Novak Djokovic: ജോക്കോവിച്ചിനെതിരെ സ്പെയിനിലും അന്വേഷണം
കൊവിഡ് ചട്ടം ലംഘിച്ചതിന് ഓസ്ട്രേലിയയിലും ജന്മനാടായ സെര്‍ബിയയിലും ലോക ഒന്നാം നമ്പര്‍ താരത്തിനെതിരെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. ജോക്കോവിച്ചിന് സ്പെയിനിലും വീടുണ്ട്.
മാഡ്രിഡ്: കൊവിഡ് വാക്സീന്‍(ണCovid Vaccine) എടുക്കാതെ ഓസ്ട്രേലിയയിലെത്തിയ സെര്‍ബിയന്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിനെതിരെ(Novak Djokovic) സ്പെയിനിലും അന്വേഷണം. കൊവിഡ് വാക്സീന്‍ എടുക്കാതെ രാജ്യത്തെത്തിയ സംഭവത്തിലാണ് ആഭ്യന്തര വിദേശകാര്യ , ആരോഗ്യ വകുപ്പുകള്‍ അന്വേഷണം പ്രഖ്യാപിച്ചത്. വാക്സീന്‍ എടുക്കാത്ത സെര്‍ബിയന്‍ പൗരന്മാര്‍ക്ക് സെപ്റ്റംബര്‍ 20 മുതൽ സ്പെയിനിൽ പ്രവേശനവിലക്കുണ്ട്.
ജോക്കോവിച്ച് പ്രത്യേക ഇളവിനൊന്നും അപേക്ഷിച്ചിട്ടില്ലെന്ന് സ്പാനിഷ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മൂന്ന് രാജ്യങ്ങളില്‍ അന്വേഷണം നേരിടുന്ന സാഹചര്യത്തിലാണ് ജോക്കോവിച്ച്. കൊവിഡ് ചട്ടം ലംഘിച്ചതിന് ഓസ്ട്രേലിയയിലും ജന്മനാടായ സെര്‍ബിയയിലും ലോക ഒന്നാം നമ്പര്‍ താരത്തിനെതിരെ അന്വേഷണം പുരോഗമിക്കുന്നുണ്ട്. ജോക്കോവിച്ചിന് സ്പെയിനിലും വീടുണ്ട്.
വിസ റദ്ദാക്കുമോ ?ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നു
കൊവിഡ് വാക്സീന്‍ എടുക്കാതെ ഓസ്ട്രേലിയയിലെത്തിയ സെര്‍ബിയന്‍ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിന്‍റെ വീസ വീണ്ടും റദ്ദാക്കുന്നതിൽ, ഓസ്ട്രേലിയന്‍ സര്‍ക്കാരിന്‍റെ തീരുമാനം വൈകുന്നു. കുടിയേറ്റ വകുപ്പ് മന്ത്രി ഉചിതമായ തീരുമാനം എടുക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി സ്കോട് മോറിസൺ കൂടുതൽ പ്രതികരണങ്ങള്‍ക്ക് മുതിര്‍ന്നില്ല. അതേസമയം വാക്സീന്‍ എടുക്കാത്ത വിദേശപൗരന്മാരോടുള്ള സമീപനത്തിൽ മാറ്റമില്ലെന്നും മോറിസണ്‍ പറഞ്ഞു.
അതിനിടെ ജോക്കോവിച്ചിനെ ഉള്‍പ്പെടുത്തി ഓസ്ട്രേലിയന്‍ ഓപ്പൺ മത്സരക്രമം പുറത്തുവിട്ടു. ടോപ് സീഡ് താരമായ ജോക്കോവിച്ച് ആദ്യ റൗണ്ടിൽ നാട്ടുകാരനായ കെച്മാനോവിച്ചിനെ നേരിടും. തിങ്കളാഴ്ചയാണ് ടൂര്‍ണമെന്‍റ് തുടങ്ങുന്നത്. ജോക്കോവിച്ചിനെ നാട്ടിലേക്ക് തിരിച്ചയക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചാൽ കോടതിയെ സമീപിക്കുമെന്ന് താരത്തിന്‍റെഅഭിഭാഷകന്‍ വ്യക്തമാക്കി.