മലേഷ്യ ഓപ്പൺ: ഇന്ത്യക്ക് നിരാശ, സിന്ധുവും പ്രണോയിയും പുറത്ത്
രണ്ടാം സീഡും ടോക്കിയോ ഒളിംപിക്സിലെ വെള്ളി മെഡല്‍ ജേതാവുമായി തായ് സുവിനോട് കടുത്ത പോരാട്ടത്തിനൊടുവിലാണ് സിന്ധു അടിയറവ് പറഞ്ഞത്. ആദ്യ ഗെയിമില്‍ 2-5ന് തുടക്കത്തില്‍ പിന്നിലായിപ്പോയെങ്കിലും പിന്നീട് തുടര്‍ച്ചയായി 11 പോയന്‍റുകള്‍ നേടി ശക്തമായി തിരിച്ചടിച്ച സിന്ധു ഗെയിം നേടി പ്രതീക്ഷ നല്‍കിയിരുന്നു
ക്വാലാലംപൂര്‍: മലേഷ്യ ഓപ്പൺ ബാഡ്മിന്‍റണിൽ ഇന്ത്യക്ക് നിരാശയുടെ ദിനം. ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന പി.വി.സിന്ധുവും മലയാളി താരം എച്ച് എസ് പ്രണോയിയും ക്വാർട്ടറിൽ പുറത്തായി. വനിതാ സിംഗിള്‍സില്‍ രണ്ടാം സീഡായ തായ്‌വാൻ താരം തായ് സു യിങ്ങിനോട് മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിലാണ് ഏഴാം സീഡായ സിന്ധു തോറ്റത്. സ്കോർ 21-13, 15-21,13-21.
രണ്ടാം സീഡും ടോക്കിയോ ഒളിംപിക്സിലെ വെള്ളി മെഡല്‍ ജേതാവുമായി തായ് സുവിനോട് കടുത്ത പോരാട്ടത്തിനൊടുവിലാണ് സിന്ധു അടിയറവ് പറഞ്ഞത്. ആദ്യ ഗെയിമില്‍ 2-5ന് തുടക്കത്തില്‍ പിന്നിലായിപ്പോയെങ്കിലും പിന്നീട് തുടര്‍ച്ചയായി 11 പോയന്‍റുകള്‍ നേടി ശക്തമായി തിരിച്ചടിച്ച സിന്ധു ഗെയിം നേടി പ്രതീക്ഷ നല്‍കിയിരുന്നു. രണ്ടാം ഗെയിമിലും നല്ല തുടക്കമിട്ടെങ്കിലും തിരിച്ചുവന്ന തായ് സു 11-3ന്‍റെ ലീഡെടുത്ത് മുന്നേറി. 14-3ന് തായ് സു ലീഡെടുത്തശേഷം ശക്തമായി തിരിച്ചുവന്ന സിന്ധു 17-15ല്‍ എത്തിച്ചെങ്കിലും തായ് സു 21-5ന് ഗെയിം സ്വന്തമാക്കി. മൂന്നാം ഗെയിമിലും തുടക്കത്തില്‍ ഒപ്പത്തിനൊപ്പമുള്ള പോരാട്ടം കണ്ടെങ്കിലും പിന്നീട് തായ് സു ആധിപത്യം വീണ്ടെടുത്ത് ഗെയിമും മത്സരവും സ്വന്തമാക്കി.
ഇന്നത്തെ ജയത്തോടെ സിന്ധുവിനെതിരായ നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ ആധിപത്യം തുടരാനും തായ് സുവിനായി. ഇരുവരും തമ്മിലുള്ള നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ തായ് സു 16 മത്സരങ്ങള്‍ ജയിച്ചപ്പോള്‍ സിന്ധുവിന് അഞ്ച് മത്സരങ്ങളിലെ ജയിക്കാനായുള്ളു. തായ് സു വിനെതിരെ സിന്ധുവിന്‍റെ തുടര്‍ച്ചയായ ആറാം തോല്‍വിയാണിത്.
പുരുഷ സിംഗിള്‍സില്‍ മലയാളി താരം എച്ച്.എസ്.പ്രണോയ്ക്കും ക്വാർട്ടറിൽ അടിതെറ്റി. ഏഴാം സീഡായ ജൊനാഥൻ ക്രിസ്റ്റിയോട് നേരിട്ടുള്ള ഗെയിമുകളിലാണ് പ്രണോയ് അടിയറവ് പറഞ്ഞത്. സ്കോര്‍ 18-21 16-21. ഇരുവരും പുറത്തായതോടെ ടൂര്‍ണമെന്‍റിലെ ഇന്ത്യന്‍ പോരാട്ടം അവസാനിച്ചു. അടുത്ത ആഴ്ച നടക്കുന്ന മലേഷ്യാ മാസ്റ്റേഴ്സിലാവും ഇനി ഇരുവരും മത്സരിക്കുക.