ടേബിള്‍ ടെന്നീസില്‍ വീണ്ടും ഇന്ത്യന്‍ ചരിത്രം; മണിക ബത്രയ്ക്ക് പിന്നാലെ ശ്രീജ അകുലയും പ്രീ ക്വാര്‍ട്ടറില്‍
ഒളിംപിക്‌സ് ടേബിള്‍ ടെന്നീസില്‍ ഇന്ത്യക്ക് മറ്റൊരു ചരിത്ര നേട്ടം കൂടി, ശ്രീജ അകുലയും പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു
പാരിസ്: പാരിസ് ഒളിംപിക്‌സില്‍ വനിതകളുടെ ടേബിള്‍ ടെന്നീസില്‍ ഇന്ത്യന്‍ കുതിപ്പ് തുടരുന്നു. മണിക ബത്രയ്ക്ക് പിന്നാലെ ശ്രീജ അകുലയും ചരിത്ര നേട്ടത്തോടെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 26-ാം പിറന്നാള്‍ദിനത്തിലാണ് ശ്രീജയുടെ കുതിപ്പ്. ഒളിംപിക്‌സിന്‍റെ ടേബിള്‍ ടെന്നീസില്‍ പ്രീ ക്വാര്‍ട്ടറില്‍ കടക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ശ്രീജ അകുല. മണിക ബത്രയാണ് ഈ പട്ടികയിലെ ആദ്യ താരം.
വനിതാ ടേബിള്‍ ടെന്നീസ് സിംഗിള്‍സിലെ റൗണ്ട് ഓഫ് 32വില്‍ സിംഗപ്പൂരിന്‍റെ ജിയാങ് സെങിനെ 4-2നാണ് ശ്രീജ അകുല തോല്‍പിച്ചത്. ആദ്യ ഗെയിം തലനാരിഴയ്ക്ക് നഷ്ടമായ ശേഷം തുടര്‍ച്ചയായി മൂന്ന് ഗെയിമുകള്‍ പിടിച്ചെടുത്ത് ശക്തമായി തിരിച്ചത്തുകയായിരുന്നു ഇന്ത്യന്‍ താരം. സ്കോര്‍: 9-11, 12-10, 11-4, 11-5, 10-12, 12-10. ഒളിംപിക്‌സ് ചരിത്രത്തില്‍ ടേബിള്‍ ടെന്നീസില്‍ റൗണ്ട് ഓഫ് 16നില്‍ ഇതാദ്യമായാണ് ഇന്ത്യന്‍ താരങ്ങള്‍ എത്തുന്നത്. ക്വാര്‍ട്ടറില്‍ ഒന്നാം സീഡ് യിങ്‌സ സണ്‍ ആണ് ശ്രീജ അകുലയുടെ എതിരാളി. ഇന്ത്യന്‍ സമയം രാത്രി 12.30നാണ് മത്സരം.
ടേബിൾ ടെന്നീസിൽ പ്രീ ക്വാര്‍ട്ടറിൽ എത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടം മണിക ബത്ര കഴിഞ്ഞ ദിവസം സ്വന്തം പേരിനൊപ്പമെഴുതിയിരുന്നു. ഫ്രാൻസിന്‍റെ പ്രിഥിക പാവഡെയെ തോൽപ്പിച്ചായിരുന്നു മണികയുടെ മുന്നേറ്റം. മികച്ച സർവീസ് ഗെയിം ആണ് ഇന്ത്യൻ താരത്തിന്‍റെ ജയത്തിൽ നിർണായകമായത്. 1988ല്‍ ടേബിള്‍ ടെന്നീസ് ഒളിംപിക്സിൽ ഉൾപ്പെടുത്തിയ ശേഷം പാരിസിന് മുമ്പൊരു ഗെയിംസിലും ഇന്ത്യന്‍ താരങ്ങള്‍ പ്രീ ക്വാര്‍ട്ടര്‍ യോഗ്യത നേടായിരുന്നില്ല. എന്നാല്‍ ഇത്തവണ വലിയ പ്രതീക്ഷയാണ് ടേബിള്‍ ടെന്നീസിലെ മത്സരങ്ങള്‍ ഇന്ത്യക്ക് സമ്മാനിക്കുന്നത്.
Read more: ഒരൊറ്റ ജയമകലെ റെക്കോര്‍ഡ്; പാരിസ് ഒളിംപിക്‌സില്‍ മെഡലിനരികെ ലോവ്ലിന ബോർഗോഹെയ്ൻ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം