മെഡൽ നേടിയതിൽ അഭിമാനം, നദീമിൻ്റെ സ്വർണ നേട്ടം ദൈവത്തിൻ്റെ തീരുമാനം: നീരജ് ചോപ്ര ഏഷ്യാനെറ്റ് ന്യൂസിനോട്
പാരീസിൽ ഒളിംപിക്സ് റിപ്പോർട്ട് ചെയ്യുന്ന ഏഷ്യാനെറ്റ് ന്യൂസ് സ്പോർട്‌സ് എഡിറ്റർ ജോബി ജോർജ്ജിനോട് സംസാരിക്കുകയായിരുന്നു നീരജ് ചോപ്ര
പാരീസ്: ഒളിംപിക്സിലെ വെള്ളി മെഡൽ നേട്ടത്തിന് പിന്നാലെ നീരജ് ചോപ്രയുടെ ആദ്യ പ്രതികരണം ഏഷ്യാനെറ്റ് ന്യൂസിനോട്. രാജ്യത്തിനായി മെഡൽ നേടിയതിൽ അഭിമാനമുണ്ടെന്നും സ്വർണം അർഷദ് നദീമിന് എന്നതായിരുന്നു ദൈവത്തിന്റെ തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു. മികച്ച പ്രകടനം നടത്തിയ നദീമിന് അഭിനന്ദിച്ച താരം തനിക്ക് രാജ്യത്തിനായി ഇനിയുമേറെ നേടാനുണ്ടെന്നും പറഞ്ഞു. പാരീസിൽ ഒളിംപിക്സ് റിപ്പോർട്ട് ചെയ്യുന്ന ഏഷ്യാനെറ്റ് ന്യൂസ് സ്പോർട്‌സ് എഡിറ്റർ ജോബി ജോർജ്ജിനോട് സംസാരിക്കുകയായിരുന്നു നീരജ് ചോപ്ര.
അർഷാദ് 92.97 മീറ്റർ എറിഞ്ഞപ്പോൾ താനും 90 മീറ്റർ മറികടക്കുമെന്ന് കരുതിയതാണ്. എന്നാൽ ഫൗളുകൾ കാരണമാണ് അത് സാധിക്കാതെ പോയത്. ഇനിയും അവസരമുണ്ടെന്നാണ് വിശ്വാസം. തന്റെ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ. എന്നാൽ ഏറ്റവും മികച്ച ഇന്ത്യൻ അത്ലറ്റായി താൻ മാറിയെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഒളിംപിക്സ് മെഡൽ നേട്ടത്തിന് ശേഷം ഒരു വാർത്താ മാധ്യമത്തിന് നീരജ് ചോപ്ര നൽകിയ ആദ്യ പ്രതികരണമാണ് ഇത്.
ആറ് അവസരങ്ങളിൽ അഞ്ചും ഫൗളായെങ്കിലും നീരജിന് ഫൗളല്ലാത്ത ഒറ്റ ഏറിൽ തന്നെ വെള്ളി നേടാനായി. രണ്ടാമൂഴത്തിലെ 89.45 മീറ്റർ. സീസണിലെ ഏറ്റവും മികച്ച രണ്ടാമത്തെ പ്രകടനത്തിലേക്ക് എത്തി. എന്നാൽ 90 മീറ്റർ കടമ്പ കടക്കാൻ ഇന്ത്യൻ താരത്തിന് സാധിച്ചില്ല. നീരജിന്റെ ടോക്കിയോയിലെ സ്വർണം പാരീസിൽ പാകിസ്ഥാൻ താരം അർഷാദ് നദീം സ്വന്തമാക്കി.
പാക്കിസ്ഥാന്റെ ആദ്യ അത്‍ലറ്റിക്സ് സ്വര്‍ണമെന്ന ആഗ്രഹം പൂര്‍ത്തിയാക്കിയാണ് അര്‍ഷദ് നദീമിൻ്റെ നേട്ടം. 92.97 മീറ്റർ ദൂരത്തേക്കാണ് നദീം ജാവലിൻ എറിഞ്ഞെത്തിച്ചത്. ഇതോടെ 32 വര്‍ഷത്തെ പാക്കിസ്ഥാൻ്റെ മെഡൽ വരൾച്ചയും അവസാനിച്ചു. ടോക്കിയോയില്‍ നീരജ് ഇന്ത്യുടെയാകെ അഭിമാനമായപ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു അര്‍ഷദ്. 2022 കോമണ്‍വെല്‍ത്ത് ഗെയിംസ് ജാവ്‍ലിനില്‍ തൊണ്ണൂറ് മീറ്റര്‍ ദൂരം എറിഞ്ഞെത്തിച്ച് അർഷദ് തൻ്റെ പ്രതിഭ അറിയിച്ചിരുന്നു. പാരീസിലെ ഫൈനലിൽ മികച്ച അഞ്ച് ദൂരങ്ങില്‍ മൂന്നും അര്‍ഷദ് സ്വന്തമാക്കി. രണ്ട് തവണ 90 മീറ്റര്‍ മറികടന്നു. ജാവ്‍ലിനിലെ ലോക റെക്കോഡ് ചെക്ക് താരം യാന്‍ സെലന്‍സിയുടെ 98.48 മീറ്ററാണ്.