ഇറ്റാലിയന്‍ ഓപ്പണ്‍: സിറ്റ്‌സിപാസിന്റെ അട്ടിമറി ഭീഷണി മറികടന്ന് ജോക്കോവിച്ച് സെമിയില്‍
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ലോക ഒന്നാം നമ്പര്‍ താരം ജോക്കോവിച്ച് ഗ്രീസിന്റെ സിറ്റ്‌സിപാസിനെ മറികടന്നത്. സ്‌കോര്‍ 4-6, 7-5, 7-5.
റോം: സ്റ്റെഫാനോസ് സിറ്റ്‌സിപാസിന്റെ പോരാട്ടത്തെ അതിജീവിച്ച് നോവാക് ജോക്കോവിച്ച് ഇറ്റാലിയന്‍ ഓപ്പണിന്റെ സെമി ഫൈനലില്‍. ആതിഥേയതാരം ലൊറന്‍സൊ സൊനേഗോയും സെമിയില്‍ കടന്നിട്ടുണ്ട്. നേരത്തെ രണ്ടാം സീഡ് റാഫേല്‍ നദാലും സെമിയിലെത്തിയിരുന്നു.
മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ലോക ഒന്നാം നമ്പര്‍ താരം ജോക്കോവിച്ച് ഗ്രീസിന്റെ സിറ്റ്‌സിപാസിനെ മറികടന്നത്. സ്‌കോര്‍ 4-6, 7-5, 7-5. ആദ്യ സെറ്റ് സിറ്റ്‌സിപാസ് അനായാസം നേടിയിരുന്നു. എന്നാല്‍ രണ്ടാം സെറ്റില്‍ സെര്‍ബിയന്‍ താരം തിരിച്ചടിച്ചു. നിര്‍ണായമായ മൂന്നാം സെറ്റ് 6-4ന് സിറ്റ്‌സിപാസിന് സ്വന്തമാക്കാനുള്ള അവസരമുണ്ടായിരുന്നു. സര്‍വ് ബ്രേക്ക് ചെയ്ത് സ്‌കോര്‍ 5-5 ആക്കി. പിന്നീട് സ്വന്തം സെര്‍വില്‍ പോയിന്റ് നേടുകയും സിറ്റ്‌സിപാസിന്റെ സര്‍വ് ഭേദിക്കുകയും ചെയ്തതോടെ സെറ്റും മത്സരവും ജോക്കോ സ്വന്തമാക്കി.
ഏഴാം സീഡ് ആന്ദ്രേ റുബ്ലേവിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സൊനേഗൊ സെമിയില്‍ കടന്നത്. സ്‌കോര്‍ 3-6, 6-4, 6-3. സെമിയില്‍ ജോക്കോവിച്ചിനെയാണ് ഇറ്റാലിയന്‍ താരം നേരിടുക. നേരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് അലക്‌സാണ്ടര്‍ സ്വെരേവിനെ മറികടന്ന റാഫേല്‍ നദാല്‍ സെമിയിലെത്തിയിരുന്നു. സ്‌കോര്‍ 3-6, 4-6. യുഎസിന്റെ റില്ലി ഒപെല്‍ക്കയാണ് സെമിയില്‍ നദാലിന്റെ എതിരാളി. അര്‍ജന്റീനയുടെ ഫെഡറികോ ഡെല്‍ബോണിസിനെ 7-5, 7-6ന് തോല്‍പ്പിച്ചാണ് ഒപെല്‍ക സെമിയിലെത്തിയത്.