ ഹോക്കിയില്‍ നിറസാന്നിധ്യമായിരുന്നു ശ്രീജേഷ്.
ഹോക്കിക്ക് വേരോട്ടമില്ലാത്ത കേരളത്തിൽ നിന്നാണ് ശ്രീജേഷ് ലോകത്തോളം വളർന്ന് പന്തലിച്ചത്.തുടക്കം തിരുവനന്തപുരം ജിവി രാജ സ്പോർട്സ് സ്കൂളിൽ. 2004ൽ ഇന്ത്യൻ ജൂനിയർ ടീമിൽ.രണ്ടുവർഷത്തിനകം ഇന്ത്യൻ സീനിയർ ടീമിലും.ഒരായിരം കൈകളുമായി ഗോൾമുഖത്ത് ശ്രീജേഷ് വൻമതിൽ തീർത്തപ്പോൾ ഇന്ത്യൻ ഹോക്കിയുടെ പുനർജനിക്കും അത് കാരണമായി. ഹോക്കിയിൽ പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ശേഷമുള്ള ഒളിംപിക്സ് വെങ്കലവും ഏഷ്യൻ ഗെയിംസ് സ്വർണവും ഉൾപ്പടെയുള്ള തിളക്കങ്ങൾക്കും, ഇടനെഞ്ചിൽ കുടിയിരുത്തിയ എണ്ണമറ്റ ത്രസിപ്പിക്കുന്ന വിജയങ്ങൾക്കും ഇന്ത്യ കടപ്പെട്ടിരിക്കുന്നത് മലയാളി ഗോൾകീപ്പറോടാണ്.
വിനേഷ് ഫോഗട്ട് സെമിയില്‍ മലര്‍ത്തിയടിച്ച താരത്തെ വീഴ്ത്തി അമേരിക്കൻ താരത്തിന് ഗുസ്തി സ്വര്‍ണം
നാല് ഒളിംപിക്സിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ ഗോൾകീപ്പറായ ശ്രീജേഷ് ലോകത്തിലെ ഏറ്റവും മികച്ച കാവൽക്കാരനായി രണ്ടുതവണ തെരഞ്ഞടുക്കപ്പെട്ടു. ആ മിവിന് രാജ്യം അർജുനയും പത്മശ്രീയും ഖേൽരത്നയും നല്‍കി ആദരിച്ചു.20 വർഷത്തിനിപ്പുറം ഗോൾകീപ്പറുടെ പടച്ചട്ട അഴിക്കുമ്പോൾ ഒരുമലയാളിക്ക് എത്തിപ്പിടിക്കാവുന്നതിനും സ്വപ്നം കണാവുന്നതിനും അപ്പുറമുണ്ട് നേട്ടങ്ങള്‍ ശ്രീജേഷിന്‍റെ ശേഖരത്തിൽ.ഇതിഹാസതാരങ്ങൾ ഏറെയുണ്ട് കായിക കേരളത്തിന് അവരിൽ ഒന്നാമന്‍റെ പേര് ഇനി പി ആര്‍ ശ്രീജേഷ് എന്നായിരിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക