Neeraj Chopra : പരിശീലനത്തിനായി നീരജ് ചോപ്ര ഫിൻലൻഡിലേക്ക്; എല്ലാ സഹായങ്ങളുമൊരുക്കി കേന്ദ്ര സര്‍ക്കാര്‍

അമേരിക്കയിൽ മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷം തുർക്കിയിലെ ഗ്ലോറിയ സ്പോർട്സ് അരീനയിലാണ് നീരജ് ചോപ്ര ഇപ്പോൾ പരിശീലിക്കുന്നത്

Olympic Gold medalist in Javelin Neeraj Chopra travel to Finland for training

ദില്ലി: ഒളിംപിക് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര(Neeraj Chopra) പരിശീലനത്തിനായി ഇന്ന് ഫിൻലൻഡിലേക്ക്. കേന്ദ്രസർക്കാർ പരിശീലനത്തിനായി 9.8 ലക്ഷം രൂപ അനുവദിച്ചു. ടോക്കിയോ ഒളിംപിക്സിൽ സ്വർണം നേടിയ ശേഷം പാരീസ് ലക്ഷ്യമിട്ടാണ് നീരജ് ചോപ്രയുടെ പരിശീലനം. ഏഷ്യൻ ഗെയിംസ് മാറ്റിവച്ചെങ്കിലും അടുത്ത 2 കൊല്ലത്തിനിടയിൽ ഒളിംപിക്സ് ഉൾപ്പെടെ നാലോളം പ്രധാന ഗെയിംസുകളിലാണ് നീരജ് മത്സരിക്കേണ്ടത്.

അമേരിക്കയിൽ മൂന്ന് മാസത്തെ പരിശീലനത്തിന് ശേഷം തുർക്കിയിലെ ഗ്ലോറിയ സ്പോർട്സ് അരീനയിലാണ് നീരജ് ചോപ്ര ഇപ്പോൾ പരിശീലിക്കുന്നത്. നീരജ് പങ്കെടുക്കേണ്ട അടുത്ത പ്രധാന ഗെയിംസുകൾ ഫിൻലൻഡിലാണെന്നതാണ് നേരത്തെ പരിശീലന കേന്ദ്രം മാറ്റാനുള്ള തീരുമാനത്തിന് കാരണം. ഒളിംപിക്സ് നിലവാരത്തിലുള്ള ഇൻഡോർ, ഔട്ട്‍ഡോർ പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഫിൻലൻഡിലെ കൂർട്ടെൻ ഒളിംപിക് സെന്‍ററിലുണ്ട്. ജൂൺ 22 വരെയാകും നീരജ് ഫിൻലൻഡിൽ തുടരുക. ഫിൻഡൻഡിലെ ടുർക്കു, പാവോ നൂർമി ഗെയിംസിലാണ് സീസണിൽ നീരജ് ആദ്യം ഇറങ്ങുക. കൂർട്ടെൻ ഗെയിംസ്, സ്റ്റോക്ക് ഹോമിലെ ഡയമണ്ട് ലീഗ് എന്നിവിടങ്ങളിലും നീരജ് മത്സരിക്കും.

ഈ വർഷം 90 മീറ്റർ മറികടക്കുകയാണ് ലക്ഷ്യമെന്ന് നീരജ് നേരത്തെ വ്യക്തമാക്കിയിരുന്നു. 88.07 മീറ്ററാണ് നീരജിന്‍റെ മികച്ച പ്രകടനം. ടാർഗറ്റ് ഒളിംപിക് പോഡിയത്തിൽ ഉൾപ്പെടുത്തി 28 ദിവസത്തെ പരിശീലനത്തിനായി 9.8 ലക്ഷം രൂപ കേന്ദ്രസർക്കാർ അനുവദിച്ചിട്ടുണ്ട്. സ്പോർട്സ് അതോറിറ്റിയുടെ ആവശ്യപ്രകാരം നീരജിന് സൗകര്യങ്ങളൊരുക്കാൻ ഹെൽസിങ്കിയിലെ ഇന്ത്യൻ എംബസിക്കും നിർദേശം നൽകി. ജർമൻ പരിശീലകൻ ക്ലോസ് ബർട്ടോണിറ്റ്സും നീരജിനൊപ്പം യാത്ര തിരിക്കും. പാരാലിംപിക്സ് സ്വർണമെഡൽ ജേതാവ് ദേവേന്ദ്ര ജജാരിയയും ഫിൻലൻഡിൽ പരിശീലനത്തിനുണ്ട്.

ഒളിംപിക്സ് അത്‍ലറ്റിക്സിൽ ഇന്ത്യയുടെ ആദ്യ സ്വർണമാണ് നീരജ് ചോപ്ര ടോക്കിയോയിൽ നേടിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണ നേട്ടം. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളുവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടുകയായിരുന്നു. അവസാന മൂന്ന് റൗണ്ടിലെ നീരജിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തില്ല.

IPL 2022 : പകരക്കാരനായി ആര്‍സിബി ടീമിലെത്തി; ഒടുവില്‍ തകര്‍പ്പന്‍ റെക്കോര്‍ഡിട്ട് രജത് പട്ടിദാർ

Latest Videos
Follow Us:
Download App:
  • android
  • ios