'നീരജ് ചോപ്ര മകനെപോലെ, അവന് വേണ്ടിയും പ്രാര്‍ഥിച്ചിരുന്നു'; ഹൃദയം കീഴടക്കി അര്‍ഷാദ് നദീമിന്‍റെ അമ്മയും
ഹൃദയം കീഴടക്കുന്ന അമ്മമാര്‍; രണ്ടുപേരും മക്കളെന്ന് നീരജ് ചോപ്രയുടെ അമ്മയ്ക്ക് പിന്നാലെ അര്‍ഷാദിന്‍റെ മാതാവും
പാരിസ്: പാരിസ് ഒളിംപിക്‌സിലെ പുരുഷ ജാവലിന്‍ ഫൈനലില്‍ ഇന്ത്യന്‍ താരം നീരജ് ചോപ്രയും പാക് താരം അര്‍ഷാദ് നദീമും തമ്മിലുള്ള പോരാട്ടം ആരാധകരുടെ മനം കവര്‍ന്നിരുന്നു. നദീം സ്വര്‍ണമണിഞ്ഞപ്പോള്‍ നിലവിലെ ചാമ്പ്യനായിരുന്ന നീരജ് വെള്ളി നേടി. ഇതിന് പിന്നാലെ അര്‍ഷാദ് നദീമിനോടുള്ള സ്നേഹം തുറന്നുപറഞ്ഞ നീരജ് ചോപ്രയുടെ മാതാവിന്‍റെ വാക്കുകള്‍ വൈറലായിരുന്നു. സമാനമായി നീരജ് ചോപ്രയെ മകനെ പോലെയാണ് കാണുന്നത് എന്ന അര്‍ഷാദ് നദീമിന്‍റെ അമ്മയുടെ പ്രതികരണവും സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് എന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.
പാരിസ് ഒളിംപിക്‌സിലെ പുരുഷ ജാവലിനില്‍ വെള്ളി മെഡല്‍ നേടിയ ഇന്ത്യന്‍ താരം നീരജ് ചോപ്ര എനിക്ക് മകനെ പോലെയെന്ന് സ്വര്‍ണ മെഡല്‍ ജേതാവായ പാക് താരം അര്‍ഷാദ് നദീമിന്‍റെ അമ്മ പറയുന്നതായാണ് വീഡിയോ. 'നീരജ് എനിക്ക് മകന് തുല്യമാണ്. അദേഹം നദീമിന്‍റെ സുഹൃത്തും സഹോദരനുമാണ്. ജയതോല്‍വികള്‍ കായികയിനങ്ങളുടെ ഭാഗമാണ്. നീരജിനെ ദൈവം അനുഗ്രഹിക്കട്ടെ. നീരജ് മെഡലുകള്‍ വാരിക്കൂട്ടട്ടേ. അവര്‍ രണ്ടുപേരും സഹോദരങ്ങളെ പോലെയാണ്. അതിനാല്‍ നീരജിനായും ഞാന്‍ പ്രാര്‍ഥിച്ചിരുന്നു'- എന്നുമാണ് ഒരു പാക് മാധ്യമത്തോട് അര്‍ഷാദ് നദീമിന്‍റെ അമ്മയുടെ ഹൃദയസ്‌പര്‍ശിയായ വാക്കുകള്‍.
പാക് താരം അര്‍ഷാദ് നദീം എനിക്ക് മകനെ പോലെയെന്ന് നീരജ് ചോപ്രയുടെ അമ്മ പറയുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. 'വെള്ളി നേട്ടത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. സ്വര്‍ണം നേടിയ അര്‍ഷാദും എനിക്ക് മകനെ പോലെയാണ്. കഠിനാധ്വാനം ചെയ്താണ് എല്ലാവരും ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്'- എന്നുമായിരുന്നു നീരജിന്‍റെ അമ്മയുടെ വാക്കുകള്‍.
പാരീസിലെ വാശിയേറിയ ഫൈനലില്‍ നീരജിനെ പിന്തള്ളി പാകിസ്ഥാന്‍റെ അര്‍ഷാദ് നദീം സ്വര്‍ണം നേടുകയായിരുന്നു. കഴിഞ്ഞ ടോക്യോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടാന്‍ നീരജിന് സാധിച്ചിരുന്നു. ഒളിംപിക് റെക്കോര്‍ഡായ 92.97 മീറ്റര്‍ ദൂരമെറിഞ്ഞാണ് പാരിസില്‍ ഇക്കുറി നദീം സ്വര്‍ണം നേടിയത്. നീരജ് രണ്ടാം ശ്രമത്തില്‍ തന്‍റെ സീസണല്‍ ബെസ്റ്റായ 89.45 ദൂരമെറിഞ്ഞ് വെള്ളി അണിഞ്ഞു. ഗ്രനാഡയുടെ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സിനാണ് (88.54 മീറ്റര്‍) വെങ്കലം. ടോക്യോ ഒളിംപിക്‌സില്‍ അഞ്ചാം സ്ഥാനത്തായിരുന്നു നദീം ഫിനിഷ് ചെയ്‌തത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം