ഇറ്റാലിയന്‍ ഓപ്പണ്‍: ഷപോവലോവിന്റെ ഭീഷണി മറികടന്ന് റാഫ ക്വാര്‍ട്ടറില്‍, പിന്നാലെ ജോക്കോയും സിറ്റ്‌സിപാസും

നദാലിനൊപ്പം ലോക ഒന്നാം നമ്പര്‍ നോവാക് ജോക്കോവിച്ച്, സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ്, ഫെഡറികോ ഡെല്‍ബോണിസ്, റീല്ലി ഒപെല്‍ക്ക എന്നിവരും ക്വാര്‍ട്ടറില്‍ കടന്നു.

Nadal Djokovic and Tsitsipas into the quarters of Italian Open

റോം: ഡെന്നിസ് ഷപോവലോവിനെ കടുത്ത പോരാട്ടത്തില്‍ മറികടന്ന് റാഫേല്‍ നദാല്‍ ഇറ്റാലിയന്‍ ഓപ്പണിന്റെ ക്വാര്‍ട്ടറില്‍ കടന്നു. നദാലിനൊപ്പം ലോക ഒന്നാം നമ്പര്‍ നോവാക് ജോക്കോവിച്ച്, സ്‌റ്റെഫാനോസ് സിറ്റ്‌സിപാസ്, ഫെഡറികോ ഡെല്‍ബോണിസ്, റീല്ലി ഒപെല്‍ക്ക എന്നിവരും ക്വാര്‍ട്ടറില്‍ കടന്നു.

സ്പാനിഷ് താരം ഡേവിഡോവിച്ച് ഫോകിനയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് സെര്‍ബിയയുടെ ജോക്കോവിച്ച് ക്വാര്‍ട്ടറില്‍ കടന്നത്. 6-2, 6-1 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ജോക്കോയുടെ ജയം. ക്വാര്‍ട്ടറില്‍ അഞ്ചാം സീഡ് സിറ്റ്‌സിപാസാണ് ജോക്കോയുടെ എതിരാളി. ഇറ്റലിയുടെ മാതിയോ ബരേറ്റിനിയെ 6-7, 2-6ന് തോല്‍പ്പിച്ചാണ് ഗ്രീക്ക് താരം ക്വാര്‍ട്ടറില്‍ കടന്നത്. മാഡ്രിഡ് ഓപ്പണ്‍ ഫൈനലിസ്റ്റായിരുന്നു ബരേറ്റിനി. 

ഷപോവലോവിനെ മറികടക്കാന്‍ നദാലിന് മൂന്ന് സെറ്റുകള്‍ വേണ്ടിവന്നു. നദാലിനെ ഞെട്ടിച്ച് ആദ്യ സെറ്റ് 6-3ന് കനേഡിയന്‍ താരം സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റില്‍ ഷപോവലോവിന്റെ സര്‍വീസ് ബ്രേക്ക് ചെയ്ത നദാല്‍ 4-6ന് സെറ്റ് നേടി. നിര്‍ണായകമായ മൂന്നാം സെറ്റില്‍  ഇരുവരും ഒപ്പത്തിനൊപ്പം നിന്നു. ഒടുവില്‍ ടൈബ്രേക്കിലേക്ക് പോയപ്പോള്‍ നദാലിന്റെ പരിചയസമ്പത്തിന് മുന്നില്‍ ഷപോവലോവിന് പിടിച്ചുനില്‍ക്കാനായില്ല. 

കാനഡയുടെ തന്നെ ഫെലിക്‌സ് ഓഗറിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് അര്‍ജന്റീനയുടെ ഡെല്‍ബോണിസ് ക്വാര്‍ട്ടറിലെത്തിയത്. സ്‌കോര്‍ 6-7, 1-6. ഒപെല്‍ക്ക 7-6, 6-4ന് റഷ്യയുടെ അസ്ലന്‍ കരറ്റ്‌സേവിനെ തോല്‍പ്പിച്ചു. സ്‌കോര്‍ 7-6, 6-4. 

വനിതകളില്‍ മാഡ്രിഡ് ഓപ്പണ്‍ ജേതാവ് അര്യന സെബലെങ്ക പുറത്തായി. അമേരിക്കയുടെ കൊകൊ ഗൗഫ് 7-5, 6-3നാണ് സെബലങ്കയെ തോല്‍പ്പിച്ചത്. ലോക ഒന്നാംനമ്പര്‍ ആഷ്‌ലി ബാര്‍ട്ടി, ഇഗ സ്വിയടെക്, കരോളിന പ്ലിസ്‌കോവ, യെലേന ഓസ്റ്റപെങ്കോ എന്നിവര്‍ ക്വാര്‍ട്ടറില്‍ കടന്നു.

Latest Videos
Follow Us:
Download App:
  • android
  • ios