ഒളിംപിക്സിലെ വേഗറാണിയായി ജൂലിയൻ ആൽഫ്രഡ്, ബോള്‍ട്ടിന്‍റെ പിന്‍ഗാമിയെ ഇന്നറിയാം
അമേരിക്കയുടെ ഷകാരി റിച്ചാഡ്സൻ വെള്ളിയും മെലിസ ജാക്സൺ വെങ്കലവും നേടി. രണ്ടുതവണ ചാമ്പ്യനായ ജമൈക്കൻ താരം ഷെല്ലി ആൻ ഫ്രേസർ സെമി ഫൈനലിൽ മത്സരിക്കാതെ പിൻമാറി.
പാരീസ്: സെന്‍റ് ലൂസിയ താരമായ ജൂലിയൻ ആൽഫ്രഡ് പാരിസ് ഒളിംപിക്സിലെ അതിവേഗ വനിത. വനിതകളുടെ 100 മീറ്ററിൽ ജൂലിയൻ ആൽഫ്രഡ് 10.72 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വേഗറാണിയായത്. അമേരിക്കയുടെ ഷകാരി റിച്ചാഡ്സൻ വെള്ളിയും മെലിസ ജാക്സൺ വെങ്കലവും നേടി. രണ്ടുതവണ ചാമ്പ്യനായ ജമൈക്കൻ താരം ഷെല്ലി ആൻ ഫ്രേസർ സെമി ഫൈനലിൽ മത്സരിക്കാതെ പിൻമാറി.
സെന്‍റ് ലൂസിയയുടെ ചരിത്രത്തിലെ ആദ്യ ഒളിംപിക് മെഡലാണിത്. കനത്ത മഴയില്‍ കുതിര്‍ന്ന ട്രാക്കില്‍ തുടക്കം മുതല്‍ ലോക ചാമ്പ്യനായ അമേരിക്കയുടെ ഷകാരി റിച്ചാര്‍ഡ്സണ്(10.87 സെക്കന്‍ഡ്) മേല്‍ ആധിപത്യം പുലര്‍ത്തിയാണ് ജൂലിയന്‍ സ്വര്‍ണം നേടിയത്. അമേരിക്കയുടെ തന്നെ മെലിസ ജാക്സൺ(10.92) ആണ് വെങ്കലം നേടിയത്. ഒളിംപിക്സിലെ വനിതാ 100 മീറ്റര്‍ സ്വര്‍ണത്തിനായുള്ള അമേരിക്കയുടെ 28 വര്‍ഷമായുള്ള കാത്തിരിപ്പ് പാരീസിലും നീണ്ടുപോയി. 1996ല്‍ സ്വര്‍ണം നേടിയ ഗെയ്ല്‍ ഡെവേഴ്സാണ് അവസാനമായി വനിതാ 100 മീറ്ററില്‍ അമേരിക്കക്ക് വേണ്ടി സ്വര്‍ണം നേടിയ താരം.2000ല്‍ മരിയോ ജോണ്‍സും സ്വര്‍ണം നേടിയെങ്കിലും ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്ന് മെഡല്‍ നഷ്ടമായിരുന്നു.
അതേസമയം, രണ്ടുതവണ ചാമ്പ്യനായ ജമൈക്കൻ താരം ഷെല്ലി ആൻ ഫ്രേസർ സെമി ഫൈനലിൽ മത്സരിക്കാതെ പിൻമാറിയതിനുള്ള കാരണം ഇതുവരെ വ്യക്തമല്ല. സെമി ഫൈനലില്‍ മത്സരിക്കുന്നതിന് തൊട്ടു മുമ്പ് ഷെല്ലി ആന്‍ ഫ്രേസറെ ഒഫീഷ്യല്‍സ് ഗേറ്റില്‍ തടയുന്നതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ആന്‍ ഫ്രേസറുടെ ട്രാക്ക് ഒഴിച്ചിട്ടാണ് സെമി ഫൈനല്‍ മത്സരം നടന്നത്.
ബോള്‍ട്ടിന്‍റെ പിന്‍ഗാമിയാവാന്‍ ആര്
പുരുഷന്‍മാരുടെ 100 മീറ്റര്‍ ഫൈനല്‍ മത്സരം ഇന്ന് ഇന്ത്യൻ സമയം പുലര്‍ച്ചെ 12.50നാണ് നടക്കുക. ലോക ചാമ്പ്യൻ അമേരിക്കയുടെ ലോഹ ലൈലെസ്, കാനഡയുടെ ആന്ദ്രെ ഡി ഗ്രാസെ, ജമൈക്കയുടെ കിഷാനെ തോംപ്സണ്‍, ഇറ്റലിയുടെ മാഴ്സല്‍ ജേക്കബ്സ് എന്നിവരെല്ലാം ഫൈനലിലെത്തിയിട്ടുണ്ട്.