ഒറ്റയ്ക്ക് തിരുമാനിക്കുന്നു, പി ടി ഉഷ ഏകാധിപതി! ഒളിംപിക് അസോസിയേഷനിലെ കൂടുതല്‍ പേര്‍ ഉഷക്കെതിരെ രംഗത്ത്
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനിലെ തര്‍ക്കം രൂക്ഷമായതോടെ അസോസിയേഷനുള്ള സാമ്പത്തിക സഹായം അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി നിര്‍ത്തിവച്ചിരുന്നു.
ദില്ലി: പിടി ഉഷയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനിലെ (ഐ ഒ എ) കൂടുതല്‍ അംഗങ്ങള്‍ രംഗത്ത്. അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ നിര്‍ദേശമുണ്ടായിട്ടും അംഗങ്ങളെ കേള്‍ക്കാതെ ഐ ഒ എ പ്രസിഡന്റ് ഏകാധിപതിയായി പ്രവര്‍ത്തിച്ചുവെന്ന് റോവിങ് ഫെഡറേഷന്‍ അധ്യക്ഷ രാജലക്ഷ്മി സിംഗ് ദേവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റിയുടെ നടപടി മറികടക്കാന്‍ പരിഷ്‌കരണ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഉഷ പ്രതികരിച്ചു.
ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനിലെ തര്‍ക്കം രൂക്ഷമായതോടെ അസോസിയേഷനുള്ള സാമ്പത്തിക സഹായം അന്താരാഷ്ട്ര ഒളിംപിക് കമ്മറ്റി നിര്‍ത്തിവച്ചിരുന്നു. ഇത് മറികടക്കാന്‍ ശ്രമം തുടരുന്നതിനിടെയാണ് കൂടുതല്‍ സമിതി അംഗങ്ങള്‍ പി ടി ഉഷയ്‌ക്കെതിരെ ആരോപണവുമായി രംഗത്തെത്തുന്നത്. സ്ഥാനമേറ്റെടുത്തതിന് ശേഷം ഏകാധിപതിയായി പ്രവര്‍ത്തിക്കുന്ന ഉഷ ജനുവരി മുതല്‍ അംഗങ്ങളുടെ യോഗം വിളിച്ചിട്ടില്ല. ഒറ്റയ്ക്ക് എല്ലാ തീരുമാനങ്ങളുമെടുക്കുന്നു എന്നാണ് റോവിംഗ് ഫെഡറേഷന്‍ അദ്ധ്യക്ഷ രാജലക്ഷ്മി സിംഗ് ദേവ് ആരോപിക്കുന്നത്.
രഘുറാം അയ്യരെ 20 ലക്ഷം രൂപ ശമ്പളത്തില്‍ നിയമിച്ചത് സമിതിയുടെ അംഗീകാരമില്ലാതെയാണ്. അംഗങ്ങള്‍ക്കെതിരെ വ്യാജ അഴിമതി ആരോപണം ഉന്നയിക്കുന്നു. റിലയന്‍സിന് വഴിവിട്ട് സഹായം നല്‍കിയെന്ന സിഎജി കണ്ടെത്തല്‍ ഗൗരവമുള്ളതാണ്, ഇതിന് ഉഷ മറുപടി നല്‍കണം എന്നും രാജലക്ഷ്മി സിം?ഗ് ദേവ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഉഷയ്‌ക്കെതിരായ അവിശ്വാസ പ്രമേയം 25നുള്ള ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിക്കില്ലെന്നും, ചട്ടപ്രകാരം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കുമെന്നും രാജലക്ഷ്മി സിംഗ് പറയുന്നു.
രാജലക്ഷ്മി സിംഗിനെതിരായ സാമ്പത്തിക ക്രമക്കേട് പരാതിയും തുടര്‍ നടപടിയും 25 ന് നടക്കുന്ന യോഗത്തില്‍ ചര്‍ച്ചയ്‌ക്കെടുക്കാന്‍ ഉഷ പുറത്തിറക്കിയ അജണ്ടയില്‍ നിര്‍ദ്ദേശമുണ്ട്. ഐഒസി സാമ്പത്തിക സഹായം നിര്‍ത്തലാക്കിയത് തനിക്കെതിരെ ആരോപണം ഉന്നയിച്ച ട്രഷറര്‍ സഹദേവ് യാദവ് വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ട് നല്‍കാത്തതിനാലാണെന്നും ഉഷ പറയുന്നു. ധനസഹായം തിരികെ കിട്ടാന്‍ പരിഷ്‌കരണ നടപടികളോട് അംഗങ്ങള്‍ സഹകരിക്കണമെന്നും ഉഷ ആവശ്യപ്പെട്ടിട്ടുണ്ട്.