Neeraj Chopra : മെഡല്‍ നേടാന്‍ കഴിഞ്ഞത് സംതൃപ്‌തി; നീരജ് ചോപ്രയുടെ ആദ്യ പ്രതികരണം
മെഡല്‍ നേട്ടത്തില്‍ രാജ്യത്തിന്‍റെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ് അഭിമാന താരം നീരജ് ചോപ്ര
ഒറിഗോണ്‍: ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍(World Athletics Championship 2022) വെള്ളി മെഡല്‍ നേടാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ജാവലിന്‍ താരം നീരജ് ചോപ്ര(Neeraj Chopra). ലോക മീറ്റില്‍ വെള്ളി മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍താരവും അഞ്ജു ബോബി ജോര്‍ജിന് ശേഷം മെഡല്‍ നേട്ടം സ്വന്തമാക്കുന്ന ഇന്ത്യനുമെന്ന നേട്ടങ്ങളില്‍ നീരജ് ചോപ്ര ഇടംപിടിച്ചിരുന്നു. ഒറിഗോണില്‍ 88.13 മീറ്റര്‍ ദൂരം മറികടന്നാണ് നീരജിന്‍റെ വെള്ളിത്തിളക്കം.
ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് നീരജ് ചോപ്ര. 2003ലെ പാരീസ് ലോക ചാമ്പ്യന്‍ഷിപ്പിലെ ലോംഗ് ജംപില്‍ വെങ്കലമെഡൽ നേടിയ മലയാളി താരം അഞ്ജു ബോബി ജോര്‍ജ് മാത്രമായിരുന്നു ഇതിന് മുന്‍പ് മെഡൽ നേടിയ ഇന്ത്യന്‍ താരം. നിലവിലെ ലോക ചാമ്പ്യന്‍ ഗ്രാനഡയുടെ ആന്‍ഡേഴ്സൺ പീറ്റേഴ്സ് ആണ് ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയത്. 90.54 മീറ്റര്‍ ദൂരം പീറ്റേഴ്‌സ് കണ്ടെത്തി. ഒറിഗോണിലെ യോഗ്യതാ റൗണ്ടിൽ 88.39 മീറ്റർ ദൂരത്തോടെ രണ്ടാം സ്ഥാനക്കാരനായായിരുന്നു നീരജ് ചോപ്ര തന്‍റെ കന്നി ഫൈനലിന് യോഗ്യത നേടിയത്. ഫൈനലില്‍ മത്സരിച്ച ഇന്ത്യയുടെ മറ്റൊരു താരം രോഹിത് യാദവിന് 10-ാം സ്ഥാനത്തേ ഫിനിഷ് ചെയ്യാനായുള്ളൂ.
മെഡല്‍ നേട്ടത്തില്‍ രാജ്യത്തിന്‍റെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങുകയാണ് അഭിമാന താരം നീരജ് ചോപ്ര. പ്രധാനമന്ത്രി നരേന്ദ്ര മോദി, വിവിധ കായിക താരങ്ങള്‍, ആരാധകര്‍ തുടങ്ങി നിരവധി പേര്‍ നീരജിനെ പ്രശംസിച്ച് രംഗത്തെത്തി. 'നീരജ് ചോപ്ര ഇന്ത്യയുടെ എക്കാലത്തെയും മികച്ച കായികതാരങ്ങളില്‍ ഒരാളാണ്. ഇന്ത്യന്‍ കായിക ചരിത്രത്തിലെ സവിശേഷ നിമിഷമാണ് ഒറിഗോണ്‍ മീറ്റിലെ വെള്ളി മെഡല്‍ നേട്ടം. വരും ചാമ്പ്യന്‍ഷിപ്പുകള്‍ക്ക് നീരജ് ചോപ്രയ്‌ക്ക് എല്ലാവിധ ആശംസകള്‍ നേരുന്നതായും' നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.
'പാരീസില്‍ ഇതിലേറെ തിളങ്ങും'
ലോക ചാമ്പ്യന്‍ഷിപ്പ് മെഡൽ ജേതാക്കളുടെ പട്ടികയിലെ ഏകാന്തത അവസാനിപ്പിച്ചതിൽ സന്തോഷമുണ്ടെന്ന് അഞ്ജു ബോബി ജോര്‍ജ്ജ് പ്രതികരിച്ചു. 2024ലെ പാരീസ് ഒളിംപിക്‌സില്‍ നീരജിന് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നും അഞ്ജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
Neeraj Chopra : ഒളിംപിക്‌സ് സ്വര്‍ണം, ലോക വെള്ളി; ചരിത്രത്തിലേക്ക് ചോപ്രയുടെ ഏറ്! റെക്കോര്‍ഡ്