പരസ്യപ്രതിഫലത്തില്‍ കോലിക്കൊപ്പം ചോപ്ര; 1000 ശതമാനം ഉയര്‍ന്ന് അഞ്ച് കോടിയില്‍! രോഹിത്ത് വളരെ പിന്നില്‍
ടോക്കിയോ ഒളിംപിക്‌സിന് മുൻപ് വിവിധ ബ്രാൻഡുകൾ 15 മുതൽ 25 ലക്ഷം രൂപ വരെയാണ് നീരജിന് പ്രതിഫലമായി നൽകിയിരുന്നത്
ദില്ലി: ടോക്കിയോ ഒളിംപിക്‌സ് സ്വർണമെഡൽ നേട്ടത്തിന് പിന്നാലെ വിപണി മൂല്യം കുത്തനെ ഉയർത്തി ജാവലിൻ ത്രോ താരം നീരജ് ചോപ്ര. പരസ്യങ്ങളിൽ അഭിനയിക്കുന്നതിനുള്ള പ്രതിഫലം ആയിരം ശതമാനം വരെയാണ് നീരജ് വർധിപ്പിച്ചത്. ടോക്കിയോ ഒളിംപിക്‌സിന് മുൻപ് വിവിധ ബ്രാൻഡുകൾ 15 മുതൽ 25 ലക്ഷം രൂപ വരെയാണ് നീരജിന് പ്രതിഫലമായി നൽകിയിരുന്നത്.
എന്നാൽ സ്വർണമെഡൽ നേട്ടത്തിന് ശേഷം ഇത് ഒരുകോടി മുതൽ അഞ്ച് കോടി രൂപ വരെയായി ഉയർത്തിയിരിക്കുന്നു. ഇന്ത്യയിൽ വിരാട് കോലി മാത്രമാണ് ഇതിന് മുൻപ് പരസ്യങ്ങൾക്ക് ഒരു കോടി മുതൽ അഞ്ച് കോടി വരെ പ്രതിഫലം പറ്റിയിരുന്നത്. രോഹിത് ശർമ്മയ്‌ക്ക് ഒരുകോടി രൂപയിൽ താഴെയാണ് വിവിധ ബ്രാൻഡുകൾ പരസ്യത്തിനായി നൽകുന്നത്. അതേസമയം മദ്യം, പുകയില ഉത്പന്നങ്ങളുടെ പരസ്യങ്ങളിൽ അഭിനയിക്കില്ലെന്ന് നീരജ് ചോപ്ര വ്യക്തമാക്കി. ജെഎസ്ഡബ്ല്യു സ്‌പോര്‍ട്‌സ് ആണ് നീരജന്റെ പരസ്യ കരാറുകൾ കൈകാര്യം ചെയ്യുന്നത്.
ഒളിംപിക്‌സ് ചരിത്രത്തില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് ജാവലിനില്‍ നീരജ് ചോപ്ര സ്വര്‍ണത്തിലൂടെ സ്വന്തമാക്കിയത്. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയാണ് ചോപ്രയുടെ സ്വര്‍ണ നേട്ടം. 2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ ഷൂട്ടിംഗില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയ ശേഷം ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവുമാണിത്.
ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളുവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി. അവസാന മൂന്ന് റൗണ്ടിലെ നീരജിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona