ഇന്ത്യയുടെ 'ഡയമണ്ട്' തന്നെ നീരജ് ചോപ്ര; ഡയമണ്ട് ലീഗില്‍ ചരിത്ര സ്വർണം
ഇക്കഴിഞ്ഞ ഒളിംപിക്സില്‍ സ്വർണവുമായി ഗെയിംസില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടത്തിലെത്തിയിരുന്നു നീരജ് ചോപ്ര
സൂറിച്ച്: ഡയമണ്ട് ലീഗ് ഫൈനലില്‍ ചരിത്ര സ്വർണവുമായി ഇന്ത്യയുടെ ജാവലിന്‍ താരം നീരജ് ചോപ്ര. സൂറിച്ചില്‍ രണ്ടാം ശ്രമത്തില്‍ 88.40 മീറ്റർ ദൂരം താണ്ടിയാണ് ചോപ്ര ഡയമണ്ട് ലീഗില്‍ സ്വർണം നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടത്തിലെത്തിയത്. 88.00, 86.11, 87.00, 83.60 എന്നിങ്ങനെയാണ് തൊട്ടടുത്തുള്ള ശ്രമങ്ങളില്‍ നീരജ് ചോപ്രയ്ക്ക് കണ്ടെത്താന്‍ കഴിഞ്ഞ ദൂരം.
എതിരാളികള്‍ക്കൊന്നും കാര്യമായ വെല്ലുവിളി നീരജിന് മുന്നില്‍ ഉയർത്താനായില്ല. ചെക്ക് റിപ്പബ്ലിക്കിന്‍റെ ജാക്കൂബ് വാഡ്‌ലെച്ച് 86.94 മീറ്റര്‍ ദൂരവുമായി രണ്ടാമതും 83.73 മീറ്റര്‍ എറിഞ്ഞ് ജര്‍മനിയുടെ ജൂലിയന്‍ വെബർ മൂന്നാം സ്ഥാനത്തുമെത്തി.
ഇക്കഴിഞ്ഞ ഒളിംപിക്സില്‍ സ്വർണവുമായി ഗെയിംസില്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഒന്നാമതെത്തുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന നേട്ടത്തിലെത്തിയിരുന്നു നീരജ് ചോപ്ര. ടോക്കിയോയില്‍ 87.58 ദൂരം താണ്ടിയായിരുന്നു നീരജിന്‍റെ സ്വര്‍ണ നേട്ടം. പിന്നാലെ ലോക അത്ലറ്റിക് മീറ്റില്‍ 88.13 മീറ്റര്‍ ദൂരവുമായി വെള്ളിയണിഞ്ഞു. ഇതിന് ശേഷം സ്വിറ്റ്സർലൻഡിലെ ലൊസെയ്ൻ ഡയമണ്ട് ലീഗ് ജാവലിന്‍ ത്രോയിൽ 89.08 മീറ്റർ ദൂരം എറിഞ്ഞ് ഇന്ത്യയുടെ അഭിമാന താരം വീണ്ടും സുവർണ നേട്ടത്തിലെത്തി. ഇതോടെയാണ് സൂറിച്ചിലെ ഡയമണ്ട് ലീഗ് ബിഗ് ഫൈനലിന് നീരജ് ചോപ്ര യോഗ്യത നേടിയത്.
പരിക്കുമൂലം ബർമിംഗ്ഹാം കോമണ്‍വെല്‍ത്ത് ഗെയിംസ് നീരജ് ചോപ്രയ്ക്ക് നഷ്ടമായെങ്കിലും തിരിച്ചുവരവില്‍ മെഡല്‍ വേട്ട തുടരുകയാണ് ഇരുപത്തിനാലുകാരനായ താരം.
ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ ജേതാവായ നീരജ് ചോപ്രയുടെ ജാവലിന്‍ 1.5 കോടി രൂപയ്ക്ക് ബിസിസിഐ അടുത്തിടെ സ്വന്തമാക്കിയിരുന്നു. പ്രധാനമന്ത്രിയുടെ ശേഖരത്തിലുണ്ടായിരുന്ന നീരജിന്‍റെ ജാവലിനാണ് ഇ ലേലത്തിലൂടെ ബിസിസിഐ ഒന്നര കോടി രൂപ നല്‍കി സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ ഒളിംപിക്സ് മെഡല്‍ നേടി നാട്ടില്‍ തിരിച്ചെത്തിയശേഷം പ്രധാനമന്ത്രിയുടെ വസതിയില്‍ കായിക താരങ്ങള്‍ക്ക് നല്‍കിയ സല്‍ക്കാരത്തില്‍ വെച്ചാണ് നീരജ് ഒളിംപിക്സില്‍ താനുപയോഗിച്ച പച്ച നിറത്തിലുള്ള Valhalla 800 Hard NXS ജാവലിനില്‍ ഒന്ന് പ്രധാനമന്ത്രിയുടെ ശേഖരത്തിലേക്ക് സമ്മാനിച്ചത്.