വൈകി വന്ന പുരസ്‌കാരത്തിന്റെ സന്തോഷത്തില്‍ ഒ എം നമ്പ്യാര്‍
ഇന്ത്യൻ അത്‌ലറ്റിക്ലിന് ലോകത്ത് പേരും പെരുമയും ഉണ്ടാക്കിയത് നമ്പ്യാരെന്ന പരിശീലകനും അദ്ദേഹത്തിൻറെ ശിഷ്യ പിടി ഉഷയുമാണ്.
കോഴിക്കോട്: വൈകിയാണെങ്കിലും പത്മ പുരസ്കാരം തേടിയെത്തിയതിൻറെ സന്തോഷത്തിലാണ് രാജ്യത്തെ എക്കാലത്തേയും മികച്ച കായിക പരിശീലകൻ ഒ എം നമ്പ്യാർ. കോഴിക്കോട് മണിയൂരിലെ വീട്ടിൽ വിശ്രമത്തിലാണ് രാജ്യത്തിൻറെ പ്രിയ പരിശീലകൻ. ഇതിനിടെയാണ് ഈ സന്തോഷ വാർത്ത അദേഹത്തെ തേടിയെത്തിയത്.
ഒതയോത്ത് മാധവൻ നമ്പ്യാർ എന്ന പരിശീലകൻ ഒരുകാലത്ത് ഇന്ത്യൻ കായികരംഗത്ത് പരിശീലകരുടെ പര്യായമായിരുന്നു. ഇന്ത്യൻ അത്‌ലറ്റിക്ലിന് ലോകത്ത് പേരും പെരുമയും ഉണ്ടാക്കിയത് നമ്പ്യാരെന്ന പരിശീലകനും അദ്ദേഹത്തിൻറെ ശിഷ്യ പിടി ഉഷയുമാണ്. പതിനാലര വർഷം ഉഷയെ നമ്പ്യാർ പരിശീലിപ്പിച്ചു. ഇക്കാലയളവിൽ രാജ്യാന്തര തലത്തിൽ ഈ ഗുരുവും ശിഷ്യയും ഇന്ത്യൻ കായിക രംഗത്തിന് നൽകിയ സംഭാവനകൾ ഏറെയാണ്. ഒ എം നമ്പ്യാരെ ആദരിക്കാനാണ് 1985 ൽ പരിശീലകർക്കായി ദ്രോണാചാര്യ പുരസ്കാരം ഏർപ്പെടുത്തിയത്. ഇപ്പോൾ വാർധക്യത്തിലാണെങ്കിലും പത്മ പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. 89-ാം വയസിൻറെ അവശതകളിൽ വിശ്രമിക്കുകയാണ് നമ്പ്യാർ.
രണ്ട് ഒളിമ്പിക്സ്, നാല് ഏഷ്യാഡ്, ഒരു വേൾഡ് ചാമ്പ്യൻഷിപ്പ് തുടങ്ങി നിരവധി അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ പരിശീലകനായി പങ്കെടുത്ത ഒ എം നമ്പ്യാരെ പത്മ പുരസ്കാരം നൽകി രാഷ്ട്രം ആദരിക്കുമ്പോൾ കായികരംഗത്തിന് അഭിമാനിക്കാം.