Laureus World Sports Awards 2022 : ഒളിംപിക്‌സ് ചാമ്പ്യന്‍ നീരജ് ചോപ്രയ്‌ക്ക് നാമനിര്‍ദ്ദേശം

ടോക്കിയോ ഒളിംപിക്‌സ് ജാവലിന്‍ ത്രോയിൽ സ്വര്‍ണം നേടിയ മികവിനാണ് അംഗീകാരം

Olympic gold medalist Neeraj Chopra nominated for 2022 Laureus World Breakthrough of the Year Award

ദില്ലി: കായിക ഓസ്‌കര്‍ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരത്തിനുള്ള (Laureus World Sports Awards 2022) ചുരുക്കപ്പട്ടികയിൽ ഒളിംപിക്‌സ് ചാമ്പ്യന്‍ നീരജ് ചോപ്രയും (Neeraj Chopra). വഴിത്തിരിവാകുന്ന മുന്നേറ്റങ്ങൾക്കുളള വിഭാഗത്തിലാണ് നാമനിര്‍ദ്ദേശം. ടോക്കിയോ ഒളിംപിക്‌സ് (Tokyo 2020) ജാവലിന്‍ ത്രോയിൽ സ്വര്‍ണം നേടിയ മികവിനാണ് അംഗീകാരം. 

യുഎസ് ഓപ്പൺ കിരീടം നേടിയ ടെന്നിസ് താരങ്ങളായ ഡാനിൽ മെദ്‍‍വദേവ്, എമ്മ റാഡുക്കാനു, ഫുട്ബോള്‍ താരം പെഡ്രി, ഓസ്ട്രേലിയന്‍ നീന്തൽ താരം ആരിയാര്‍നെ ടിറ്റ്മസ്, വെനസ്വേലന്‍ ട്രിപ്പിൾ ജംപ് താരം യൂലിമാര്‍ റോഹസ് എന്നിവരും ചുരുക്കപ്പട്ടികയിൽ ഉണ്ട്. ലോകമെമ്പാടുമുളള 1300 സ്പോര്‍ട്‌സ് ലേഖകര്‍ അടങ്ങുന്ന പാനലാണ് ചുരുക്കപ്പട്ടിക തയ്യാറാക്കിയത്. ലോറസ് നാമനിര്‍ദേശം ലഭിക്കുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് നീരജ്. വിനേഷ് ഫോഗത്തും സച്ചിന്‍ ടെന്‍ഡുല്‍ക്കറുമാണ് ഇതിന് മുന്‍പ് നാമനിര്‍ദ്ദേശം ലഭിച്ച ഇന്ത്യക്കാര്‍. ഏപ്രിലില്‍ വിജയിയെ പ്രഖ്യാപിക്കും. 

മറ്റ് ചുരുക്കപ്പട്ടികകള്‍

ലോറസ് പുരസ്കാരത്തിലെ മറ്റ് വിഭാഗങ്ങളിലെ ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിച്ചു. മികച്ച പുരുഷ താരത്തിനുളള പുരസ്കാരത്തിനായി അമേരിക്കന്‍ ഫുട്ബോള്‍ താരം ടോം ബ്രാഡി, പോളിഷ് ഫുട്ബോള്‍ താരം റോബര്‍ട്ട് ലെവന്‍ഡോവ്സ്കി, ഫോര്‍മുല വൺ ചാമ്പ്യന്‍ മാക്സ് വെര്‍സ്റ്റപ്പന്‍, ലോക ഒന്നാം നമ്പര്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ച്, മാരത്തോൺ ഇതിഹാസം എലിയൂഡ് കിപ്‍‍ചോഗെ, അമേരിക്കന്‍ നീന്തൽ താരം കെയ്‍‍ലബ് ഡ്രെസ്സൽ എന്നിവര്‍ മത്സരിക്കും.

മികച്ച വനിതാ താരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ജെമൈക്കന്‍ സ്പ്രിന്‍റ് വിസ്മയം എലെയിന്‍ തോംസൺ, അമേരിക്കയുടെ അലിസൺ ഫെലിക്സ്, ഓസ്ട്രേലിയന്‍ നീന്തൽ താരം എമ്മ മക്കോൺ, അമേരിക്കന്‍ നീന്തൽ താരം കാറ്റി ലെ‍ഡെക്കി എന്നിവര്‍ ഇടം കണ്ടെത്തി. യൂറോ കപ്പ് നേടിയ ഇറ്റാലിയന്‍ ടീം, കോപ്പ അമേരിക്ക കിരീടം നേടിയ ലിയോണല്‍ മെസിയുടെ അര്‍ജന്‍റീന, ബാഴ്സലോണ വനിതാ ഫുട്ബോള്‍ ടീം, ചൈനയുടെ ഒളിംപിക് ഡൈവിംഗ് ടീം, ഫോര്‍മുല വൺ കിരീടം നേടിയ മെഴ്സിഡീസ് തുടങ്ങിയ ടീമുകള്‍ മികച്ച ടീമിനുള്ള പുരസ്കാരത്തിനായി മത്സരിക്കും

ടോക്കിയോ ഒളിംപികസിൽ മാനസിക സമ്മര്‍ദ്ദം അതിജീവിച്ച് മെഡൽ നേടിയ അമേരിക്കന്‍ ജിംനാസ്റ്റ് സിമോൺ ബൈൽസ് അടക്കം നാല് പേര്‍ക്ക് മികച്ച തിരിച്ചുവരവിന് നാമനിര്‍ദ്ദേശം ലഭിച്ചു. 

 

Latest Videos
Follow Us:
Download App:
  • android
  • ios