ഗുസ്തി താരത്തിന്‍റെ കൊലപാതകം: സുശീല്‍ കുമാര്‍ ഹരിദ്വാറിലെ യോഗാശ്രമത്തില്‍ ഒളിവില്‍ കഴിയുന്നതായി റിപ്പോർട്ട്
മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് ഇരുപത്തിമൂന്നുകാരനായ സാഗര്‍ റാണ കൊല്ലപ്പെടുന്നത്. സുശീൽ വാടകയ്ക്ക് നൽകിയിരുന്ന ഫ്ലാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രകോപനമെന്നും പൊലീസ് പറയുന്നു.
ദില്ലി: കൊലപാതകക്കേസിൽ ഒളിവിൽ പോയ ഗുസ്തി താരം സുശീല്‍ കുമാറിനെ പിടിക്കാൻ കഴിയാതെ ദില്ലി പൊലീസ്. ജൂനിയർ തലത്തിൽ ദേശീയ ചാമ്പ്യനായ സാഗര്‍ റാണയെന്ന ഗുസ്തി താരം കൊല്ലപ്പെട്ട കേസിലാണ് സുശീൽ കുമാർ ഒളിവിൽ പോയത്. സുശീൽ കുമാർ ഹരിദ്വാറിലെ യോഗാ ആശ്രമത്തിൽ ഒളിവിൽ കഴിയുന്നതായി റിപ്പോർട്ടുകൾ പുറത്തു വന്നു.
എഫ്ഐആർ ചുമത്തി ഒരാഴ്ച പിന്നിട്ടിട്ടും ഒളിംപിക് മെഡല്‍ ജേതാവായ സുശീല്‍ കുമാറിനെ പിടിക്കാൻ ദില്ലി പൊലീസിന് കഴിഞ്ഞിട്ടില്ല. സുശീൽ കുമാർ ഹരിദ്വാറിലേക്ക് കടന്നുവെന്ന പൊലീസിന്‍റെ ആദ്യ നിഗമനങ്ങൾ ശരിവെക്കുന്നതാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. ഹരിദ്വാറിലെ ഒരു പ്രമുഖ യോഗാ ഗുരുവിന്‍റെ ആശ്രമത്തിൽ ഒളിവിൽ കഴിയുകയാണെന്നാണ് ഒടുവിൽ ലഭിക്കുന്ന സൂചന.
മേയ് നാലിന് ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെയാണ് ഇരുപത്തിമൂന്നുകാരനായ സാഗര്‍ റാണ കൊല്ലപ്പെടുന്നത്. സുശീൽ വാടകയ്ക്ക് നൽകിയിരുന്ന ഫ്ലാറ്റുകളിലൊന്ന് ഒഴിയുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് പ്രകോപനമെന്നും പൊലീസ് പറയുന്നു.
കൊലപാതകം, ഗൂഢാലോചന എന്നി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിന് പിന്നാലെ ഒളിവില്‍ പോയ സുശീലിനായി ദില്ലി, ഉത്തരാഖണ്ഡ്, ഹരിയാന സംസ്ഥാനങ്ങളിൽ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് സുശീൽ കുമാറിനെതിരെ ലുക്ക് ഔട്ട് നോട്ടീസും പൊലീസ് പുറത്തിറക്കിയത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona