Indian Olympic Association : വിവാദങ്ങള്‍ക്കൊടുവില്‍ സ്ഥാനങ്ങളൊഴിഞ്ഞ് നരീന്ദർ ധ്രുവ് ബത്ര
2017ലാണ് നരീന്ദർ ധ്രുവ് ബത്ര ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍റെ തലവനായത്
ദില്ലി: വിവാദങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍(Indian Olympic Association) പ്രസിഡന്‍റ് സ്ഥാനവും രാജ്യാന്തര ഒളിംപിക് കമ്മിറ്റി(International Olympic Committee) അംഗത്വവും രാജിവച്ച് ഡോ. നരീന്ദർ ധ്രുവ് ബത്ര(Narinder Dhruv Batra). ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റായി തുടരുന്നതില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി ബത്രയെ നേരത്തെ വിലക്കിയിരുന്നു.
2017ലാണ് നരീന്ദർ ധ്രുവ് ബത്ര ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍റെ തലവനായത്. 2016 മുതല്‍ രാജ്യാന്തര ഹോക്കി ഫെഡറേഷന്‍റെ പ്രസിഡന്‍റ് കൂടിയാണ് അദേഹം. ഹോക്കി ഇന്ത്യയിലെ ബത്രയടക്കമുള്ള ഒഫീഷ്യല്‍സിനെതിരെ ഏപ്രിലില്‍ സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. ഹോക്കി ഇന്ത്യയുടെ 35 ലക്ഷം രൂപ ബത്ര വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വകമാറ്റി എന്നാണ് ആരോപണം. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റായി തുടരുന്നതില്‍ നിന്ന് ഡല്‍ഹി ഹൈക്കോടതി ബത്രയെ അടുത്തിടെ വിലക്കിയതോടെ അനില്‍ ഖന്നയ്‌ക്ക് താല്‍ക്കാലിക ചുമതല നല്‍കിയിരുന്നു.
'ഐഒഎ പ്രസിഡന്‍റ് സ്ഥാനം രാജിവച്ചിട്ടില്ല'; മാധ്യമവാര്‍ത്തകള്‍ നിഷേധിച്ച് നരീന്ദർ ധ്രുവ് ബത്ര