സൗഹൃദ മത്സരമാണെങ്കിലും സാരമില്ല, മകന്റെ സ്കൂളിലെ ഓട്ടമത്സരത്തില് മിന്നല് പിണരായി ജമൈക്കന് താരം
മറ്റ് രക്ഷിതാക്കളെ ബഹുദൂരം പിന്നിലാക്കി മിന്നല്‍ പിണര്‍ പോലെ പാഞ്ഞു പോകുന്ന വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
കുട്ടികളുടെ സ്കൂളില്‍ രക്ഷിതാക്കള്‍ക്കായുള്ള കായികമേളയില്‍ പങ്കെടുക്കാനെത്തിയ ഒളിംപിക് താരത്തിന്‍റഎ വീഡിയോ വൈറലാവുന്നു. രക്ഷിതാക്കള്‍ക്കായി നടത്തിയ ഓട്ട മത്സരം മൂന്ന് തവണ ഒളിംപിക് സ്വര്‍ണമെഡല് ജേതാവായ താരം നിമിഷ നേരംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ജമൈക്കന്‍ വനിതാ താരം ഷെല്ലി ആന്‍ ഫ്രേസര്‍ പ്രൈസിന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുള്ളത്. മറ്റ് രക്ഷിതാക്കളെ ബഹുദൂരം പിന്നിലാക്കി മിന്നല്‍ പിണര്‍ പോലെ പാഞ്ഞു പോകുന്ന വീഡിയോയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ലോകത്തിലെ ഏറ്റവും വേഗതയേറിയ വനിതകളില്‍ മൂന്നാം സ്ഥാനുത്തുള്ള കായിക താരം കൂടിയാണ് ഷെല്ലി ആന്‍ ഫ്രേസര്‍. അടുത്തിടെ ബ്രിട്ടന്‍റെ ദീര്‍ഘ ദൂര ഓട്ട മത്സര താരമായ മോ ഫറയ്ക്ക് മക്കളുടെ സ്കൂളിലെ സ്പോര്‍ട്സ് ദിനത്തിലെ മത്സരത്തില്‍ രണ്ടാം സ്ഥാനമാണ് നേടാനായിരുന്നത്. ജീന്‍സ് ധരിച്ച് പങ്കെടുത്ത ഒരു പിതാവിനോടുള്ള പരാജയത്തിന് പിന്നാലെ സ്പ്രിന്‍റ് മത്സരങ്ങള്‍ തന്‍റെ കയ്യില്‍ നില്‍ക്കുന്ന കാര്യമല്ലെന്നും മോ ഫറ പ്രതികരിച്ചിരുന്നു. സമാനമായ ഒരു സാഹചര്യം ഉണ്ടാവരുതെന്ന ശ്രദ്ധയോടെയാണ് ഷെല്ലി ഗ്രൌണ്ടിലിറങ്ങിയതെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍. പുല്ല് നിറഞ്ഞ ട്രാക്കിലൂടെ മകന്‍റെ സഹപാഠികളുടെ അമ്മമാരെ ബഹുദൂരം പിന്നിലാക്കിയാണ് ഷെല്ലി മത്സരം പൂര്‍ത്തിയാക്കിയത്. പോക്കറ്റ് റോക്കറ്റ് എന്ന വിളിപ്പേരുള്ള 36കാരിയായ താരം നേരത്തെ മകന്‍റെ ജനനത്തിന് പിന്നാലെ ട്രാക്കിലേക്ക് ഗംഭീര തിരിച്ചുവരവ് നടത്തിയിരുന്നു.
2022ല്‍ ലോക ചാമ്പ്യന്‍ഷിപ്പ് സ്വന്തമാക്കുന്ന പ്രായമേറിയ വനിതയെന്ന സ്ഥാനവും ഷെല്ലി നേടിയിരുന്നു. 2008 ഒളിംപിക്സിലും 2012ലും നൂറ് മീറ്റര്‍ ജേതാവായിരുന്നു ഷെല്ലി. ഷെല്ലിയുടെ അഞ്ച് വയസുകാരന്‍ മകന്‍റെ സ്കൂളിലെ രക്ഷിതാക്കളുടെ മത്സരം നടന്നത് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു. 2017ലാണ് ഷെല്ലിയുടെ മകന്‍ സിയോണ്‍ ജനിക്കുന്നത്. കുട്ടികളുണ്ടായ ശേഷം സ്പോര്‍ട്സ് കരിയറാക്കുന്ന സ്ത്രീകളുടെ എണ്ണം ശുഷ്കമാവുമ്പോള്‍ കുടുംബ ജീവിതവും കരിയറും ഒപ്പം കൊണ്ടുപോയ ഷെല്ലി ട്രാക്കിലേക്ക് അതിഗംഭീര പ്രകടനത്തോടെയാണ് തരികെ വന്നതും. 2024ലെ ഒളിംപിക്സ് തയ്യാറെടുപ്പിലാണ് താരമുള്ളത്.