കേരളത്തിന്‍റെ 'പയ്യോളി എക്സ്പ്രസ്' പി. ടി. ഉഷ ഇനി രാജ്യസഭയില്‍
ഇന്ത്യക്കാര്‍ക്കെല്ലാം പ്രചോദനമാണ് പി ടി ഉഷയെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി. കായികലോകത്ത് ഉഷയുടെ നേട്ടങ്ങളും പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളും അഭിനന്ദനാര്‍ഹമാണെന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉഷയെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ദില്ലി: കായികലോകത്തെ മലയാളികളുടെ അഭിമാനമായ പി ടി ഉഷ രാജ്യസഭയിലേക്ക്. പി ടി ഉഷ, സംഗീത സംവിധായകന്‍ ഇളയരാജ, വീരേന്ദ്ര ഹെഡ്ഡെ, സംവിധായകന്‍ വിജയേന്ദ്ര പ്രസാദ് ഗുരു എന്നിവരെയാണ് രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്ത്. രാജ്യസഭയിലേക്ക് പുതുതായി നാമനിര്‍ദേശം ചെയ്ത അംഗങ്ങളെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്ത്.
ഇന്ത്യക്കാര്‍ക്കെല്ലാം പ്രചോദനമാണ് പി ടി ഉഷയെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ വ്യക്തമാക്കി. കായികലോകത്ത് ഉഷയുടെ നേട്ടങ്ങളും പുതിയ തലമുറയെ വാര്‍ത്തെടുക്കാന്‍ അവര്‍ നടത്തുന്ന ശ്രമങ്ങളും അഭിനന്ദനാര്‍ഹമാണെന്നും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഉഷയെ അഭിനന്ദിക്കുന്നുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
തലമുറകളെ തന്‍റെ വിസ്മയ സംഗീതം കൊണ്ട് അത്ഭുതപ്പെടുത്തിയ പ്രതിഭയാണ് ഇളയരാജയെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാധാരണ പശ്ചാത്തലത്തില്‍ തിന്ന് സംഗീതത്തിന്‍റെ കൊടുമുടികള്‍ താണ്ടിയ ഇളയരാജയെ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കേരളത്തിന്‍റെ പയ്യോളി എക്സ്പ്രസ്
കഴിഞ്ഞ വര്‍ഷം ടോക്കിയോ ഒളിംപിക്സില്‍ നീരജ് ചോപ്ര ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടുന്നതുവരെ ഇന്ത്യന്‍ അത്‌ലറ്റിക്‌സിനെ ഒറ്റപ്പേരിലേക്ക് ആറ്റിക്കുറുക്കേണ്ടിവന്നാല്‍ ഒരു മുഖചിത്രമേ ഉണ്ടായിരുന്നുള്ളു. പയ്യോളി എക്‌സ്‌പ്രസ് എന്ന വിളിപ്പേരില്‍ അറിയപ്പെടുന്ന പി ടി ഉഷയുടേത്. സെക്കന്‍ഡിന്‍റെ നൂറിലൊരു അംശത്തില്‍ ഒളിംപിക് മെഡല്‍ കൈവിട്ട ഉഷയുടെ നഷ്ടം രാജ്യത്തിന്‍റെ കണ്ണീരായിരുന്നു.
പയ്യോളി കടപ്പുറത്തുനിന്നാണ് ഉഷ ഓടിത്തുടങ്ങിയത്. പിന്നീട് ദേശീയ സ്‌കൂള്‍ കായികമേളകളില്‍ റെക്കോര്‍ഡുകള്‍ തിരുത്തിക്കുറിച്ചു. 1979ല്‍ നാഗ്‌പൂരിലെ ദേശീയ സ്‌കൂള്‍ കായികമേളയും ഹൈദരാബാദിലെ ദേശീയ അത്‌ലറ്റിക് മീറ്റും വരവറിയിച്ച ഉഷ 100, 200 മീറ്ററുകളില്‍ സ്വന്തം റെക്കോര്‍ഡുകള്‍ പലതവണ തിരുത്തിക്കുറിച്ചു.
1980ല്‍ കറാച്ചിയില്‍ നടന്ന പാകിസ്ഥാന്‍ നാഷണല്‍ ഓപ്പണ്‍ മീറ്റില്‍ നാല് സ്വര്‍ണവുമായി അന്താരാഷ്‌ട്ര തലത്തില്‍ ഗംഭീര അരങ്ങേറ്റം. 16-ാം വയസില്‍ തന്നെ മോസ്‌ക്കോ ഒളിംപിക്‌സില്‍ ആദ്യ അങ്കം. തലപ്പൊക്കമുള്ള മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം അന്ന് തിളങ്ങാനായില്ലെങ്കിലും പിന്നീടങ്ങോട്ട് ഉഷയെന്ന നോണ്‍ സ്റ്റോപ്പ് എക്സ്പ്രസിന്‍റെ കൂകിപ്പായലായിരുന്നു ഇന്ത്യന്‍ അത്ലറ്റിക്സില്‍. ഏഷ്യന്‍ ഗെയിംസിലും സാഫ് ഗെയിംസിലും തുടര്‍ച്ചയായി മെഡലുകള്‍. 1986ലെ സിയോള്‍ ഏഷ്യന്‍ ഗെയിംസില്‍ നാല് സ്വര്‍ണ മെഡലുകള്‍. 1985, 86ലും ലോകത്തെ ആദ്യ മികച്ച 10 കായികതാരങ്ങളുടെ പട്ടികയില്‍ ഉഷയുമുണ്ടായിരുന്നു.
പരിമിത പരിശീലന സാഹചര്യങ്ങളില്‍ നിന്ന് പൊരുതിക്കയറി ലോസ് ഏയ്ഞ്ചല്‍സ് ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സിന്‍റെ ഫൈനലില്‍ വരെയെത്തി ഉഷ. നിമിഷത്തിന്‍റെ നൂറിലൊരു അംശത്തില്‍ വഴുതിപ്പോയ ഇന്ത്യയുടെ ഒളിംപിക് മെഡല്‍. യൂറോപ്യന്‍ ഗ്രാന്‍പ്രീ മീറ്റുകളില്‍ ഉഷ തുടര്‍ന്നും മെഡലുകള്‍ വാരിക്കൂട്ടി. വിരമിച്ചതിന് ശേഷം രാജ്യത്തിനായി പുതിയ കായികതാരങ്ങളെ വാര്‍ത്തെടുക്കാന്‍ ഉഷ കായികസപര്യ തുടരുകയാണ്.