മലയാളികളുടെ സ്വപ്‍നങ്ങളേക്കാള്‍ വേഗത്തില്‍ ഓടി, ഒടുവില്‍ സെക്കന്‍ഡിന്റെ നൂറിലൊരംശത്തിന്റെ നഷ്‍ടം

ആ സെക്കന്റിന്റെ നൂറിലൊരംശത്തിന്റെ നഷ്‍ടത്തിന്റെ കഥ മലയാളികള്‍ തലമുറകളായി കൈമാറുമ്പോള്‍ പുത്തൻ താര പ്രതീക്ഷകളുടേതുമാകുകയാണ്.

Olympics 2024 notable Malayali sports star hrk

സ്വന്തം രാജ്യത്തിന്റെ ജേഴ്‍സിയണിയുകയാണ് ഏതൊരു കായികതാരത്തിന്റേയും സ്വപ്‍നം. ഒളിമ്പിക്സ് പോലുള്ള ലോകകായിക മാമാങ്കങ്ങളില്‍ സ്വന്തം രാജ്യത്തിനായി മത്സരിക്കുകയെന്നത് കായിക താരങ്ങള്‍ക്ക് സ്വപ്‍നസാഫല്യമാണ്. പാരിസ് ഒളിമ്പിക്സ് പ്രത്യേക കവറേജ് തുടങ്ങുമ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനും സ്വന്തം രാജ്യത്തിന്റെ കോര്‍ട്ടില്‍ തന്നെയാണ്. ആദ്യം കേരളത്തിന്റെ കോര്‍ട്ടില്‍ നിന്ന് കളി തുടങ്ങാം. അറുപതിന്റെ നിറവില്‍ നില്‍ക്കുന്ന പി ടി ഉഷയും കേരളത്തിന്റെ ഒളിമ്പിക്സ് ഓര്‍മകളില്‍ നിറംമങ്ങാതെയുണ്ട്.

ഒളിമ്പിക്സ് മെഡല്‍ നേടിയായ ആദ്യ മലയാളിയായ  മാനുവല്‍ ഫെഡറിക്കില്‍ നിന്നാണ് കേരളത്തിന്റെ നേട്ടത്തിന്റെ പട്ടിക ആരംഭിക്കുന്നത്. 1972ലെ മ്യൂണിക് ഒളിമ്പിക്സിലാണ് കണ്ണൂര്‍ക്കാരനായ മാനുവല്‍ ഫെഡറിക് ഹോക്കിയിലൂടെ വെങ്കല മെഡല്‍ നേടുന്നത്. 2020 ഒളിമ്പിക്സില്‍ കൊച്ചിക്കാരനായ ഹോക്കി താരം പി ആര്‍ ശ്രീജേഷും ഇന്ത്യക്ക് വേണ്ടി വെങ്കല മെഡല്‍ നേടി.

ഒളിമ്പിക്സ്  മലയാളിയുടെ മനസ്സില്‍ പതിപ്പിച്ചതില്‍ ആദ്യ സ്ഥാനം പയ്യോളി എക്സ്‍പ്രസ്സിനാണ്. നമ്മുടെ സ്വപ്‍നങ്ങളേക്കാള്‍ വേഗത്തില്‍ ഓടിയ പി ടി ഉഷയ്‍ക്കു 1984 ലോസ് ആഞ്ചലസ് ഒളിമ്പിക്സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ വെങ്കല മെഡല്‍ നഷ്‍ടമായത് സെക്കന്റിന്റെ നൂറിലൊരംശത്തിനാണ്.

ഉഷ 1980,1984,1988,1996 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ഒളിമ്പിക്സ് സ്വപ്‍നങ്ങളില്‍ പ്രധാനിയായിരുന്നു. ഷൈനിയെന്ന മധ്യദൂര ഓട്ടക്കാരിയും ഇന്ത്യക്കായി ഒളിമ്പിക്സില്‍ ഓടിയ മലയാളി താരങ്ങളില്‍ പ്രമുഖയാണ്. 1984 മുതല്‍ 1996 വരെയുള്ള എല്ലാ ഒളിമ്പിക്സിലും ഷൈനി ഇന്ത്യക്കായി മത്സരിച്ചു. ഏറ്റവുമധികം തവണ ഒളിമ്പിക്സില്‍ പങ്കെടുത്ത മലയാളിയെന്ന ബഹുമതി പി ടി ഉഷയ്‍ക്കു ഷൈനി വില്‍സണും അവകാശപ്പെട്ടതാണ്. ഇരുവരും നാല് ഒളിമ്പിക്സുകളില്‍ ഇന്ത്യക്ക് വേണ്ടി മത്സരിച്ചു. ഇന്ത്യയുടെ ഇതിഹാസ ഹോക്കി താരമായി വളര്‍ന്ന പി ആര്‍ ശ്രീജേഷിന്റെയും നാലാമത്തെ ഒളിമ്പിക്സാണ് പാരീസിലേത്.

ഒളിമ്പിക്സിന്റെ അത്‌ലെറ്റിക് ഇനങ്ങളുടെ ഫൈനലില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ വനിത പി ടി ഉഷയാണെന്നതും മലയാളിക്ക് അഭിമാനമാകുന്നു. സെമിഫൈനലില്‍ ഇടം നേടാനായ മലയാളി താരങ്ങള്‍ ഷൈനി വില്‍സണും കെ എം ബീനാമോളുമാണ്. 2000ലെ ഒളിമ്പിക്സിന്റെ 400 മീറ്റര്‍ സെമിഫൈനലില്‍ ബീനാമോള്‍ മത്സരിച്ചു. തുടര്‍ച്ചയായി മൂന്ന് ഒളിമ്പിക്സില്‍ ഇന്ത്യക്ക് വേണ്ടി മത്സരിക്കാന്‍ ബീനാമോളിനായി. 2004 ഏതന്‍സ് ഒളിമ്പിക്സില്‍ മലയാളിയായ കെ എം ബിനു 400 മീറ്ററില്‍ ദേശീയ റെക്കോര്‍ഡും സ്ഥാപിച്ചു. 1960 ഒളിമ്പിക്സില്‍ മില്‍ഖാ സിംഗ് സ്ഥാപിച്ച 45.73 സെക്കന്‍ഡിന്റെ റെക്കോര്‍ഡാണ് ബിനു തിരുത്തിയത്. ബിനു 2004ല്‍ 400 മീറ്റര്‍ ഓടിയെത്തിയത് 45.48 സെക്കന്‍ഡിലാണ്.

ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന് 1956 ഒളിമ്പിക്സില്‍ നാലാം സ്ഥാനം ലഭിച്ചു. ആ ടീമില്‍ രണ്ട് മലയാളികളുണ്ടായിരുന്നു. എസ് എസ് നാരായണനും അബ്‍ദുള്‍ റഹ്‌മാനും. ഇപ്പോഴത്തെ നിയമമനുസരിച്ച് സെമിഫൈനലിലെത്തിയാല്‍ വെങ്കലം ഉറപ്പാണ്. 1956 ല്‍ മൂന്നാം സ്ഥാനക്കാരെ നിശ്ചയിക്കാന്‍ സെമിഫൈനലില്‍ പരാജയപ്പെട്ട ടീമുകള്‍ ഏറ്റുമുട്ടി. അതിനാലാണ് നാരായണനും റഹ്‌മാനും മെഡല്‍ നേടാനാകാത്തത്. 1960 ലെ ഒളിമ്പിക്സില്‍ പങ്കെടുത്ത മലയാളികളെല്ലാം ഫുട്ബോള്‍ ടീമിലെ അംഗങ്ങളായിരുന്നുവെന്ന പ്രത്യേകതയുമുണ്ട്. ഒളിമ്പിക്സില്‍ ആദ്യമായി പങ്കെടുത്ത മലയാളി കണ്ണൂര്‍ക്കാരന്‍ സി കെ ലക്ഷ്‍മണന്‍ ആണ്. 1924 ല്‍ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ പങ്കെടുക്കാനാണ് സി കെ ലക്ഷ്‍മണന്‍ പാരീസിലെത്തിയത്. ഇന്ത്യന്‍ ആര്‍മിയിലെ മേജര്‍ ജനറലായിരുന്ന ലക്ഷ്‍മണനൊപ്പം പാരീസിലെത്തിയ ഇന്ത്യന്‍ ടീമില്‍ എട്ട് അംഗങ്ങള്‍ മാത്രമാണുണ്ടായിരുന്നത്.

കൂടുതല്‍ കേരളീയര്‍ പങ്കെടുത്തത് 2016ലാണ് 11 മലയാളികളാണ് ഇന്ത്യക്ക് വേണ്ടി മത്സരിച്ചത്. 2020 ഒളിമ്പിക്സില്‍ ഒമ്പത് മലയാളികളും. പാരീസില്‍ 2024 ഒളിമ്പിക്സ് തുടങ്ങാനിരിക്കുമ്പോള്‍ മലയാളികളും പ്രതീക്ഷകളിലാണ്.

Read More: എല്‍ 360ന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോ പുറത്ത്, സാധാരണക്കാരനായി നായകൻ മോഹൻലാല്‍

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios