മണിക പുറത്ത്, അടിച്ചുകയറി ശ്രീജ അകുല, ഇടിച്ചുകയറി ലോവ്ലിന; പാരിസില്‍ ബാഡ്‌മിന്‍റണിലും പ്രതീക്ഷയായി അഞ്ചാം ദിനം
പാരിസ് ഒളിംപിക്‌സില്‍ ചരിത്രം കുറിച്ച ശേഷം ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് താരം മണിക ബത്ര തലയുയര്‍ത്തി മടങ്ങി
പാരിസ്: പാരിസ് ഒളിംപിക്‌സിന്‍റെ അഞ്ചാം ദിനം ഇന്ത്യക്ക് സന്തോഷത്തിന്‍റെയും അഭിമാനത്തിന്‍റേയും ഫലങ്ങള്‍. വനിതകളുടെ ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ മണിക ബത്ര ക്വാര്‍ട്ടര്‍ കാണാതെ മടങ്ങിയെങ്കിലും ശ്രീജ അകുല തുടരുന്നതും ബോക്‌സിംഗില്‍ ലോവ്ലിന ബോർഗോഹെയ്ന്‍റെ കുതിപ്പും പ്രതീക്ഷ നല്‍കുന്നതാണ്. പുരുഷ വിഭാഗം 50 മീറ്റർ റൈഫിൾ 3 പോസിഷനില്‍ സ്വപ്നില്‍ കുസാലെ ഫൈനലിന് യോഗ്യത നേടിയതും വനിതാ സിംഗിള്‍സ് ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ പി വി സിന്ധുവും പുരുഷ വിഭാഗത്തില്‍ ലക്ഷ്യ സെന്നും പ്രീ ക്വാര്‍ട്ടറിലെത്തിയതും അഞ്ചാം ദിനം ഹരമായി.
മനസ് നിറച്ചും കണ്ണീരായും മണിക ബത്ര
പാരിസ് ഒളിംപിക്‌സില്‍ ചരിത്രം കുറിച്ച ശേഷം ഇന്ത്യയുടെ ടേബിള്‍ ടെന്നീസ് താരം മണിക ബത്ര തലയുയര്‍ത്തി മടങ്ങിയതാണ് അഞ്ചാം ദിനത്തിലെ പ്രധാന വാര്‍ത്ത. വനിതാ ടേബിള്‍ ടെന്നീസ് സിംഗിള്‍സിന്‍റെ പ്രീ ക്വാര്‍ട്ടറില്‍ ജപ്പാന്‍റെ മ്യൂ ഹിറാനോയോട് 1-4നാണ് ബത്ര തോറ്റത്. പോരാട്ടത്തിന് ഇറങ്ങുമ്പോള്‍ ഹിറാനോ 8 ഉം, ബത്ര 18 ഉം സീഡായിരുന്നു. മൂന്നാം ഗെയിം ഇഞ്ചോടിഞ്ച് പോരാട്ടം കാഴ്‌ചവെച്ച് 14-12ന് നേടിയ ശേഷമാണ് മണിക അടിയറവ് പറഞ്ഞത്. ഒളിംപിക്‌സ് ചരിത്രത്തില്‍ പ്രീ ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍ ടേബിള്‍ ടെന്നീസ് താരം എന്ന റെക്കോര്‍ഡ് മണിക ബത്ര ഇതിനകം സ്വന്തമാക്കിയിരുന്നു.
പിറന്നാള്‍ദിനം അകുല ചരിത്രം
ഇതേ അഞ്ചാം ദിനം വനിതാ ടേബിള്‍ ടെന്നീസ് സിംഗിള്‍സില്‍ ശ്രീജ അകുല പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചത് ഇന്ത്യക്ക് സന്തോഷ വാര്‍ത്തയാണ്. റൗണ്ട് ഓഫ് 32വില്‍ സിംഗപ്പൂരിന്‍റെ ജിയാങ് സെങിനെ 4-2നാണ് ശ്രീജ അകുല തോല്‍പിച്ചത്. ആദ്യ ഗെയിം തലനാരിഴയ്ക്ക് നഷ്ടമായ ശേഷം തുടര്‍ച്ചയായി മൂന്ന് ഗെയിമുകള്‍ പിടിച്ചെടുത്ത് ശക്തമായി തിരിച്ചത്തുകയായിരുന്നു ഇന്ത്യന്‍ താരം. സ്കോര്‍: 9-11, 12-10, 11-4, 11-5, 10-12, 12-10. ഒളിംപിക്‌സിന്‍റെ ടേബിള്‍ ടെന്നീസില്‍ പ്രീ ക്വാര്‍ട്ടറില്‍ കടക്കുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ താരമാണ് ശ്രീജ അകുല.
ഇടിച്ചുകയറി ലോവ്ലിന
വനിതാ ബോക്‌സര്‍ ലോവ്ലിന ബോർഗോഹെയ്ൻ മെഡല്‍ പ്രതീക്ഷ സമ്മാനിക്കുന്നതാണ് പാരിസില്‍ നിന്നുള്ള മറ്റൊരു ശുഭ വാര്‍ത്ത. വനിതകളുടെ 75 കിലോഗ്രാം പ്രീ ക്വാര്‍ട്ടറില്‍ നോര്‍വേയുടെ സുന്നിവ ഹോഫ്സ്റ്റാഡിനെ അനായാസം തോല്‍പിച്ച് (5-0) ലോവ്ലിന ക്വാര്‍ട്ടര്‍ ഫൈനലിലെത്തി. പാരിസില്‍ മെഡല്‍ ഉറപ്പിക്കാന്‍ ലോവ്ലിനയ്ക്ക് ഒരൊറ്റ ജയം കൂടി മതി. ക്വാര്‍ട്ടറില്‍ ടോപ് സീഡായ ചൈനയുടെ ലി ചിയാനാണ് ലോവ്ലിനയുടെ എതിരാളി. പാരിസില്‍ മെഡല്‍ നേടാനായാല്‍ രണ്ട് ഒളിംപിക് മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ ബോക്‌സര്‍ എന്ന റെക്കോര്‍ഡ് ലോവ്ലിന ബോർഗോഹെയ്ന് സ്വന്തമാകും എന്ന പ്രത്യകതയുണ്ട്.
Read more: മനസ് നിറച്ചും കണ്ണീരായും മണിക ബത്ര; ചരിത്രം കുറിച്ച ശേഷം ഒളിംപിക്‌സ് നിന്ന് മടക്കം
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം