'സൗമ്യദീപ് റോയിക്കെതിരെ മാസങ്ങള്‍ക്ക് മുമ്പ് പരാതി നല്‍കി'; ഫെഡറേഷന്‍റെ വാദം തള്ളി മണിക
പരാതി നൽകിയില്ലെന്ന ടേബിൾ ടെന്നിസ് ഫെഡറേഷൻ സെക്രട്ടറി അരുൺ ബാനർജിയുടെ പരാമർശം വന്നതോടെ വീണ്ടും പ്രതികരണവുമായി താരം
ദില്ലി: ഇന്ത്യൻ മുഖ്യപരിശീലകന്‍ സൗമ്യദീപ് റോയിക്കെതിരെ മണിക ബത്ര പരാതി നൽകിയിട്ടില്ലെന്ന ടേബിൾ ടെന്നിസ് ഫെഡറേഷന്‍റെ വാദം തള്ളി താരം രംഗത്ത്. മാസങ്ങൾക്ക് മുൻപ് പരാതി നൽകിയിരുന്നെന്ന് മണിക ബത്ര ആവർത്തിച്ചു. ഒളിംപിക്‌സ് യോഗ്യതാറൗണ്ടിൽ മത്സരം തോറ്റ് കൊടുക്കാൻ സൗമ്യദീപ് റോയി തന്നോട് ആവശ്യപ്പെട്ടുവെന്നും ഇതുകൊണ്ടാണ് ടോക്കിയോയിൽ ഇന്ത്യൻ കോച്ചിന്റെ സേവനം തേടാതിരുന്നതെന്നും ഫെഡറേഷന്‍ നൽകിയ നോട്ടീസിന് മണിക ബത്ര കഴിഞ്ഞ ദിവസം മറുപടി നൽകിയിരുന്നു.
എന്നാൽ പരാതി നൽകിയില്ലെന്ന ഇന്ത്യന്‍ ടേബിൾ ടെന്നിസ് ഫെഡറേഷൻ സെക്രട്ടറി അരുൺ ബാനർജിയുടെ പരാമർശം വന്നതോടെയാണ് വീണ്ടും പ്രതികരണവുമായി താരം രംഗത്തെത്തിയത്.
ടോക്കിയോയിൽ കോച്ചിനോട് അപമര്യാദയായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യൻ ടേബിൾ ടെന്നിസ് ഫെഡറേഷൻ നൽകിയ കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടിയിലാണ് മണിക ബത്ര സൗമ്യദീപ് റോയിക്കെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. മാർച്ചിൽ ദോഹയിൽ നടന്ന മത്സരത്തിൽ സൗമ്യദീപ് റോയി പരിശീലിപ്പിക്കുന്ന താരത്തിന് ഒളിംപിക്‌സ് യോഗ്യത നേടാനായി തന്നോട് തോറ്റുകൊടുക്കാൻ ആവശ്യപ്പെട്ടുവെന്നായിരുന്നു മണിക ബത്രയുടെ വെളിപ്പെടുത്തൽ.
ടോക്കിയോ ഒളിംപിക്‌സിൽ മുഖ്യപരിശീലകന്‍ സൗമ്യദീപ് റോയിയുടെ സേവനം മണിക നിരസിച്ചത് വലിയ വിവാദമായിരുന്നു. സ്വന്തം കോച്ചിനെ ടോക്കിയോയിലേക്കുള്ള സംഘത്തിൽ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് മുഖ്യപരിശീലകൻറെ സേവനം മണിക അവഗണിച്ചത് എന്നായിരുന്നു അന്ന് റിപ്പോര്‍ട്ടുകള്‍. അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ റോയിയോടുള്ള ഈ സമീപനം അംഗീകരിക്കാനാവില്ലെന്ന് ഫെഡറേഷൻ നേരത്തെ വ്യക്തമാക്കിയിരുന്നു.
'ഒളിംപിക്‌സ് യോഗ്യതാറൗണ്ടിൽ തോറ്റ് കൊടുക്കാൻ ആവശ്യപ്പെട്ടു'; പരിശീലകനെതിരെ മണിക ബത്രയുടെ ആരോപണം
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona