ചരിത്രമെഴുതി സ്വാതിക്-ചിരാഗ് സഖ്യം ക്വാര്‍ട്ടറില്‍, അമ്പെയ്‌ത്തില്‍ നിരാശ; ടെന്നീസില്‍ നദാല്‍ പുറത്ത്
പുരുഷ ടെന്നീസ് സിംഗിള്‍സില്‍ സ്‌പെയിനിന്‍റെ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍ പുറത്തായി
പാരിസ്: പാരിസ് ഒളിംപിക്‌സ് ബാഡ്‌മിന്‍റണില്‍ പുരുഷന്‍മാരുടെ ഡബിള്‍സില്‍ ചരിത്രമെഴുതി സ്വാതിക്-ചിരാഗ് സഖ്യം ക്വാര്‍ട്ടറില്‍. ഒളിംപിക്സ് ക്വാര്‍ട്ടറിലെത്തുന്ന ആദ്യ ഇന്ത്യന്‍ പുരുഷ ടീം എന്ന നേട്ടം സ്വാതിക്‌സായ്‌രാജും ചിരാഗ് ഷെട്ടിയും സ്വന്തമാക്കി. ഗെയിംസിന്‍റെ മൂന്നാം ദിനം മാര്‍വര്‍-മാര്‍ക് ജര്‍മന്‍ സഖ്യം പരിക്കേറ്റ് പുറത്തായത് സ്വാതിക്കിനും ചിരാഗിനും തുണയായി. ഇന്തോനേഷ്യന്‍ താരങ്ങള്‍ തോറ്റതും ഇന്ത്യന്‍ ടീമിന് ക്വാര്‍ട്ടര്‍ പ്രവേശനത്തിന് വഴിതെളിച്ചു. അതേസമയം പുരുഷ അമ്പെയ്‌ത്തില്‍ ടീം ഇനത്തില്‍ ഇന്ത്യ പുറത്തായി. ക്വാര്‍ട്ടറില്‍ തുര്‍ക്കിയോടാണ് ഇന്ത്യന്‍ ടീമിന്‍റെ പരാജയം.
ടെന്നീസില്‍ നദാല്‍ പുറത്ത്
പുരുഷ ടെന്നീസ് സിംഗിള്‍സില്‍ സ്‌പെയിനിന്‍റെ റാഫേല്‍ നദാല്‍ രണ്ടാം റൗണ്ടില്‍ പുറത്തായതും മൂന്നാം ദിനത്തിലെ ശ്രദ്ധേയ വാര്‍ത്തയാണ്. രണ്ടാം റൗണ്ടിലെ ക്ലാസിക് പോരാട്ടത്തില്‍ സെര്‍ബിയയുടെ നൊവാക് ജോകോവിച്ച് നേരിട്ടുള്ള സെറ്റുകള്‍ക്ക് നദാലിനെതിരെ ജയം സ്വന്തമാക്കി. സ്കോര്‍ 6-1, 6-4. ടെന്നീസ് കോര്‍ട്ടില്‍ ഇരുവരും മുഖാമുഖം വന്ന അറുപതാമത്തെ മത്സരമായിരുന്നു ഇത്.
റോളണ്ട് ഗാരോസില്‍ ഒരു മണിക്കൂറും 43 മിനുറ്റുമാണ് നദാല്‍-ജോകോ പോരാട്ടം നീണ്ടുനിന്നത്. 14 തവണ ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനായിട്ടുള്ള നദാല്‍ റോളണ്ട് ഗാരോസിലെ കളിമണ്‍ കോര്‍ട്ടില്‍ പ്രതാപത്തിന്‍റെ നിഴലില്‍ പോലുമില്ലായിരുന്നു. തന്‍റെ ഏറ്റവും പ്രിയപ്പെട്ട കോര്‍ട്ടില്‍ 2024ലെ മൂന്ന് മത്സരങ്ങളില്‍ നദാലിന്‍റെ രണ്ടാം തോല്‍വിയാണിത്. എന്നാല്‍ റോളണ്ട് ഗാരോസില്‍ 117 മത്സരങ്ങളില്‍ നദാല്‍ അഞ്ചാം തോല്‍വി മാത്രമാണ് ഇന്നത്തെ പരാജയത്തോടെ രുചിച്ചത്. ഇതില്‍ മൂന്നും ജോക്കോയോടാണ് എന്ന പ്രത്യേകതയുമുണ്ട്. നദാലിന്‍റെയും ജോകോയുടേയും അവസാന ഒളിംപിക് ടൂര്‍ണമെന്‍റിനാകാം ഇന്നത്തെ തോല്‍വിയോടെ വിരാമമായിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം