Novak Djokovic: ഡിസംബറില്‍ കൊവിഡ‍് ബാധിതനായി; തെളിവുകള്‍ ഹാജരാക്കി ജോക്കോവിച്ച്
ഡിസംബറിൽ കൊവിഡ് ബാധിതനായതിനാലാണ് പ്രത്യേക വാക്സിന്‍ ഇളവിന് അപേക്ഷിച്ചതെന്നും ജോക്കോവിച്ചിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഡിസംബര്‍ 16ന് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോഗവിവരം സ്ഥിരീകരിക്കപ്പെട്ടതെന്നും 32 പേജുള്ള സത്യവാങ്മൂലത്തിലൂടെ ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
മെല്‍ബണ്‍: സീസണിലെ ആദ്യ ഗ്രാന്‍സ്ലാം ടൂര്‍ണമെന്‍റായ ഓസ്ട്രേലിയന്‍ ഓപ്പണില്‍(Australian Open) പങ്കെടുക്കാനെത്തിയ നൊവാക് ജോക്കോവിച്ചിന്(Novak Djokovic) ഓസ്ട്രേലിയില്‍ പ്രവേശിക്കാനുള്ള വിസ ഉണ്ടായിരുന്നുവെന്നും ഓസ്ട്രേലിയന്‍ ഓപ്പണ്‍ സംഘാടകര്‍ വാക്സിന്‍ ഇളവ് അനുവദിച്ചിരുന്നുവെന്നും വ്യക്തമാക്കി ജോക്കോയുടെ അഭിഭാഷകന്‍ കോടതിയില്‍.
ഡിസംബറിൽ കൊവിഡ് ബാധിതനായതിനാലാണ് പ്രത്യേക വാക്സിന്‍ ഇളവിന് അപേക്ഷിച്ചതെന്നും ജോക്കോവിച്ചിന്‍റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഡിസംബര്‍ 16ന് നടത്തിയ ആര്‍ടിപിസിആര്‍ പരിശോധനയിലാണ് രോഗവിവരം സ്ഥിരീകരിക്കപ്പെട്ടതെന്നും 32 പേജുള്ള സത്യവാങ്മൂലത്തിലൂടെ ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
അടുത്തിടെ കൊവിഡ് ബാധിതനായ വ്യക്തിയെന്ന നിലയിൽ , ഡിസംബര്‍ 30ന് ഓസ്ട്രേലിയന്‍ ഓപ്പൺ അധികൃതര്‍ ഇളവ് നൽകിയെന്നാണ് ജോക്കോവിച്ചിന്‍റെ വാദം. ഓസ്ട്രേലിയയിലെ ആഭ്യന്തര മന്ത്രാലയം ജോക്കോവിച്ചിന് വാക്സിന്‍ ഇളവ് നല്‍കിയിരുന്നുവെന്ന് വ്യക്തമാക്കുന്ന രേഖകളും അഭിഭാഷകന്‍ കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. കേസില്‍ കോടതില്‍ തിങ്കളാഴ്ചയാണ് ഇനി വാദം കേള്‍ക്കുക. എന്നാൽ ജോക്കോവിച്ചിന്‍റെ ഈ ന്യായം ശരിയല്ലെന്ന അഭിപ്രായങ്ങള്‍ സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
അതിനിടെ നൊവാക് ജോക്കോവിച്ചിന് പിന്നാലെ ചെക് റിപ്പബ്ലിക്കിന്‍റെ വനിതാ താരത്തിന്‍റെയും വിസ റദ്ദാക്കി ഓസ്ട്രേലിയ. ഓസ്ട്രേലിയന്‍ ഓപ്പണിനായി എത്തിയ റെനാറ്റ വൊറാക്കോവയുടെ വീസ ആണ് റദ്ദാക്കിയത്. കൊവിഡ് വാക്സീന്‍ എടുക്കാത്ത റെനാറ്റയും പ്രത്യേക ഇളവിനായി അപേക്ഷിച്ചിരുന്നു. ജോക്കോവിച്ചിനെ താമസിപ്പിച്ചിരിക്കുന്ന രീക്ഷണ കേന്ദ്രത്തിലാണ് റെനാറ്റ ഇപ്പോള്‍. എന്നാൽ ഇവര്‍ അപ്പീൽ നൽകുമോയെന്ന് വ്യക്തമല്ല.
ഈ മാസം 17 മുതലാണ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്‍റ് തുടങ്ങുന്നത്. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ജയിച്ചാല്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടങ്ങളെന്ന റെക്കോര്‍ഡ് ജോക്കോവിച്ചിന് സ്വന്തമാവും. നിലവില്‍ 20 ഗ്രാന്‍സ്ലാം കിരീടങ്ങളുമായി റാഫേല്‍ നദാലിനും റോജര്‍ ഫെഡറര്‍ക്കുമൊപ്പമാണ് ജോക്കോവിച്ചും.