വിമ്പിള്‍ഡണ്‍: ജോക്കോവിച്ച് ക്വാര്‍ട്ടറില്‍
ഹംഗറിയുടെ മാര്‍ട്ടണ്‍ ഫുക്സോവിക്സ് ആണ് ക്വാര്‍ട്ടറില്‍ ജോക്കോയുടെ എതിരാളി. റഷ്യയുടെ ആന്ദ്രെ റുബലെവിനെ അഞ്ച് സെറ്റ് ത്രില്ലറില്‍ കീഴടക്കിയാണ് ഫുക്സോവിക്സ് ക്വാര്‍ട്ടറിലെത്തിയത്.
ലണ്ടന്‍: ലോക ഒന്നാം നമ്പര്‍ താരവും നിലവിലെ ചാമ്പ്യനുമായ നൊവാക്ക് ജോക്കോവിച്ച് വിമ്പിള്‍ഡണ്‍ ക്വാര്‍ട്ടറിലെത്തി. പ്രീ ക്വാര്‍ട്ടറില്‍ ചിലിയുടെ ക്രിസ്റ്റ്യന്‍ ഗാരിനെ നേരിട്ടുള്ള സെറ്റുകളില്‍ വീഴ്ത്തിയാണ് ജോക്കോവിച്ച് കരിയറിലെ അമ്പതാം ഗ്രാന്‍ സ്ലാം ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. സ്കോര്‍ 6-2, 6-4, 6-2.എതിരാളിയുടെ സെര്‍വ് അഞ്ച് തവണ ബ്രേക്ക് ചെയ്ത ജോക്കോക്ക് സ്വന്തം സെര്‍വില്‍ ആകെ 13 പോയന്‍റുകള്‍ മാത്രമാണ് നഷ്ടമായത്.
ഹംഗറിയുടെ മാര്‍ട്ടണ്‍ ഫുക്സോവിക്സ് ആണ് ക്വാര്‍ട്ടറില്‍ ജോക്കോയുടെ എതിരാളി. റഷ്യയുടെ ആന്ദ്രെ റുബലെവിനെ അഞ്ച് സെറ്റ് ത്രില്ലറില്‍ കീഴടക്കിയാണ് ഫുക്സോവിക്സ് ക്വാര്‍ട്ടറിലെത്തിയത്. സ്പെയിനിന്‍റെ റോബര്‍ട്ടോ ബാറ്റിസ്റ്റയെ മൂന്ന് സെറ്റ് പോരാട്ടത്തില്‍ മറികടന്ന് കാനഡയുടെ ഡെനിസ് ഷപോലൊവും അവസാന എട്ടിലേക്ക് മുന്നേറി. സ്കോര്‍ 6-1 6-3 7-5.
വനിതാ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം ആഷ്‌ലി ബര്‍ട്ടിയും ക്വാര്‍ട്ടറിലെത്തി. പതിനഞ്ച് തുടര്‍ വിജയങ്ങളുടെ പകിട്ടുമായെത്തിയ ചെക് താരവും ഫ്രഞ്ച് ഓപ്പണ്‍ ചാമ്പ്യനുമായ ബാര്‍ബറ ക്രെജിക്കോവയെ നേരിട്ടുള്ള സെറ്റുകളില്‍ മറികടന്നാണ് ബര്‍ട്ടി ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. സ്കോര്‍ 7-5 6-3. റഷ്യയിടെ ല്യൂയിഡ്മില സംസോനോവയെ നേരിട്ടുള്ള സെറ്റുകലില്‍ തോല്‍പ്പിച്ച് ചെക് താരം കരോലീന പ്ലിസ്കോവയും വനിതാ വിഭാഗത്തില്‍ ക്വാര്‍ട്ടറിലെത്തി.