'ദ്രാവിഡിന് എന്താ ഈ വീട്ടില്‍ കാര്യം'; ഇന്ത്യ- അര്‍ജന്‍റീന ഹോക്കി ആവേശത്തില്‍ ഗ്യാലറിയിലെ താരം വന്‍മതില്‍

പാരിസില്‍ ഇന്ത്യ-അര്‍ജന്‍റീന പൂള്‍ ബി പുരുഷ ഹോക്കി മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചിരുന്നു

Paris Olympics 2024 Day 3 See Rahul Dravid watches India vs Argentina Mens Hockey thriller

പാരിസ്: പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യ- അര്‍ജന്‍റീന പുരുഷ ഹോക്കി മത്സരം കാണാൻ വിഐപി ആരാധകനും. ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ നായകനും മുൻ കോച്ചുമായ രാഹുൽ ദ്രാവിഡാണ് ഇന്ത്യയുടെ മത്സരം കാണാൻ പാരിസിൽ എത്തിയത്. സ്കൂൾ തലത്തിൽ ഹോക്കി താരമായിരുന്നു രാഹുൽ ദ്രാവിഡ്. ദ്രാവിഡ് ഹോക്കി മത്സരം കാണുന്നതിന്‍റെ ചിത്രം വാള്‍ വാച്ചിങ് വാള്‍ എന്ന അടിക്കുറിപ്പോടെ സാമൂഹ്യമാധ്യമങ്ങളിൽ വൈറലായി. ദ്രാവിഡിന്‍റെ ചിത്രം രാജ്യാന്തര ഹോക്കി ഫെഡറേഷനും ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ താരങ്ങളെ പ്രചോദിപ്പിക്കാന്‍ രാഹുല്‍ ദ്രാവിഡ് കഴിഞ്ഞ ദിവസവും മത്സര വേദികളില്‍ എത്തിയിരുന്നു. 

പാരിസില്‍ ഇന്ത്യ-അര്‍ജന്‍റീന പൂള്‍ ബി പുരുഷ ഹോക്കി മത്സരം 1-1ന് സമനിലയില്‍ അവസാനിച്ചു. അവസാന വിസിലിന് തൊട്ടുമുമ്പ് പെനാല്‍റ്റി കോര്‍ണറിന്‍റെ മൂന്നാം റീ-ടേക്കില്‍ നിന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗ് നേടിയ ഗോളിലാണ് ഇന്ത്യ സമനില എത്തിപ്പിടിച്ചത്. കളിയിലുടനീളം അർജന്‍റീന പ്രതിരോധം ഇന്ത്യക്ക് കടുപ്പമായി. നേരത്തെ രണ്ടാം ക്വാര്‍ട്ടറിലെ 22-ാം മിനുറ്റില്‍ ലൂക്കാസ് മാര്‍ട്ടിനസിന്‍റെ ഫീല്‍ഡ് ഗോളിലൂടെ അര്‍ജന്‍റീന ലീഡ് നേടിയിരുന്നു. 2004ന് ശേഷം ഇതാദ്യമായാണ് ഇന്ത്യ-അര്‍ജന്‍റീന പുരുഷ ഹോക്കി പോരാട്ടം സമനിലയില്‍ അവസാനിക്കുന്നത്. 

ആറ് ടീമുകള്‍ വീതമുള്ള രണ്ട് പൂളുകളായാണ് ഹോക്കി മത്സരങ്ങള്‍ പുരോഗമിക്കുന്നത്. ഒരു പൂളില്‍ നിന്ന് മികച്ച നാല് ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറുക. രണ്ട് മത്സരങ്ങളില്‍ നാല് പോയിന്‍റുള്ള ഇന്ത്യ നിലവില്‍ മൂന്നാമതുണ്ട്. ഇത്ര തന്നെ കളികളില്‍ ആറ് പോയിന്‍റ് വീതവുമായി ബെല്‍ജിയം, ഓസ്ട്രേലിയ ടീമുകളാണ് യഥാക്രമം ആദ്യ രണ്ട് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ 3-2ന് പരാജയപ്പെടുത്തിയിരുന്നു. അന്ന് 59-ാം മിനുറ്റിലെ വിജയഗോളുമായി ഹര്‍മന്‍പ്രീത് തന്നെയായിരുന്നു ഹീറോ. അടുത്ത കളിയില്‍ അയര്‍ലന്‍ഡാണ് ഇന്ത്യയുടെ എതിരാളികള്‍. കഴിഞ്ഞ ടോക്കിയോ 2020 ഒളിംപിക്‌സില്‍ ഇന്ത്യന്‍ പുരുഷ ഹോക്കി ടീം വെങ്കല മെഡല്‍ നേടിയിരുന്നു. 

Read more: ക്യാപ്റ്റന്‍ ഡാ! ഹര്‍മന്‍പ്രീത് സിംഗ് വീണ്ടും ഹീറോ; അര്‍ജന്‍റീനക്കെതിരെ ഹോക്കിയില്‍ ഇന്ത്യക്ക് സമനില

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios