വിവാദങ്ങള്‍ക്കൊടുവില്‍ അത് സംഭവിച്ചു; നൊവാക് ജോക്കോവിച്ച് ഓസ്‌ട്രേലിയയില്‍

ഒരു വർഷം മുമ്പ് തിരിച്ചയച്ച ഓസ്ട്രേലിയയിലേക്ക് ജോക്കോവിച്ചിന്‍റെ രാജകീയ മടങ്ങിവരവാണിത്

Novak Djokovic back in Australia after a year of big controversy

മെല്‍ബണ്‍: ഒരു വർഷം നീണ്ട വിലക്കിന് ശേഷം ടെന്നിസ് സൂപ്പര്‍ താരം നൊവാക് ജോക്കോവിച്ച് ഓസ്ട്രേലിയയിലെത്തി. ഓസ്ട്രേലിയൻ ഓപ്പൺ തയ്യാറെടുപ്പുകൾക്കായാണ് ജോക്കോ എത്തിയത്. പുതുവർഷ ദിനത്തിൽ തുടങ്ങുന്ന അഡലെയ്‌ഡ് ഓപ്പണിൽ താരം പങ്കെടുക്കും.

ഒരു വർഷം മുമ്പ് തിരിച്ചയച്ച ഓസ്ട്രേലിയയിലേക്ക് ജോക്കോവിച്ചിന്‍റെ രാജകീയ മടങ്ങിവരവാണിത്. ജനുവരി 1ന് തുടങ്ങുന്ന അഡലെയ്‌ഡ് ഓപ്പണാണ് ആദ്യ ലക്ഷ്യം. പിന്നാലെ ഓസ്ട്രേലിയൻ ഓപ്പണിലും ജോക്കോവിച്ച് കളിക്കുമെന്ന് ഉറപ്പായി. കഴിഞ്ഞ തവണത്തെപ്പോലെ ഇത്തവണയും കൊവിഡ് പ്രതിരോധ വാക്‌സീൻ എടുക്കാതെയാണ് ജോക്കോവിച്ച്  ഓസ്ട്രേലിയയിലെത്തിയിട്ടുള്ളത്. വാക്സീൻ എടുക്കാത്തവർക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിച്ച് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയ ഓസ്ട്രേലിയൻ ഗവൺമെന്‍റിന്‍റെ തീരുമാനമാണ് ജോക്കോവിച്ചിന് സഹായമായത്.

വാക്‌സീൻ എടുക്കാത്തതിനാൽ കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാൻ മുൻ ലോക ഒന്നാം നമ്പർ താരത്തെ അനുവദിച്ചിരുന്നില്ല. ഓസ്ട്രേലിയയിൽ വിമാനമിറങ്ങിയ ജോക്കോവിച്ചിനെ ആദ്യം ഹോട്ടലിലേക്ക് മാറ്റി. പിന്നീട് നാട്ടിലേക്ക് തിരിച്ചയക്കുകയായിരുന്നു. മൂന്ന് വർഷത്തെ വിലക്കും ഏർപ്പെടുത്തിയിരുന്നു. ഈ വിലക്കും പിൻവലിച്ചെന്നാണ് റിപ്പോർട്ടുകൾ. ജനുവരി 16നാണ് ഓസ്ട്രേലിയൻ ഓപ്പൺ തുടങ്ങുന്നത്. ഫൈനൽ 29ന് നടക്കും. ഒന്‍പത് തവണ ഓസ്ട്രേലിയൻ ഓപ്പൺ നേടിയ സെർബിയൻ താരത്തിന്‍റെ ലക്ഷ്യം പത്താം കിരീടമാണ്. 

ജോക്കോവിച്ച് വിട്ടുനിന്ന കഴിഞ്ഞ ടൂർണമെന്‍റിൽ റഫേൽ നദാലായിരുന്നു ജേതാവ്. മെദ്‌വെദേവിനെ തോൽപ്പിച്ചാണ് കിരീടം സ്വന്തമാക്കിയത്. ആദ്യ രണ്ട് സെറ്റ് നഷ്ടമായ ശേഷമായിരുന്നു നദാലിന്‍റെ തിരിച്ചുവരവ്. സ്കോർ: 2-6, 6-7, 6-4, 6-4, 6-4. 

വരുന്ന ഓസ്ട്രേലിയൻ ഓപ്പണിൽ താരത്തിന് പങ്കെടുക്കാൻ ജോക്കോവിച്ചിന്‍റെ അഭിഭാഷകര്‍ നേരത്തെ ശ്രമം തുടങ്ങിയിരുന്നു. താരത്തിന്‍റെ വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷകർ ഓസ്ട്രേലിയൻ അധികൃതരുമായി ചർച്ച നടത്തിരുന്നു. ലോകത്ത് ഏറ്റവും കടുത്ത കൊവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു ഓസ്ട്രേലിയ. വാക്സീൻ എടുക്കാത്തവർക്ക് രാജ്യത്തേക്ക് പ്രവേശനം പോലുമുണ്ടായിരുന്നില്ല. വാക്സീൻ എടുത്ത് എത്തിയാൽ തന്നെ കടുത്ത ക്വാറന്‍റൈനും പാലിക്കണമായിരുന്നു. 

വിലക്ക് നീക്കാന്‍ അഭിഭാഷകർ ശ്രമം തുടങ്ങി; ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാമെന്ന പ്രതീക്ഷയില്‍ ജോക്കോവിച്ച്

Latest Videos
Follow Us:
Download App:
  • android
  • ios