കൊവിഡ്: ഇന്ത്യന്‍ വനിതാ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ നിര്‍മൽ കൗര്‍ അന്തരിച്ചു
കൊവിഡ് ബാധിതനായി ഐസിയുവിലുള്ള മിൽഖാ സിംഗിന്, നിർമൽ കൗറിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനായില്ല. ഗോള്‍ഫ് താരം ജീവ് മിൽഖാ സിംഗ് അടക്കം നാല് മക്കളുണ്ട്.
ദില്ലി: ഇന്ത്യന്‍ വനിതാ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റന്‍ നിര്‍മ്മൽ കൗര്‍ അന്തരിച്ചു.പഞ്ചാബിലെ മൊഹാലിയിൽ 85ആം വയസ്സിലാണ് അന്ത്യം. മൂന്നാഴ്ചയോളമായി കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകിട്ട് നാലു മണിയോടെയായിരുന്നു അന്ത്യം. ഇന്ത്യയുടെ ഇതിഹാസ അത്‍ലറ്റ് മിൽഖാ സിംഗിന്‍റെ ഭാര്യയാണ്.
കൊവിഡ് ബാധിതനായി ഐസിയുവിലുള്ള മിൽഖാ സിംഗിന്, നിർമൽ കൗറിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാനായില്ല. ഗോള്‍ഫ് താരം ജീവ് മിൽഖാ സിംഗ് അടക്കം നാല് മക്കളുണ്ട്. 1960കളിലാണ് മിൽഖയും നിർമൽ കൗറും തമ്മിലുള്ള പ്രണയം മൊട്ടിടുന്നത്.
ഇപ്പോൾ പാക്കിസ്ഥാനിലുള്ള ഷെയ്ഖ്പുരയിൽ 1938ൽ ജനിച്ച നിർമൽ പഞ്ചാബ് വോളിബോൾ ടീം ക്യാപ്റ്റനായിരുന്നു. 1955ൽ ഇന്ത്യയെ പ്രതിനീധീകരിച്ച് സിലോണിൽ (ഇന്നത്തെ ശ്രീലങ്ക) നടന്ന ടൂർണമെന്റിൽ കളിച്ച നിർമൽ അവിടെവെച്ചാണ് ആദ്യമായി മിൽഖയെ കാണുന്നത്. 1955ലെ ഇന്ത്യൻ വനിതാ വോളി ടീമിന്റെ റഷ്യൻ പര്യടനത്തിലാണ് നിർമൽ ആദ്യമായി ഇന്ത്യൻ ക്യാപ്റ്റനായത്.
പിന്നീട് ഇരുവരുടെയും സൗഹൃദം വളർന്നു. 1960-61ൽ മിൽഖാ സിംഗ് പഞ്ചാബ് അഡ്മ്നിസ്ട്രേഷനിൽ ചണ്ഡിഗഡ് സ്പോർട്സ് ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്ററായി നിയമിതനായപ്പോൾ നിർമൽ ആയിരുന്നു വനിതാ വിഭാഗം സ്പോർസ് ഡയറക്ടർ. 1962ലാണ് മിൽഖാ സിംഗ് നിർമൽ കൗറിനെ വിവാഹം കഴിച്ചത്.
പഞ്ചാബിനായും രാജ്യത്തിനായും വോളിബോൾ കളിക്കാനിറങ്ങുമ്പോൽ ഷോർട്സ് ധരിക്കാതെ സൽവാർ കമ്മീസ് ധരിച്ചായിരുന്നു നിർമൽ കളിച്ചിരുന്നത്. ചണ്ഡീഗഡിലെ കായിക താരങ്ങൾക്കായി അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിൽ നിർണായ സംഭാവന നൽകിയിട്ടുള്ള നിർമൽ കൗർ 1990ലാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചത്. വിരമിച്ചശേഷം ചണ്ഡീഗഡ് വോളിബോൾ അസോസിയേഷന്റെ മുഖ്യരക്ഷാധികാരിയായി തുടരുകയായിരുന്നു നിർമൽ കൗർ.