ഇനി ശ്രദ്ധ 200 മീറ്റര്‍ മത്സരങ്ങളിലും; 2022 വരെയുള്ള മത്സരങ്ങളില്‍ നിന്ന് അവധിയെടുത്ത് മാഴ്‌സല്‍ ജേക്കബ്‌സ്
പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ജേക്കബ്‌സ് ടോക്യോയില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടിയയത്. പിന്നാലെ റിലേയില്‍ ഇറ്റാലിയന്‍ ടീമിനൊപ്പവും സ്വര്‍ണം സ്വന്തമാക്കി.
റോം: ടോക്യോ ഒളിംപിക്‌സിലെ ഇരട്ട സ്വര്‍ണമെഡല്‍ ജേതാവ് മാഴ്‌സല്‍ ജേക്കബ്‌സ് 2022 വരെ മത്സരങ്ങളില്‍ പങ്കെടുക്കില്ല. പ്രവചനങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ജേക്കബ്‌സ് ടോക്യോയില്‍ 100 മീറ്ററില്‍ സ്വര്‍ണം നേടിയയത്. പിന്നാലെ റിലേയില്‍ ഇറ്റാലിയന്‍ ടീമിനൊപ്പവും സ്വര്‍ണം സ്വന്തമാക്കി. എന്നാല്‍ വരുന്ന മത്സരങ്ങളില്‍ പങ്കെടുക്കില്ലെന്നാണ് താരം പറയുന്നത്. 200 മീറ്ററിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണത്. അടുത്ത വര്‍ഷം ലോക ചാംപ്യന്‍ഷിപ്പും യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പുമടക്കമുള്ള പ്രധാന മത്സരങ്ങളുണ്ട്. അവിടെ 200 മീറ്ററിലും തന്നെ കാണുമെന്ന് ജേക്കബ്‌സ് പറയുന്നു.
ഒളിംപിക്‌സിലെ ജയത്തിന് പിന്നില്‍ ഉത്തേജക മരുന്ന് പരിശോധനയാണെന്ന ബ്രിട്ടീഷ് മാധ്യമറിപ്പോര്‍ട്ടുകള്‍ക്കെതിരെ ശക്തമായ ഭാഷയിലാണ് ജേക്കബ്‌സ് വിമര്‍ശിച്ചത്. ലോകത്തെ ഞെട്ടിച്ചാണ് ഇറ്റാലിയന്‍ താരം ജേക്കബ്‌സ് ടോക്യോയില്‍ 100 മീറ്ററില്‍ കുതിച്ചെത്തിയത്. മത്സരം പൂര്‍ത്തിയാക്കിയത് 9.8 സെക്കന്‍ഡില്‍.
റിലേയില്‍ സ്വര്‍ണം നേടിയ ഇറ്റാലിയന്‍ ടീമിലും താരമുണ്ടായിരുന്നു. ലോകത്തിലെ അതിവേഗക്കാരനെ ട്രാക്കില്‍ വീണ്ടും കാണാന്‍ കാത്തിരുന്നവരോട് കഴിഞ്ഞ ദിവസമാണ് അവധിയെടുക്കുന്ന കാര്യം താരം അറിയിച്ചത്. ഡയമണ്ട് ലീഗിലടക്കം ജേക്കബ്‌സ് വിട്ടുനില്‍ക്കും. 100, 200 മീറ്റര്‍ മത്സരങ്ങള്‍ക്ക് പുറമെ റിലേ മത്സരങ്ങള്‍ക്കും താരം തയ്യാറെടുക്കും.
ജേക്കബ്‌സിന്റെ ജയത്തിന് പിന്നില്‍ ഉത്തേജമരുന്നാണെന്ന് ചില ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ശക്തമായ ഭാഷയിലാണ് ഇതിനോട് താരത്തിന്റെ പ്രതികരണം. ഏറെ കഷ്ടപ്പെട്ടാണ് സ്വപ്നനേട്ടത്തിലെത്തിയതെന്നാണ് താരം പറഞ്ഞത്. ബ്രിട്ടനിലെ ഉത്തേജകമരുന്ന് വിവാദത്തിന് അവര്‍ മറുപടി പറയട്ടെയെന്ന് വ്യക്തമാക്കി ആരോപണം താരം ചിരിച്ചുതള്ളി.