പി ടി ഉഷയുടെ 23 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് തമിഴ്നാട് താരം
200 ഹീറ്റ്സിൽ 23.26 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ധനലക്ഷ്മിയുടെ മീറ്റ് റെക്കോർഡ്.
പട്യാല: ഫെഡറേഷൻ കപ്പ് സീനിയർ അത്‍ലറ്റിക് ചാമ്പ്യൻഷിപ്പിൽ പി ടി ഉഷയുടെ 23 വർഷം പഴക്കമുള്ള മീറ്റ് റെക്കോർഡ് തകർത്ത് തമിഴ്നാട് താരം ധനലക്ഷ്മി. 200 മീറ്ററിലാണ് ധനലക്ഷ്മിയുടെ നേട്ടം.
200 ഹീറ്റ്സിൽ 23.26 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് ധനലക്ഷ്മിയുടെ മീറ്റ് റെക്കോർഡ്. പി ടി ഉഷ 1998ൽ മീറ്റ് റെക്കോർഡ് കുറിച്ചത് 23.30 സെക്കൻഡിലായിരുന്നു. ഇരുപത്തിരണ്ടുകാരിയായ ധനലക്ഷ്മി രാജ്യാന്തര താരം ഹിമദാസിനെ പിന്തള്ളി ഹീറ്റ്സിൽ ഒന്നാമതെത്തി. ഹിമദാസ് 24.39 സെക്കൻഡിലാണ് ഫിനിഷ് ചെയ്തത്.
2002ൽ സരസ്വതി സാഹ കുറിച്ച 22.82 സെക്കൻഡാണ് 200 മീറ്ററിൽ ദേശീയ റെക്കോർഡ്. ഒളിംപിക് യോഗ്യതാ മാർക്ക് 22.80 സെക്കൻഡും. ഇന്ന് വൈകിട്ട് നടക്കുന്ന 200 മീറ്റർ ഫൈനലിൽ, ദേശീയ റെക്കോർഡ് മറികടന്ന് ധനലക്ഷ്മി ഒളിംപിക് യോഗ്യത നേടുമെന്ന പ്രതീക്ഷയിലാണ് പരിശീലകൻ മണികണ്ഠ അറുമുഖൻ. ദ്യുതി ചന്ദിനെ പിന്നിലാക്കി നേരത്തെ 100 മീറ്ററിൽ ധനലക്ഷ്മി സ്വർണം നേടിയിരുന്നു.
ഗുസ്‌തി താരം റിതിക ഫോഗട്ട് മരിച്ച നിലയില്‍; ഗീത-ബബിത സഹോദരിമാരുടെ അടുത്ത ബന്ധു