പങ്കജ് സിംഗ് സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്‍റ്; മലയാളിയായ സുധീഷ് കുമാർ ട്രഷറര്‍
മനീന്ദര്‍ പാല്‍ സിംഗ് സെക്രട്ടറിയായി തുടര്‍ച്ചയായ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ നിന്നുള്ള സുധീഷ് കുമാറാണ് ട്രഷറര്‍
ദില്ലി: സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ(CFI) പ്രസിഡന്‍റായി പങ്കജ് സിംഗ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഉത്തരാഖണ്ഡില്‍ ഏപ്രില്‍ 23ന് നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലും തെരഞ്ഞെടുപ്പിലുമാണ് പങ്കജ് സിംഗിനെ പുതിയ തലവനായി തെരഞ്ഞെടുത്തത്. ഉത്തര്‍പ്രദേശ് നിയമസഭയില്‍ നോയിഡയില്‍ നിന്നുള്ള അംഗം കൂടിയാണ് പങ്കജ് സിംഗ്. ഏഷ്യന്‍ സൈക്ലിംഗ് കോണ്‍ഫെഡറേഷന്‍റെ ജനറല്‍ സെക്രട്ടറി എസ് ഓംകാര്‍ സിംഗും ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രതിനിധി എസ്എച്ച് ഡികെ സിംഗും തെരഞ്ഞെടുപ്പില്‍ നിരീക്ഷകരായി പങ്കെടുത്തു.
മനീന്ദര്‍ പാല്‍ സിംഗ് സെക്രട്ടറിയായി തുടര്‍ച്ചയായ രണ്ടാം തവണയും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ കേരളത്തില്‍ നിന്നുള്ള സുധീഷ് കുമാറാണ് ട്രഷറര്‍. എക്‌സിക്യുട്ടീവ് കൗണ്‍സിലേക്ക് ഉത്തര്‍പ്രദേശ്, ദില്ലി, ഹരിയാന, ഉത്തരാഖണ്ഡ്, ഗുജറാത്ത്, തെലങ്കാന എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വീതവും ചണ്ഡീഗഢ്, മധ്യപ്രദേശ്, മഹാരാഷ്‌ട്ര, ജമ്മു ആന്‍ഡ് കശ്‌മീര്‍, ഝാർഖണ്ഡ്, ബിഹാര്‍, തമിഴ്‌നാട്, ഒഡീഷ, ഹിമാചല്‍പ്രദേശ്, ആന്‍ഡമാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഓരോരുത്തരും തെരഞ്ഞെടുക്കപ്പെട്ടു. 2023-27 കാലത്തേക്കായിരിക്കും പുതിയ ഭാരവാഹികളുടെ ചുമതല. 26 സംസ്ഥാനങ്ങളില്‍ നിന്നുള്ള അസോസിയേഷനുകള്‍ സൈക്ലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക പൊതുയോഗത്തില്‍ പങ്കെടുത്തു.
ഇന്ത്യയിലെ കായിക താരങ്ങള്‍ക്ക് വേണ്ടി തനിക്കേറെ കാര്യങ്ങള്‍ ചെയ്യാനുണ്ട് എന്നാണ് സിഎഫ്‌ഐ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ഉടന്‍ പങ്കജ് സിംഗിന്‍റെ പ്രതികരണം. എതിരില്ലാതെ തെരഞ്ഞെടുത്തതിന് എല്ലാ അംഗങ്ങള്‍ക്കും പങ്കജ് സിംഗ് നന്ദിയറിയിച്ചു. 'ഏറ്റവും താഴെത്തട്ടില്‍ മികച്ച സൗകര്യങ്ങള്‍ ഒരുക്കുന്നതിനായിരിക്കും പരിഗണന. സൈക്ലിസ്റ്റുകള്‍ക്ക് മാത്രമല്ല, രാജ്യത്തെ കായിക താരങ്ങള്‍ക്കെല്ലാം ഏറ്റവും മികച്ച സംവിധാനങ്ങള്‍ ഉറപ്പുവരുത്തും. സൈക്ലിംഗ് വളരെ ജനകീയമായ മത്സരയിനമാണ്. എന്നാല്‍ എലൈറ്റ് തലത്തില്‍ അതിനെ വളര്‍ത്തിയെടുക്കേണ്ടതുണ്ട്. ഗ്രാസ്റൂട്ട് ലെവലില്‍ ഏറ്റവും മികച്ച താരങ്ങളെ കണ്ടെത്തണമെന്നും അതിലൂടെ രാജ്യാന്തര തലത്തില്‍ മെഡലുകള്‍ കരസ്ഥമാക്കണം' എന്നും പങ്കജ് സിംഗ് കൂട്ടിച്ചേര്‍ത്തു.
Read more: ഡല്‍ഹിക്കെതിരെ ബാറ്റര്‍മാര്‍ റണ്ണടിച്ചുകൂട്ടിയേ മതിയാകൂ; അപേക്ഷയുമായി സണ്‍റൈസേഴ്‌സ് നായകന്‍