'ഐഒഎ പ്രസിഡന്‍റ് സ്ഥാനം രാജിവച്ചിട്ടില്ല'; മാധ്യമവാര്‍ത്തകള്‍ നിഷേധിച്ച് നരീന്ദർ ധ്രുവ് ബത്ര
മാധ്യമവാര്‍ത്തകള്‍ വസ്‌തുതകളെയും ദില്ലി ഹൈക്കോടതിയുടെ വിധിയേയും പ്രതിനിധീകരിക്കുന്നതല്ലെന്ന് ബത്ര
ദില്ലി: ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍(Indian Olympic Association) പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞതായുള്ള മാധ്യമവാര്‍ത്തകള്‍ നിഷേധിച്ച് ഡോ. നരീന്ദർ ധ്രുവ് ബത്ര(Narinder Dhruv Batra). ബത്രയ്‌ക്ക് പകരം അനില്‍ ഖന്നയ്‌ക്കാണ് പ്രസിഡന്‍റിന്‍റെ ചുമതലയുണ്ടാവുകയെന്ന് ഒരു ദേശീയ മാധ്യമം ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. ഐഒഎയിലെ(IOA) തെരഞ്ഞെടുപ്പ് നടക്കുംവരെ ഖന്നയ്‌ക്കൊപ്പം ആര്‍.കെ ആനന്ദിനെയും താല്‍ക്കാലിക പ്രസിഡന്‍റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി മറ്റൊരു ദേശീയ മാധ്യമവും റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു.
എന്നാല്‍ ഈ വാര്‍ത്തകളെല്ലാം നിഷേധിച്ചിരിക്കുകയാണ് നരീന്ദർ ധ്രുവ് ബത്ര. മാധ്യമവാര്‍ത്തകള്‍ വസ്‌തുതകളെയും ദില്ലി ഹൈക്കോടതിയുടെ വിധിയേയും പ്രതിനിധീകരിക്കുന്നതല്ലെന്ന് ബത്ര വ്യക്തമാക്കി. 'പുതിയ തെരഞ്ഞെടുപ്പ് നടക്കുംവരെ ഐഒഎ പ്രസിഡന്‍റ് സ്ഥാനത്ത് ഞാന്‍ തുടരും. വരും തെരഞ്ഞെടുപ്പില്‍ ഐഒഎ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ല എന്ന് ഇന്നലെ പറഞ്ഞ കാര്യം ആവര്‍ത്തിക്കുന്നു. പുതിയ ഭാരവാഹികള്‍ക്ക് ബാറ്റന്‍ കൈമാറും. ഐഒഎ പ്രസിഡന്‍റ് സ്ഥാനം രാജിവച്ചതായുള്ള മാധ്യമവാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്' എന്നും നരീന്ദർ ധ്രുവ് ബത്ര തന്‍റെ പ്രസ്‌താവനയില്‍ കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കില്ലെന്ന് നരീന്ദർ ധ്രുവ് ബത്ര ഇന്നലെ വ്യക്തമാക്കിയിരുന്നു. നിലവില്‍ രാജ്യാന്തര ഹോക്കി ഫെഡറേഷന്‍റെ പ്രസിഡന്‍റ് കൂടിയാണ് ബത്ര. ഹോക്കിയില്‍ കൂടുതല്‍ ശ്രദ്ധിക്കാനാണ് ഉദേശിക്കുന്നത് എന്നും അദേഹം വ്യക്തമാക്കിയിരുന്നു. 'ലോക ഹോക്കി നിര്‍ണായകമായ വളര്‍ച്ചയുടെ ഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ കൂടുതല്‍ സമയം ഹോക്കി ഫെഡറേഷന്‍റെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കേണ്ടതുണ്ട്. അതിനാല്‍ ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനില്‍ ഒരു ടേമിലേക്ക് കൂടി മത്സരിക്കാനില്ല' എന്നായിരുന്നു ബത്രയുടെ വാക്കുകള്‍.
2017ലാണ് നരീന്ദർ ധ്രുവ് ബത്ര ഇന്ത്യന്‍ ഒളിംപിക് അസോസിയേഷന്‍റെ തലവനായത്. 2016 മുതല്‍ രാജ്യാന്തര ഹോക്കി ഫെഡറേഷന്‍റെ പ്രസിഡന്‍റ് കൂടിയാണ് അദേഹം. ഹോക്കി ഇന്ത്യയിലെ ബത്രയടക്കമുള്ള ഒഫീഷ്യല്‍സിനെതിരെ ഏപ്രിലില്‍ സിബിഐ അന്വേഷണം ആരംഭിച്ചിരുന്നു. ഹോക്കി ഇന്ത്യയുടെ 35 ലക്ഷം രൂപ ബത്ര വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വകമാറ്റി എന്നാണ് ആരോപണം.