2023ല്‍ 90 മീറ്റര്‍ ദൂരം മറികടക്കും; ആത്മവിശ്വാസം പ്രകടിപ്പിച്ച് നീരജ് ചോപ്ര

ടോക്കിയോ ഒളിംപിക്‌സ് ജാവലിൻ ത്രോയിലെ സ്വർണ നേട്ടത്തോടെ രാജ്യാന്തര വേദികളിൽ ഇന്ത്യയുടെ അഭിമാനമായി നീരജ് മാറിയിരുന്നു

Olympic champion Neeraj Chopra eyes to break 90m in 2023

ദില്ലി: ഈ വർഷം 90 മീറ്റർ മറികടക്കുകയാണ് ലക്ഷ്യമെന്ന് ഒളിപിക്‌സ് ജാവലിന്‍ സ്വർണ മെഡൽ ജേതാവ് നീരജ് ചോപ്ര. ഡയമണ്ട് ലീഗ് ഫൈനലിലെ സ്വർണ നേട്ടം ആത്മവിശ്വാസം വർധിപ്പിച്ചുവെന്നും നീരജ് ചോപ്ര പറഞ്ഞു.

ഇന്ത്യൻ അത്‍ലറ്റിക്‌സിന്‍റെ മുഖമാണ് ഇപ്പോള്‍ നീരജ് ചോപ്ര. ടോക്കിയോ ഒളിംപിക്‌സ് ജാവലിൻ ത്രോയിലെ സ്വർണ നേട്ടത്തോടെ രാജ്യാന്തര വേദികളിൽ ഇന്ത്യയുടെ അഭിമാനമായി നീരജ് മാറി. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയായിരുന്നു നീരജിന്‍റെ സ്വര്‍ണ നേട്ടം. പോയ വർഷത്തിലും നീരജ് ചരിത്രം കുറിച്ചു. ആദ്യം ലോക അത്‍ലറ്റിക്‌സ് ചാമ്പ്യൻഷിപ്പില്‍ വെള്ളി മെഡൽ കരസ്ഥമാക്കി. 88.13 മീറ്റര്‍ ദൂരം കണ്ടെത്തിയാണ് നീരജ് ചോപ്ര വെള്ളിയണിഞ്ഞത്. അഞ്ജു ബോബി ജോർജ്ജിന് ശേഷം ലോക ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ താരമായി ഇതോടെ നീരജ്. കൂടാതെ സൂറിച്ച് ഡമണ്ട് ലീഗ് ഫൈനലിൽ ഒന്നാമതെത്തിയും നീരജ് ചരിത്രം കുറിച്ചു. സൂറിച്ചില്‍ രണ്ടാം ശ്രമത്തില്‍ 88.40 മീറ്റർ ദൂരം താണ്ടിയാണ് ചോപ്ര ഡയമണ്ട് ലീഗില്‍ സ്വർണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തിയത്.

ഇതുവരെ 89.94 മീറ്ററാണ് നീരജിന്‍റെ മികച്ച ദൂരം. ദേശീയ റെക്കോർഡും ഇതുതന്നെ. 90 മീറ്റർ എപ്പോൾ മറികടക്കുമെന്ന ചോദ്യം അവസാനിപ്പിക്കുകയാണ് ഈ വർഷം തന്‍റെ ലക്ഷ്യമെന്ന് നീരജ് പറയുന്നു. ഇതിനായി കഠിന പരിശീലനം നടത്തുന്നുണ്ടെന്നും ഇരുപത്തിയഞ്ചുകാരനായ നീരജ് വ്യക്തമാക്കി. ഏഷ്യൻ ഗെയിംസും ലോക ചാമ്പ്യൻഷിപ്പുമാണ് ഈ വർഷം നീരജിന്‍റെ പ്രധാനപ്പെട്ട മത്സരങ്ങൾ. 2024ൽ പാരീസിൽ ഒളിംപിക്‌സ് സ്വർണം നിലനിർത്തുകയെന്ന വലിയ വെല്ലുവിളിയും നീരജിന് മുന്നിലുണ്ട്. 

നീരജ് രാജാവായ ടോക്കിയോ

ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണത്തിലൂടെ സ്വന്തമാക്കിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയായിരുന്നു നീരജിന്‍റെ സ്വര്‍ണ നേട്ടം. ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളൂവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി. അവസാന മൂന്ന് റൗണ്ടിലെ നീരജിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തിരുന്നില്ല.

ലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനം നാളെ; ആരാധകര്‍ പ്രതീക്ഷിക്കേണ്ടത് എന്തൊക്കെ?

Latest Videos
Follow Us:
Download App:
  • android
  • ios