ടോക്യോയിലെ വെള്ളിത്തിളക്കത്തിലും തന്നെ സഹായിച്ച പഴയ ട്രക്ക് ഡ്രൈവര്‍മാരെ മറക്കാതെ മിരാബായ് ചാനു

കരിയറിന്‍റെ തുടക്കത്തില്‍ പുഴ മണലുമായി പോകുന്ന ട്രക്കില്‍ കയറിയാണ് ചാനു തന്‍റെ ഗ്രാമമായ നോങ്പോക്ക് കാക്‌ചിങില്‍ നിന്ന് 25 കിലോ മീറ്റര്‍ അകലെയുള്ള ഇംഫാലിലെ ഖുമാന്‍ ലാംപക് സ്പോര്‍ട്സ് കോംപ്ലെക്സിലേക്ക് ദിവസവും പരിശീലനത്തിനായി എത്തിയിരുന്നത്.

Mirabai Chanu felicitate truck drivers who helped her during budding days as wrestler

ഇംഫാല്‍: ടോക്യോ ഒളിംപിക്സിന്‍റെ ആദ്യ ദിനം തന്നെ ഇന്ത്യയെ മെഡല്‍പ്പട്ടികയില്‍ എത്തിച്ച് രാജ്യത്തിന്‍റെ അഭിമാനമായത് മിരാബായ് ചാനുവാണ്. ഭാരദ്വോഹനത്തില്‍ വെള്ളി നേടിയ ചാനു രാജ്യത്ത് തിരിച്ചെത്തിയശേഷം അഭിനന്ദനങ്ങളും അനുമോദനങ്ങളും ഏറ്റുവാങ്ങുമ്പോഴും തന്‍റെ കരിയറിന്‍റെ തുടക്കത്തില്‍ ഏറെ സഹായിച്ച ട്രക്ക് ഡ്രൈവര്‍മാരെ മറന്നില്ല.

ടോക്യോയില്‍ നിന്ന് മെഡലുമായി മടങ്ങിയെത്തിയശേഷം തന്നെ പണ്ട് സഹായിച്ച ട്രക്ക് ഡ്രൈവര്‍മാരെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു ചാനു. കരിയറിന്‍റെ തുടക്കത്തില്‍ പുഴ മണലുമായി പോകുന്ന ട്രക്കില്‍ കയറിയാണ് ചാനു തന്‍റെ ഗ്രാമമായ നോങ്പോക്ക് കാക്‌ചിങില്‍ നിന്ന് 25 കിലോ മീറ്റര്‍ അകലെയുള്ള ഇംഫാലിലെ ഖുമാന്‍ ലാംപക് സ്പോര്‍ട്സ് കോംപ്ലെക്സിലേക്ക് ദിവസവും പരിശീലനത്തിനായി എത്തിയിരുന്നത്. മിരാബായിയുടെയും കുടുംബത്തിന്‍റെയും സാമ്പത്തിക സ്ഥിതി അറിയാമായിരുന്ന ട്രക്ക് ഡ്രൈവര്‍മാര്‍ സൗജന്യമായാണ് ചാവനുവിനെ ദിവസും ഇംഫാലിലെത്തിച്ചിരുന്നത്.

ഒടുവില്‍ അന്ന് തന്നെ സൗജന്യമായി കൊണ്ടുോപോയ ട്രക്ക് ഡ്രൈവര്‍മാരെയെല്ലാം കണ്ടെത്തിയ ചാനുവും കുടുംബവും അവരെയെല്ലാം വീട്ടിലേക്ക് വിളിച്ചുവരുത്തി ആദരിച്ചു. അവര്‍ക്ക് സമ്മാനങ്ങളും നല്‍കി. ടോക്യോയില്‍ നിന്ന് മെഡല്‍ നേടി ഇന്ത്യയിലെത്തിയശേഷം തന്നെ പണ്ട് സഹായിച്ച ട്രക്ക് ഡ്രൈവര്‍മാരുടെ കാര്യം ചാനു എടുത്തു പറഞ്ഞിരുന്നു.

നോങ്പോക്ക് കാക്‌ചിങില്‍ ചായക്കട നടത്തുകയായിരുന്നു മിരാബായ് ചാനുവിന്‍റെ അമ്മ സായ്ഖോം ഓങ്ബി ടോംബി ദേവി. ചായക്കടയില്‍ ചായകുടിക്കാനായി ഡ്രൈവര്‍മാര്‍ ട്രക്കുകള്‍ നിര്‍ത്തുക പതിവായിരുന്നു. അങ്ങനെയാണ് മിരാബായിയും അവരുടെ സഹയാത്രികരായത്. ഒരു ഒളിംപിക്സില്‍  പോഡിയത്തില്‍ നില്‍ക്കുന്ന ഒരു താരത്തിന് പിന്നില്‍ എത്രപേരുടെ പിന്തുണയുണ്ടെന്നതിന്‍റെ ഉദാഹരണം കൂടിയാണ് ചാനുവിന്‍റെ വിജയയയാത്ര.

Latest Videos
Follow Us:
Download App:
  • android
  • ios