ഗുസ്തി താരത്തിന്‍റെ കൊലപാതകം; സുശീല്‍ കുമാര്‍ കാറില്‍ സഞ്ചരിക്കുന്ന ചിത്രങ്ങള്‍ പുറത്ത്
മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുശീല്‍ ഒളിവില്‍ പോയിരിക്കുന്നത്.
ദില്ലി: ഗുസ്തി താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ദില്ലി പൊലീസ് തെരയുന്ന ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാര്‍ കാറില്‍ സഞ്ചരിക്കുന്ന ചിത്രം പുറത്ത്. ഉത്തര്‍പ്രദേശിലെ മീററ്റിലുള്ള ഒരു ടോള്‍പ്ലാസയില്‍ നിന്നുള്ളതാണ് കാറിന്‍റെ മുന്‍സീറ്റില്‍ സുശീല്‍ ഇരിക്കുന്ന ചിത്രം.സാഗറിന്‍റെ കൊലപാതകത്തിന് ഒരു ദിവസത്തിനു ശേഷം മെയ് ആറിന് പകര്‍ത്തിയതാണ് ചിത്രമെന്ന് പൊലീസ് വ്യക്തമാക്കി.
മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി ചാമ്പ്യന്‍ സാഗര്‍ കുമാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് സുശീല്‍ ഒളിവില്‍ പോയിരിക്കുന്നത്. ഈ മാസം നാലിനാണ് വാടക വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ നടന്ന കൈയാങ്കളിക്കിടെ ദില്ലി ഛത്രസാല്‍ സ്റ്റേഡിയത്തില്‍വെച്ച് സാഗര്‍ കൊല്ലപ്പെട്ടത്.
സംഭവത്തിനുശേഷം ഒളിവില്‍ പോയ സുശീൽ കുമാര്‍ ഹരിദ്വാറിലെ ഒരു ആശ്രമത്തിലുണ്ടെന്നായിരുന്നു നേരത്തെയുള്ള റിപ്പോര്‍ട്ടുകള്‍. അറസ്റ്റ് ഒഴിവാക്കാനായി സുശീല്‍കുമാര്‍ നല്‍കിയ മുൻകൂര്‍ ജാമ്യാപേക്ഷ ദില്ലി കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona