ഒളിംപിക്സ് ഫുട്ബോള്‍: ബ്രസീലും സ്പെയിനും സെമിയില്‍
യൂറോ കപ്പ് സെമിയില്‍ ഇറ്റലിയോട് തോറ്റ് പുറത്തായ സ്പെയിന്‍ 21 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒളിംപിക് ഫുട്ബോള്‍ സെമിയിലെത്തുന്നത്. റാഫ് മിറിന്‍റെ ഹാട്രിക്കാണ് എക്സ്ട്രാ ടൈമില്‍ ഐവറികോസ്റ്റിനെ മറികടന്ന് സെമിയിലെത്താന്‍ സ്പെയിനിനെ സഹായിച്ചത്.
ടോക്യോ: ഒളിംപിക്സ് ഫുട്ബോളില്‍ ബ്രസീലും സ്പെയിനും സെമിയിലെത്തി. ഐവറികോസ്റ്റിനെ എക്സ്ട്രാ ടൈമില്‍ 5-2ന് തകര്‍ത്താണ് സ്പെയിനിന്‍റെ സെമി പ്രവേശം. നിലവിലെ സ്വര്‍ണമെഡല്‍ ജേതാക്കളായ ബ്രസീല്‍ എതിരില്ലാത്ത ഒരു ഗോളിന് ഈജിപ്തിനെയാണ് മറികടന്നത്. 37-ാം മിനിറ്റില്‍ റിച്ചാലിസന്‍റെ പാസില്‍ നിന്ന് മാത്തേയുസ കുന ആണ് ബ്രീസിലിന്‍റെ വിജയഗോള്‍ നേടിയത്.
ഒന്നാം സെമിയില്‍ സ്പെയിന്‍ ആതിഥേയരായ ജപ്പാനെയും രണ്ടാം സെമിയില്‍ ബ്രസീല്‍ മെക്സിക്കോയെയുമാണ് നേരിടുക. ന്യൂസിലന്‍ഡിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍(4-2) കീഴടക്കിയാണ് ജപ്പാന്‍ സെമിയിലെത്തിയത്. ഗോള്‍മഴ കണ്ട മറ്റൊരു ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ദക്ഷിണ കൊറിയയെ വീഴ്ത്തിയാണ് മെക്സിക്കോ സെമിയിലെത്തിയത്. മൂന്നിനെതിരെ ആറു ഗോളുകള്‍ക്കായിരുന്നു മെക്സിക്കോയുടെ വിജയം.
യൂറോ കപ്പ് സെമിയില്‍ ഇറ്റലിയോട് തോറ്റ് പുറത്തായ സ്പെയിന്‍ 21 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഒളിംപിക് ഫുട്ബോള്‍ സെമിയിലെത്തുന്നത്. റാഫ് മിറിന്‍റെ ഹാട്രിക്കാണ് എക്സ്ട്രാ ടൈമില്‍ ഐവറികോസ്റ്റിനെ മറികടന്ന് സെമിയിലെത്താന്‍ സ്പെയിനിനെ സഹായിച്ചത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഗോള്‍ വീതമടിച്ച് സമനിലയായതിനെത്തുടര്‍ന്നാണ് കളി എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്.
നിശ്ചിത സമയത്തിന്‍റെ ഇഞ്ചുറി ടൈമില്‍ ഐവറികോസ്റ്റിനായി മാക്സ് ഗ്രാഡേല്‍ സ്കോര്‍ ചെയ്തതോടെ സ്പെയിന്‍ തോല്‍വി ഉറപ്പിച്ചതായിരുന്നു. എന്നാല്‍ ഇഞ്ചുറി ടീം തീരുന്നതിന് തൊട്ടു മുമ്പ് റാഫാ മിര്‍ സ്പെയിനിന് സമനില സമ്മാനിച്ചു. ഐവറി കോസ്റ്റിന്‍റെ ആദ്യ ഗോള്‍ നേടിയ ഡിഫന്‍ഡര്‍ എറിക് ബെയ്‌ലി തന്നെ പെനല്‍റ്റി ബോക്സില്‍ പന്ത് കൈ കൊണ്ട് തൊട്ട് സ്പെയിനിന്‍റെ സമനില ഗോളിന് വഴിവെക്കുകയും ചെയ്തു.
എക്സ്ട്രാ ടൈമിന്‍റെ എട്ടാം മിനിറ്റില്‍ മൈക്കല്‍ ഓയാര്‍സബാള്‍ സ്പെയിനിന് ലീഡ് സമ്മാനിച്ചപ്പോള്‍ രണ്ട് ഗോളുകള്‍ കൂടി നേടി റാഫാ മിര്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കി.