ഓര്‍മദിനത്തില്‍ ഒളിംപിക്‌സ് വേദിയില്‍ മുഴങ്ങിയത് ജനഗണമന; ടാഗോറിന് നീരജിന്റെ സ്മരണാഞ്ജലി
ടോക്കിയോ ഒളിംപിക്‌സ് വേദിയില്‍ നീരജ് ചോപ്ര സ്വര്‍ണം എറിഞ്ഞിട്ട് പോഡിയത്തില്‍ തലയുയര്‍ത്തിപ്പിടിച്ച് നിന്നപ്പോള്‍ വേദിയില്‍ ഇന്ത്യയുടെ ദേശീയഗാനം ജനഗണമന മുഴങ്ങി. അദ്ദേഹത്തിന് ഇതിലും വലിയൊരു സ്മരണാഞ്ജലി നല്‍കാന്‍ രാജ്യത്തിനാകുമായിരുന്നില്ല.
ടോക്യോ: ഇന്ത്യയുടെ ദേശീയ ഗാനം എഴുതിയ വിഖ്യാത സാഹിത്യകാരന്‍ രവീന്ദ്രനാഥ ടാഗോറിന്റെ ഓര്‍മ ദിനമായിരുന്നു ശനിയാഴ്ച. ടോക്കിയോ ഒളിംപിക്‌സ് വേദിയില്‍ നീരജ് ചോപ്ര സ്വര്‍ണം എറിഞ്ഞിട്ട് പോഡിയത്തില്‍ തലയുയര്‍ത്തിപ്പിടിച്ച് നിന്നപ്പോള്‍ വേദിയില്‍ ഇന്ത്യയുടെ ദേശീയഗാനം ജനഗണമന മുഴങ്ങി. അദ്ദേഹത്തിന് ഇതിലും വലിയൊരു സ്മരണാഞ്ജലി നല്‍കാന്‍ രാജ്യത്തിനാകുമായിരുന്നില്ല. 13 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒളിംപിക്‌സ് വേദിയില്‍ ഇന്ത്യയുടെ ദേശീയഗാനം മുഴങ്ങുന്നത്. അത് ടാഗോറിന്റെ ഓര്‍മദിനത്തിലായത് ചരിത്ര നിയോഗം.
1941 ഓഗസ്റ്റ് ഏഴിനാണ് രവീന്ദ്രനാഥ ടാഗോര്‍ ലോകത്തോട് വിട പറഞ്ഞത്. 1861ല്‍ ജനിച്ച അദ്ദേഹത്തിന് അന്തരിക്കുമ്പോള്‍ 80 വയസ്സായിരുന്നു പ്രായം. ഇന്നേക്ക് അദ്ദേഹം വിടപറഞ്ഞിട്ട് എട്ട് പതിറ്റാണ്ട് പിന്നിട്ടു. സാഹിത്യത്തില്‍ നൊബേല്‍ സമ്മാനം നേടിയ ഏക ഇന്ത്യക്കാരനും രവീന്ദ്രനാഥ ടാഗോറാണ്. അദ്ദേഹമാണ് ഇന്ത്യയുടെ ദേശീയഗാനം രചിച്ചത്.
ഒളിംപിക്‌സ് അത്‌ലറ്റിക്‌സില്‍ ആദ്യമായാണ് ഇന്ത്യയിലേക്ക് സ്വര്‍ണമെഡല്‍ വരുന്നതെന്ന പ്രത്യേകതയും നീരജ് ചോപ്രയുടെ നേട്ടത്തിനുണ്ട്. പതിറ്റാണ്ടുകളായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന്റെ പൂര്‍ണതയായിരുന്നു ടോക്യോയിലെ സ്വര്‍ണം. നേരത്തെ പിടി ഉഷക്കും മില്‍ഖാ സിംഗ് അടക്കമുള്ള ഇതിഹാസങ്ങള്‍ക്ക് നേരിയ വ്യത്യാസത്തിന് നഷ്ടമായ മെഡലാണ് നീരജ് സ്വന്തമാക്കിയത്.
87.58 ദൂരം താണ്ടിയാണ് ചോപ്ര സ്വര്‍ണം നേടിയത്. താരത്തിന് വെല്ലുവിളിയാകുമെന്ന് കരുതപ്പെട്ട ജര്‍മന്‍ താരം, ലോക ഒന്നാം നമ്പര്‍ ജൊഹന്നാസ് വെറ്റര്‍ പാടേ നിരാശപ്പെടുത്തി.ഒളിംപിക് ചരിത്രത്തില്‍ അത്ലറ്റിക്‌സില്‍ നിന്നുള്ള ഇന്ത്യയുടെ ആദ്യ മെഡലാണിത്. 2008ലെ ബീജിംഗ് ഒളിംപിക്‌സില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണം നേടിയശേഷം ഒളിംപിക്‌സിലെ ഇന്ത്യയുടെ ആദ്യ സ്വര്‍ണ നേട്ടവുമാണിത്. ഫൈനലിലെ ആദ്യ രണ്ട് റൗണ്ടിലും പുറത്തെടുത്ത മികവാണ് നീരജിന് ടോക്യോയില്‍ സ്വര്‍ണ മെഡല്‍ സമ്മാനിച്ചത്.
ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളുലെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി.അവസാന മൂന്ന് റൗണ്ടിലെ നീരജിന്റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങളും ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona