മലേഷ്യൻ ഓപ്പൺ മാറ്റി; സൈനയുടെയും ശ്രീകാന്തിന്‍റെയും ഒളിംപിക് യോഗ്യത ത്രിശങ്കുവില്‍
സൈന നെഹ്‌വാള്‍, കിഡംബി ശ്രീകാന്ത്, വനിതാ ഡബിള്‍സ് താരങ്ങളായ എന്‍ സിക്കി റെഡ്ഡി, അശ്വിനി പൊന്നപ്പ എന്നിവരാണ് ഇനി ഒളിംപിക്സിന് യോഗ്യത നേടാനുള്ളത്.
ക്വാലാലംപൂര്‍: ടോക്യോ ഒളിംപിക്സ് യോഗ്യതയ്ക്കായി ശ്രമിക്കുന്ന ഇന്ത്യൻ ബാഡ്മിന്‍റൺ താരങ്ങൾക്ക് തിരിച്ചടി. ഒളിംപിക്സിന് മുൻപുള്ള രണ്ട് യോഗ്യതാ ടൂർണമെന്‍റുകളിൽ ഒന്നായ മലേഷ്യൻ ഓപ്പൺ മാറ്റിവച്ചു. മലേഷ്യയിൽ കൊവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ഈമാസം 25 മുതൽ 30വരെയാണ് ടൂർണമെന്‍റ് നടക്കേണ്ടിയിരുന്നത്. ജൂൺ ഒന്നിന് തുടങ്ങുന്ന സിംഗപ്പൂർ ഓപ്പണിലാണ് ഇനി ഇന്ത്യൻ താരങ്ങളുടെ പ്രതീക്ഷ. പക്ഷേ, ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലേക്ക് യാത്രാവിലക്കുള്ളതിനാൽ താരങ്ങൾക്ക് ടൂർണമെന്‍റിൽ പങ്കെടുക്കാൻ കഴിയുമോ എന്ന് ഉറപ്പില്ല.
സൈന നെഹ്‌വാള്‍, കിഡംബി ശ്രീകാന്ത്, വനിതാ ഡബിള്‍സ് താരങ്ങളായ എന്‍ സിക്കി റെഡ്ഡി, അശ്വിനി പൊന്നപ്പ എന്നിവരാണ് ഇനി ഒളിംപിക്സിന് യോഗ്യത നേടാനുള്ളത്. സിംഗപ്പൂരില്‍ പ്രവേശിക്കണമെങ്കില്‍ ഇന്ത്യയല്ലാതെ മറ്റേതെങ്കിലും രാജ്യത്ത് 14 ദിവസത്തെ ക്വാറന്‍റീനും സിംഗപ്പൂരിലെത്തിയശേഷം 21 ദിവസത്തെ ക്വാറന്‍റീനുമാണ് നിര്‍ദേശിച്ചിരിക്കുന്നത് എന്നതിനാല്‍ സിംഗപ്പൂര്‍ ഓപ്പണിലും ഇന്ത്യന്‍ താരങ്ങള്‍ക്ക് നിലവിലെ സാഹചര്യത്തില്‍ പങ്കെടുക്കാനാവില്ല.
പി.വി.സിന്ധു, സായ് പ്രണീത്, ചിരാഗ് ഷെട്ടി, സാത്വിക് സായിരാജ് എന്നിവരാണ് ടോക്യോ ഒളിംപിക്സിന് ഇതുവരെ യോഗ്യത നേടിയ ഇന്ത്യൻ താരങ്ങൾ.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona