നാല് പതിറ്റാണ്ടിനിടെ ആദ്യം! ട്രാക്കില്‍ മലയാളി പെൺകരുത്തില്ലാതെ ഇന്ത്യ ഒളിംപിക്‌സിന്
പതിനാറുകാരിയായ പി ടി ഉഷ 1980ല്‍ മോസ്‌കോയിലെ ഒളിംപിക് ട്രാക്കിൽ ഇറങ്ങിയത് മുതൽ ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ മലയാളി വനിതകളുടെ നിറസാന്നിധ്യമുണ്ടായിരുന്നു
ദില്ലി: ട്രാക്കില്‍ കേരളത്തിന്‍റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടി നല്‍കിയാണ് ടോക്യോ ഒളിംപിക്സ് കടന്നുവരുന്നത്. നാല് പതിറ്റാണ്ടിനിടെ ആദ്യമായി ഒരു മലയാളി വനിതയില്ലാതെ ഇന്ത്യന്‍ അത്‌ലറ്റിക് സംഘം ഒളിംപിക്‌സിന് യാത്രയാകും. റിലേ ടീമിലെ മലയാളി കുത്തക അവസാനിക്കുന്നതും ആശങ്ക നൽകുകയാണ്.
പതിനാറുകാരിയായ പി ടി ഉഷ 1980ല്‍ മോസ്‌കോയിലെ ഒളിംപിക് ട്രാക്കിൽ ഇറങ്ങിയത് മുതൽ ഇന്ത്യന്‍ അത്‌ലറ്റിക്‌സില്‍ മലയാളി വനിതകളുടെ നിറസാന്നിധ്യമുണ്ടായിരുന്നു. ഇന്ത്യക്കായി 1984ല്‍ 4x400 മീറ്റര്‍ റിലേയിൽ മത്സരിച്ച നാലിൽ മൂന്ന് പേരും മലയാളി താരങ്ങളായിരുന്നു. പിന്നീടങ്ങോട്ട് മിക്കപ്പോഴും അങ്ങനെ തന്നെയായി പതിവ്. എന്നാൽ ചരിത്രത്തിലാദ്യമായി മികസ്ഡ് റിലേ ഒളിംപിക് ഇനമായതിന്‍റെ ആവേശത്തിൽ കായികലോകം നിൽക്കുമ്പോള്‍ ടോക്യോയിൽ ട്രാക്കിൽ തരിപോലുമില്ല മലയാളി പെൺകരുത്ത്.
വനിതാ റിലേ ടീം അവസാന നിമിഷം യോഗ്യതാ പട്ടികയിൽ പിന്തള്ളപ്പെട്ടപ്പോള്‍ ജിസ്‌ന മാത്യുവും വി കെ വിസ്‌മയയും മിക്‌സഡ് റിലേ ടീമിൽ ഇടം കണ്ടെത്തിയില്ല. പേരുകേട്ട 400 മീറ്റര്‍ ഓട്ടക്കാരെ രാജ്യത്തിന് സമ്മാനിച്ച കേരളത്തിന് ആശങ്ക നൽകുന്നതാണ് ടോക്യോയിലേക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം. 45 പേര്‍ക്ക് ഒളിംപിക് ബര്‍ത്ത് നൽകുന്ന 1500 മീറ്ററിന്‍റെ യോഗ്യതാ പട്ടികയിൽ പി യു ചിത്ര 47-ാം സ്ഥാനത്തായതും കേരളത്തിന് നിരാശയായി.
ടോക്യോ ഒളിംപിക്‌സിനുള്ള 26 അംഗ ഇന്ത്യന്‍ അത്‍ലറ്റിക്‌സ് സംഘം
പുരുഷന്മാര്‍: അവിനാഷ് സേബിള്‍ (3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ്), എം പി ജാബിര്‍ (400 മീറ്റര്‍ ഹര്‍ഡില്‍സ്), എം ശ്രീശങ്കര്‍ (ലോംഗ് ജംപ്), തേജീന്ദര്‍ സിംഗ് തൂര്‍ (ഷോട്ട് പുട്ട്), നീരജ് ചോപ്ര, ശിവ്‍പാല്‍ സിംഗ് ( ജാവലിന്‍ ത്രോ), കെ ടി ഇര്‍ഫാന്‍, സന്ദീപ് കുമാര്‍, രാഹുല്‍ രോഹില്ല (20 കി. മീ. നടത്തം), ഗുര്‍പ്രീത് സിംഗ് (50 കി. മി. നടത്തം), 4x400 മീറ്റര്‍ റിലേ - അമോജ് ജേക്കബ്, അരോക്കിയ രാജീവ്, മുഹമ്മദ് അനസ്, നാഗനാഥന്‍ പാണ്ടി, നോഹ നിര്‍മല്‍ ടോം; 4x400 മീറ്റര്‍ മിക്‌സഡ് റിലേ - സാര്‍ഥക് ഭാംഭ്രി, അലക്‌സ് ആന്‍റണി
വനിതകള്‍: ദ്യുതി ചന്ദ് (100, 200 മീറ്റര്‍), കമല്‍പ്രീത് കൗര്‍, സീമ പുനിയ (ഡിസ്‌കസ് ത്രോ), അന്നു റാണി (ജാവലിന്‍ത്രോ), ഭാവ്‍നാ ജാട്ട്, പ്രിയങ്ക ഗോസ്വാമി (20 കി. മി. നടത്തം), 4x400 മീറ്റര്‍ മിക്‌സഡ് റിലേ - രേവതി വീരമണി, ശുഭ വെങ്കിടേശന്‍, ധനലക്ഷ്‌മി ശേഖര്‍.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona