ഓസ്ട്രേലിയന്‍ ഓപ്പണ്‍: അഞ്ച് സെറ്റ് ത്രില്ലര്‍ പോരാട്ടം ജയിച്ച് ജോക്കോവിച്ചും തീമും പ്രീ ക്വാര്‍ട്ടറില്‍
ആദ്യ രണ്ട് സെറ്റ് നഷ്ടമായശേഷവും തളരാതെ തിരിച്ചടിച്ചാണ് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റു കൂടിയായ തീം ജയം നേടിയത്.
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണില്‍ അഞ്ച് സെറ്റ് നീണ്ട ത്രില്ലര്‍ പോരാട്ടം അതിജീവിച്ച് നൊവാക്ക് ജോക്കോവിച്ചും ഡൊമനിക്ക് തീമും പ്രീ ക്വാര്‍ട്ടറിലെത്തി. മൂന്നാം റൗണ്ടില്‍ അമേരിക്കയുടെ ടെയ്‌ലര്‍ ഫ്രിറ്റ്സിനെതിരായ മത്സരത്തിനിടെ വീണ് പരിക്കേറ്റശേഷമാണ് ജോക്കോവിച്ച് അഞ്ച് സെറ്റ് പോരാട്ടം ജയിച്ചു കയറിയത്. സ്കോര്‍ 7-6 (1), 6-4, 3-6, 4-6, 6-2.
പുരുഷ വിഭാഗത്തിലെ മറ്റൊരു ആവേശപ്പോരില്‍ നിക്ക് കിര്‍ഗിയോസിനെ വീഴ്ത്തി ഓസ്ട്രേലിയയുടെ ഡൊമനിക് തീമും പ്രീ ക്വാര്‍ട്ടറിലെത്തി. ആദ്യ രണ്ട് സെറ്റ് നഷ്ടമായശേഷമായിരുന്നു തീമിന്‍റെ അവിശ്വസനീയ തിരിച്ചുവരവ്. സ്കോര്‍ 4-6,4-6,6-3,6-4,6-4.
ആദ്യ രണ്ട് സെറ്റ് നഷ്ടമായശേഷവും തളരാതെ തിരിച്ചടിച്ചാണ് കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റു കൂടിയായ തീം ജയം നേടിയത്. പ്രീ ക്വാര്‍ട്ടറില്‍ ബള്‍ഗേറിയയുടെ ഗിഗോര്‍ ഡിമിത്രോവ് ആണ് തീമിന്‍റെ എതിരാളി. പുരുഷൻമാരിൽ അലക്സാണ്ടർ സ്വരേവ്, മിലോസ് റയോണിച്ച്, എന്നിവരും നാലാം റൗണ്ടിലെത്തി
വനിതാ വിഭാഗത്തില്‍ മുൻനിര താരങ്ങളായ സെറീന വില്യംസ്, സിമോണ ഹാലെപ്, നവോമി ഒസാക്ക എന്നിവർ ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസിന്‍റെ നാലാം റൗണ്ടിൽ കടന്നു. പത്താം സീഡായ സെറീന 7-6, 6-2ന് അനസ്താസ്യ പോട്ടപോവയെ തോൽപിച്ചു.
രണ്ടാം സീഡായ സിമോണ ഹാലെപ് നേരിട്ടുള്ള സെറ്റുകൾക്ക് റഷ്യൻതാരം വെറോണിക്കയെയും മൂന്നാം സീഡ് നവോമി ഒസാക്ക നേരിട്ടുള്ള സെറ്റുകൾക്ക് ടുണീഷ്യൻ താരം ഓൻസ് ജാബ്യൂറിനെയും തോൽപിച്ചു.