ലക്ഷ്യം സഫലമായില്ല; ലക്ഷ്യ സെന്നിന് വെങ്കലം നഷ്‌ടം, വില്ലനായത് പരിക്ക്! ഇന്ത്യക്ക് വീണ്ടും നിരാശ

സെമിയില്‍ ഡെന്മാര്‍ക്കിന്‍റെ വിക്ടർ അക്സൽസനോട് പൊരുതിത്തോറ്റാണ് ലക്ഷ്യ സെന്‍ വെങ്കല മെഡല്‍ പോരാട്ടത്തിന് ഇറങ്ങിയത്. 

Paris Olympics 2024 Day 10 Lakshya Sen lose to Lee Zii Jia in Bronze Medal Match

പാരിസ്: പരിക്ക് പാരയായി, പാരിസ് ഒളിംപിക്‌സ് പുരുഷ സിംഗിള്‍സ് ബാഡ്‌മിന്‍റണില്‍ ഇന്ത്യയുടെ ലക്ഷ്യ സെന്നിന് വെങ്കല മെഡല്‍ നഷ്‌ടം. വെങ്കല മെഡല്‍ പോരാട്ടത്തില്‍ മലേഷ്യയുടെ ലീ സീ ജായെ ആദ്യ ഗെയിമില്‍ മുട്ടുകുത്തിച്ചെങ്കിലും പരിക്ക് വലച്ചതിനെ തുടര്‍ന്ന് അടുത്ത രണ്ട് ഗെയിമുകളും കൈവിട്ട് ലക്ഷ്യ അടിയറവുപറയുകയായിരുന്നു. സ്കോര്‍: 21-13, 16-21, 11-21. എങ്കിലും ഒളിംപിക്‌സ് ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ പുരുഷ ബാഡ‌്‌മിന്‍റണ്‍ താരത്തിന്‍റെ ഏറ്റവും മികച്ച പ്രകടനത്തോടെയാണ് ലക്ഷ്യയുടെ മടക്കം.

ലീ സീ ജായ്ക്കെതിരെ 8-4, 11-5 എന്നിങ്ങനെ തുടക്കത്തിലെ ലീഡ‍ുമായാണ് ലക്ഷ്യ സെന്‍ പോരാട്ടം തുടങ്ങിയത്. 21-13ന് അനായാസം ലക്ഷ്യ ആദ്യ ഗെയിം സ്വന്തമാക്കി. രണ്ടാം ഗെയിമില്‍ തുടര്‍ച്ചയായി എട്ട് പോയിന്‍റുകളുമായി ലീ സീ ജാ ശക്തമായ വെല്ലുവിളി ഉയര്‍ത്തി. ഒടുവില്‍ ഗെയിം 16-21ന് ലീ സീ ജാ പിടിച്ചെടുത്തു. മൂന്നാം ഗെയിമിലേക്ക് എത്തിയപ്പോള്‍ പരിക്ക് ലക്ഷ്യ സെന്നിന് തിരിച്ചടിയായി. മൂന്നാം ഗെയിമില്‍ ലക്ഷ്യ സെന്‍ 11 പോയിന്‍റില്‍ ഒതുങ്ങിയപ്പോള്‍ അനായാസം ജയിച്ച് മലേഷ്യയുടെ  ലീ സീ ജാ പുരുഷ സിംഗിള്‍സ് ബാഡ്‌മിന്‍റണ്‍ വെങ്കലം അണിയുകയായിരുന്നു. നേരത്തെ, സെമിയില്‍ ഡെന്മാര്‍ക്കിന്‍റെ വിക്ടർ അക്സൽസനോട് പൊരുതിത്തോറ്റാണ് ലക്ഷ്യ സെന്‍ വെങ്കല മെഡല്‍ പോരാട്ടത്തിന് ഇറങ്ങിയത്. 

ടേബിൾ ടെന്നീസിൽ കുതിപ്പ്

അതേസമയം ടേബിൾ ടെന്നീസിൽ ഇന്ത്യൻ വനിതാ ടീം ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. നാലാം സ്വീഡായ റൊമാനിയയെ അട്ടിമറിച്ചാണ് ഇന്ത്യൻ വനിതകളുടെ മുന്നേറ്റം. ശ്രീജ അകുല, അർച്ചന കാമത്ത്, മണിക ബത്ര എന്നിവർ ഉൾപ്പെട്ട ഇന്ത്യൻ ടീം 3-2 എന്ന സ്കോറിനാണ് റൊമാനിയയെ തോൽപിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യൻ ടീം ടേബിൾ ടെന്നീസിൽ ക്വാർട്ടർ ഫൈനലിലെത്തുന്നത്. മണിക ബത്രയുടെ മിന്നും പ്രകടനമാണ് ഇന്ത്യയുടെ വിജയത്തിൽ നിർണായകമായത്.

Read more: ഷൂട്ടിംഗില്‍ മറ്റൊരു മെഡലിനരികെ ഇന്ത്യ; മഹേശ്വരി ചൗഹാന്‍- ആനന്ദ്‌ജീത് സിംഗ് സഖ്യം ഉടന്‍ ഇറങ്ങും

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios