ഗ്യാലറിയിലെ കുഞ്ഞു പരിശീലകന് റാക്കറ്റ് സമ്മാനിക്കാനുള്ള കാരണം വ്യക്തമാക്കി ജോക്കോവിച്ച്
അവൻ അക്ഷരാർത്ഥത്തിൽ എന്നെ പരിശീലിപ്പിക്കുകയായിരുന്നു. അതെനിക്ക് വളരെ രസകരമായി തോന്നി. അതുകൊണ്ടാണ് മത്സരശേഷം എന്റെ റാക്കറ്റ് ഞാനവന് നൽകിയത്.
പാരീസ്: ഫ്രഞ്ച് ഓപ്പൺ ഫൈനലിൽ സ്റ്റെഫാനോ സിറ്റ്സിപാസിനെതിരെ ആദ്യ രണ്ട് സെറ്റ് നഷ്ടമായശേഷം തിരിച്ചടിച്ച് തുടർച്ചയായി മൂന്ന് സെറ്റ് നേടി നൊവാക്ക് ജോക്കോവിച്ച് കിരീടം നേടിയ ആവേശപ്പൊരാട്ടത്തിനൊടുവിൽ റൊളാംഗ് ഗാരോസിൽ കണ്ടത് അതിസുന്ദരമായ മറ്റൊരു കാഴ്ച. ചരിത്രനേട്ടം സ്വന്തമാക്കിയതിന്റെ ആവേശമൊന്നും പുറത്തു പ്രകടിപ്പികാതെ സിറ്റ്സിപാസിന് കൈകൊടുത്തശേഷം ജോക്കോ നേരെ പോയത് ഗ്യാലറിയിലെ ഒരു കുഞ്ഞു ബാലന്റെ അടുത്തേക്കായിരുന്നു.
തന്റെ പ്രിയപ്പെട്ട റാക്കറ്റ് ബാലന് സമ്മാനിച്ചശേഷമാണ് ജോക്കോവിച്ച് സ്വന്തം ഇരിപ്പിടത്തിലേക്ക് മടങ്ങിയത്. അപ്രതീക്ഷിതമായി ലഭിച്ച ആ സമ്മാനം കണ്ട് ആ കുഞ്ഞുബാലൻ സന്തോഷത്താൽ തുള്ളിച്ചാടി. അത് കാണികളുടെയും മനം നിറച്ചു. ആ റാക്കറ്റ് അവന് സമ്മാനിക്കാനുള്ള കാരണം പിന്നീട് വാർത്താസമ്മേളനത്തിൽ ജോക്കോ വിശദീകരിച്ചു.
ഗ്യാലറിയിലിരുന്ന് അവന്റെ പരിശീലനവും ഉപദേശവും പ്രചോദനവുമാണ് എന്നെ കിരീടത്തിലേക്ക് നയിച്ചത്. മത്സരം മുഴുവൻ ഗ്യാലറിയിൽ എന്റെ സമീപത്തായിരുന്നു അവൻ ഇരുന്നത്. ആദ്യ രണ്ട് സെറ്റ് നഷ്ടമായതിന് പിന്നാലെ അവൻ എന്നെ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. ഇടക്കിടെ ഉപദേശിച്ചു. ആദ്യ സെർവ് ശരിയായി ചെയ്യാനും പിന്നീട് ബാക് ഹാൻഡിലൂടെ പോയന്റ് നേടാനും അവൻ എന്നെ ഉപദേശിച്ചു.
അവൻ അക്ഷരാർത്ഥത്തിൽ എന്നെ പരിശീലിപ്പിക്കുകയായിരുന്നു. അതെനിക്ക് വളരെ രസകരമായി തോന്നി. അതുകൊണ്ടാണ് മത്സരശേഷം എന്റെ റാക്കറ്റ് ഞാനവന് നൽകിയത്. അത് അർഹിക്കുന്നത് അവനാണെന്ന് തോന്നി. മത്സരത്തിലുടനീളം പിന്തുണച്ചിതിനും പ്രോത്സാഹിപ്പിച്ചതിനുമുള്ള സ്നേഹോപഹാരമായിരുന്നു അത്-ജോക്കോവിച്ച് പറഞ്ഞു.