300 ഗ്രാന്‍ഡ്സ്ലാം വിജയങ്ങള്‍ പൂര്‍ത്തിയാക്കി ജോക്കോവിച്ച്; മെദ്‌വദേവ് ക്വാര്‍ട്ടറില്‍
362 ജയം സ്വന്തമാക്കിയിട്ടുള്ള സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ മാത്രമാണ് ജോക്കോവിച്ചിന് മുന്നിലുള്ളത്. നദാല്‍ 285 ഗ്രാന്‍സ്ലാം മത്സരം ജയിച്ചിട്ടുണ്ട്.
സിഡ്‌നി: 300 ഗ്രാന്‍ഡ്സ്ലാം ജയങ്ങള്‍ നേടുന്ന രണ്ടാമത്തെ പുരുഷതാരമായി നൊവാക് ജോക്കോവിച്ച്. ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നാലാം റൗണ്ടില്‍ മിലോസ് റാവോണിച്ചിനെ താല്‍പ്പിച്ചതോടെയാണ് സെര്‍ബിയക്കാരന്‍ നേട്ടത്തിലെത്തിയത്. നാല സെറ്റ് നീണ്ട പോരാട്ടത്തിലാണ് ജയം. 362 ജയം സ്വന്തമാക്കിയിട്ടുള്ള സ്വിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ മാത്രമാണ് ജോക്കോവിച്ചിന് മുന്നിലുള്ളത്. നദാല്‍ 285 ഗ്രാന്‍സ്ലാം മത്സരം ജയിച്ചിട്ടുണ്ട്. ക്വാര്‍ട്ടറില്‍ നാളെ ജര്‍മ്മനിയുടെ അലക്‌സാണ്ടര്‍ സ്വെരേവിനെയാണ് ജോക്കോവിച്ച് നേരിടുക.
റാവോണിച്ചിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോക്കോവിച്ച് ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 7-6, 4-6, 6-1, 6-4. ടൂര്‍ണമെന്റിലെ ഒന്നാം സീഡാണ് നിലവിലെ ചാംപ്യനായ ജോക്കോവിച്ച്. സെര്‍ബിയയുടെ ദസന്‍ ലാജോവിച്ചിനെ തോല്‍പ്പിച്ചാണ് സ്വെരേവ് ക്വാര്‍ട്ടറില്‍ കടന്നത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു യുവതാരത്തിന്റെ ജയം. സ്‌കോര്‍ 4-6, 6-7, 3-6.
അതേസമയം, റഷ്യന്‍ താരം ഡാനില്‍ മെദ്‌വദേവും ക്വാര്‍ട്ടറില്‍ ഇടംനേടി. രാവിലെ നടന്ന മത്സരത്തില്‍ അമേരിക്കയുടെ മെക്കന്‍സി മക്‌ഡോണാള്‍ഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മെദ്‌വദേവ് തോല്‍പ്പിച്ചത്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ആദ്യമായിട്ടാണ് മെദ്‌വദേവ് ക്വാര്‍ട്ടറില്‍ കടക്കുന്നത്.