വെള്ളി നേട്ടത്തിന് പിന്നില്‍ പ്രയാസങ്ങള്‍ ഏറെയായിരുന്നു; വന്നവഴി പങ്കുവച്ച് ചാനു
നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം താരം ടോക്യോയില്‍ വെള്ളി നേടി. 2016 ഒളിംപിക്‌സിന് ശേഷം ടെക്‌നിക്കല്‍ നടത്തിയ മാറ്റങ്ങളാണ് ചാനുവിന് വെള്ളി നല്‍കിയത്.
തിരുവനന്തപുരം: നാല് വര്‍ഷം മുമ്പ് റിയോ ഒളിംപിക്‌സില്‍ വനിതകളുടെ ഭാരോദ്വഹനത്തില്‍ പ്രതിഭയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ മീരാഭായ് ചാനുവിന് കഴിഞ്ഞിരുന്നില്ല. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ മൂന്ന് ശ്രമങ്ങളിലും താരം പരാജയപ്പെട്ടു. അന്ന് താരത്തിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്. നിരാശപ്പെടുത്തുന്ന പ്രകടനത്തിന് ശേഷം താരം ടോക്യോയില്‍ വെള്ളി നേടി. 2016 ഒളിംപിക്‌സിന് ശേഷം ടെക്‌നിക്കല്‍ നടത്തിയ മാറ്റങ്ങളാണ് ചാനുവിന് വെള്ളി നല്‍കിയത്. കൂടാതെ അമേരിക്കയിലെ പരിശീലനവും ഗുണം ചെയ്തുവെന്ന് ചാനു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ഒരു ഒളിംപിക് മെഡല്‍ സ്വപ്‌നമായിരുന്നു എന്ന് പറഞ്ഞാണ് ചാനു തുടങ്ങിയത്. ''സ്നാച്ച് കഴിഞ്ഞപ്പോഴേക്കും വെള്ളി ഉറപ്പിച്ചിരുന്നു. സ്വര്‍ണം നേടാനാണ് പിന്നീടുള്ള ശ്രമം. എന്നാല്‍ ക്ലീന്‍ ആന്‍ഡ് ജെര്‍ക്ക് പ്രതീക്ഷിച്ചത്ര നന്നായില്ല. അതോടെ സ്വര്‍ണം നേടാമെന്ന മോഹം പൊലിഞ്ഞു. വെള്ളിയിലും വളരെയധികം സന്തോഷമുണ്ട്. അടുത്ത ഗെയിംസില്‍ സ്വര്‍ണമാണ് ലക്ഷ്യം. റിയോയിലെ പരാജയത്തിന് ശേഷം വലിയ മാറ്റങ്ങള്‍ വരുത്തി. പരിശീലനത്തിലും, ടെക്‌നിക്കുകളിലും മാറ്റം വരുത്തി. പോരാത്തതിന് അമേരിക്കയില്‍ നടത്തിയ പരിശീലനം ഏറെ ഗുണം ചെയ്തു. ഒരിക്കല്‍ പട്യാലയില്‍ വെച്ച് കര്‍ണം മല്ലേശ്വരിയെ കണ്ടത് ഏറെ പ്രചോദനം നല്‍കിയിരുന്നു.'' ചാനു പറഞ്ഞു.
തുടക്കകാലത്ത് നേരിട്ട പ്രയാസങ്ങളെ കുറിച്ചും ചാനു വാചാലയായി. ''ആദ്യം അമ്പെയ്ത്തില്‍ ആയിരുന്നു എനിക്ക് താല്‍പര്യം. പിന്നീട് ഒരിക്കല്‍ വെയ്റ്റ് ലിഫ്റ്റിംഗിന്റെ ട്രെയിനിങ് കണ്ട് ഇഷ്ടപ്പെട്ട് അതില്‍ പരിശീലനം തുടങ്ങുകയായിരുന്നു. ഗ്രാമത്തില്‍ നിന്ന് പരിശീലനത്തിന് കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടി പോവണമായിരുന്നു. വലിയ പ്രയാസങ്ങള്‍ അന്നുണ്ടായിരുന്നു.'' ചാനു വ്യക്തമാക്കി.
പ്രധാനന്ത്രി നരേന്ദ്ര മോദി നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചപ്പോള്‍ അളവില്ലാത്ത സന്തോഷം തോന്നിയെന്നും ചാനു പറഞ്ഞു. ''വീട്ടിലുള്ളവര്‍ മത്സരം നടന്ന അന്ന് രാവിലെ മുതല്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ്. ഒരുപാട് സന്തോഷം തോന്നുന്നു. ഏറ്റവും സന്തോഷം തോന്നിയത് പ്രധാനമന്ത്രി നേരിട്ട് വിളിച്ച് അഭിനന്ദിച്ചപ്പോഴാണ്. സ്വപ്നമാണ് എന്നുപോലും തോന്നി.'' ചാനു പറഞ്ഞുനിര്‍ത്തി.