സീസണിലെ ഏറ്റവും മികച്ച സമയവുമായി 'മലയാളിപ്പട'; 4x400 മീറ്റര്‍ പുരുഷ റിലേയില്‍ എന്നിട്ടും ഫൈനലിലെത്തിയില്ല
രണ്ടാം ഹിറ്റ്‌സില്‍ നിന്ന് ഫ്രാന്‍സ്, നൈജീരിയ, ബെല്‍ജിയം ടീമുകളാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്
പാരിസ്: പാരിസ് ഒളിംപിക്‌സില്‍ പുരുഷന്‍മാരുടെ 4x400 മീറ്റര്‍ റിലേയില്‍ മലയാളികള്‍ അടങ്ങിയ ഇന്ത്യന്‍ ടീം ഫൈനലിലെത്താതെ പുറത്ത്. ഹീറ്റ്‌സില്‍ 3:00.58 സമയത്ത് ഓട്ടം പൂര്‍ത്തിയാക്കിയ ഇന്ത്യ അഞ്ചാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്‌തത്. അമോജ് ജേക്കബ്, രാജേഷ് രമേശ്, മുഹമ്മദ് അനസ് യഹിയ, മുഹമ്മദ് അജ്‌മല്‍ വാരിയത്തൊടി എന്നിവരാണ് മത്സരിച്ചത്. സീസണില്‍ തങ്ങളുടെ ഏറ്റവും മികച്ച സമയമാണ് ഇന്ത്യയുടെ നാല്‍വര്‍ സംഘം കുറിച്ചതെങ്കിലും ഇത് ഫൈനല്‍ യോഗ്യതയ്ക്ക് തികയാതെ വന്നു.
രണ്ടാം ഹിറ്റ്‌സില്‍ നിന്ന് ഫ്രാന്‍സ്, നൈജീരിയ, ബെല്‍ജിയം ടീമുകളാണ് ഫൈനലിലേക്ക് യോഗ്യത നേടിയത്. ഫ്രാന്‍സ് (2:59.53), നൈജീരിയ (2:59.81), ബെല്‍ജിയം (2:59.84) എന്നിങ്ങനെ സമയത്തിലാണ് ഫൈനലിലേക്ക് മാര്‍ച്ച് ചെയ്‌തത്. 3:00.26 മിനുറ്റില്‍ ഓടിയെത്തിയ ഇറ്റലിയായിരുന്നു നാലാമത്.
അതേസമയം വനിതകളുടെ 4x400 മീറ്റര്‍ റിലേയില്‍ ഹീറ്റ്‌സ് രണ്ടില്‍ ഇന്ത്യ എട്ടാം സ്ഥാനക്കാരായാണ് ഫിനിഷ് ചെയ്‌തത്. 3:32.51 സമയത്തിലാണ് ജ്യോതിക ശ്രീ ഡാണ്ടി, പൂവമ്മ രാജു, വിത്യ രാംരാജ്, ശുഭ വെങ്കടേശന്‍ എന്നിവരുള്‍പ്പെട്ട സംഘം ഓട്ടം പൂര്‍ത്തിയാക്കിയത്. ജമൈക്ക (3:24.92), നെതര്‍ലന്‍ഡ്‌സ് (3:25.03), അയര്‍ലന്‍ഡ് (3:25.05), കാനഡ (3:25.77) എന്നീ ടീമുകള്‍ ഫൈനലിലേക്ക് യോഗ്യരായി.
Read more: ശ്രീജേഷ് പരിശീലകനായേക്കും; ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ആവശ്യപ്പെട്ട് ഹോക്കി ഇന്ത്യ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം